DCBOOKS
Malayalam News Literature Website

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ ആറാം പതിപ്പില്‍

എഴുത്തുകാരി  കെ.ആര്‍ മീരയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്
 ‘ഭഗവാന്റെ മരണം’. ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്.

“അന്ന് അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച് പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങൾക്കിടയിൽ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷേ, തോക്കു കണ്ടതായിപ്പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു. ‘മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം’- അദ്ദേഹം പറഞ്ഞു. “ജാതിയില്‍ താഴ്ന്നവരുടെയും പണിയില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളു. നീ ഒരു ദലിതയെ വിവാഹം കഴിച്ചാല്‍ നിന്റെ മതം അവളുടെ രക്തംകുടിക്കും. അതല്ല, ബ്രാഹ്മിണിയെ കഴിച്ചാല്‍ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാന്‍. ഇന്നു ഞാന്‍, നാളെ നീ, കൂടാലസംഗമദേവാ!”

പുസ്തകങ്ങളുടെ ലോകത്ത് ജീവിച്ച് മതാധികാരത്തിനെതിരെ പ്രസംഗിച്ച പ്രൊഫസര്‍.ഭഗവാന്റെ കഥ പറയുന്ന ഈ രചന ഒരു കാലഘട്ടത്തിന്റെ നേര്‍ചിത്രമാണ് വായനക്കാരന് മുന്നില്‍ തുറന്നിടുന്നത്.

ആണ്‍പ്രേതം, ‘ഭഗവാന്റെ മരണം’, സെപ്റ്റംബര്‍ മുപ്പത്, സ്വച്ഛഭാരതി, സംഘിയണ്ണന്‍, മാധ്യമധര്‍മ്മന്‍ എന്നീ ആറു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ് എല്ലാ കഥകളും എന്നതാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത. ഈ കഥ  കെ.എസ് ഭഗവാന്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ജെ. ദേവിക ഇംഗ്ലീഷിലേക്കു മൊഴിമാറ്റി കാരവന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭഗവാന്റെ മരണം ആറാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.