DCBOOKS
Malayalam News Literature Website

ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെമുതല്‍ മാറ്റം

ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നവംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല. സ്‌റ്റോപ്പുകളിലും മാറ്റം വരുത്തിയിട്ടില്ല. തിരുവനന്തപുരം ഡിവിഷനില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് പുതുതായി പ്രഖ്യാപിച്ചത്. 16355, 16356 കൊച്ചുവേളി മംഗളൂരു ജങ്ഷന്‍ അന്ത്യോദയ ട്രെയിനാണ് പുതിയ സര്‍വീസ്.

വേഗം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ട്രെയിനുകളുടെ സമയക്രമത്തില്‍ അഞ്ച്, പത്ത് മിനിറ്റിന്റെ വ്യത്യാസം വന്നിട്ടുണ്ട്. രാവിലെ 9.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടാറുള്ള നേത്രാവതി എക്‌സ്പ്രസ് ഇനി 9.45ന് പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെടാറുള്ള തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസ് 4.55 ന് പുറപ്പെടും. വൈകിട്ട് 3.35ന് പുറപ്പെടാറുള്ള തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് 4.45നാണ് ഇനി മുതല്‍ പുറപ്പെടുക. രാവിലെ 6.10ന് പുറപ്പെടാറുള്ള കോര്‍ബ എക്‌സ്പ്രസ് അഞ്ചു മിനിറ്റ് വൈകി 6.15 ന് പുറപ്പെടും.

ഏതാനും ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുമുണ്ട്. തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസ്സ് പൊള്ളാച്ചി, പഴനി വഴി മധുര വരെ നീട്ടി. ചെന്നൈ എഗ്മോര്‍ തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തേക്കും നീട്ടി. കണ്ണൂര്‍ എറണാകുളം ദൈ്വവാര ട്രെയിന്‍ ആലപ്പുഴ വരെ നീട്ടി. ആഴ്ചയില്‍ രണ്ടുദിവസം കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കും ആഴ്ചയില്‍ അഞ്ചുദിവസം എറണാകുളത്തു നിന്ന് കണ്ണൂരേക്കുമാണ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ബുധനാഴ്ച മുതല്‍ ഏഴുദിവസവും കണ്ണൂരില്‍നിന്ന് ആലപ്പുഴ വരെ സര്‍വീസ് നടത്തും.

Comments are closed.