DCBOOKS
Malayalam News Literature Website

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 53-ാം പതിപ്പില്‍

പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന ലെസ്ലീ സായിപ്പ് കുറമ്പിയമ്മയുടെ വീട്ടുവാതില്‍ക്കല്‍ കൂടി കുതിരവണ്ടിയില്‍ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിര്‍ത്തി കുറമ്പിയോട് പൊടിവാങ്ങി വലിച്ചു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലില്‍ പലവട്ടം ആവര്‍ത്തിക്കപ്പെടുന്ന സായിപ്പിന്റെ അഭ്യര്‍ത്ഥനയും കുറമ്പിയുടെ മറുപടിയും ഇങ്ങനെയായിരുന്നു ;

“കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?
അതിനെന്താ സായിപ്പേ? അതൊന്നു ചോദിക്കാനുണ്ടോ?

സായിപ്പിന് പൊടി നല്‍കാന്‍ കഴിയുന്നതില്‍ കുറമ്പിയമ്മ അഭിമാനം കൊള്ളുകയും അയാളുടെ അഭ്യര്‍ത്ഥന കാത്തിരിക്കുകയും ചെയ്തു…”

മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മ നാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാന്‍സിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയില്‍ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.’ – പുസ്തകത്തില്‍ പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

മയ്യഴിയില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന് മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തന്‍ മാസ്റ്ററുടെ സ്വാധീനത്തില്‍ ദാസന്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ നടന്ന വിമോചന സമരം പരാജയപ്പെട്ടപ്പോള്‍ ഒളിവില്‍ പോയ ദാസന് പിന്നീട് പന്ത്രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടി വന്നു. 1954-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ മയ്യഴി വിട്ടതോടെ ദാസന്‍ ജയില്‍ മോചിതനായി. മറ്റൊരു വിവാഹമുറപ്പിക്കുന്നതിനെ തുടര്‍ന്ന്, ദാസന്റെ കാമുകി ചന്ദ്രിക അപ്രത്യക്ഷയായി. ദാസനും അവളുടെ പാത പിന്തുടരുന്നു.ദാസനും ചന്ദ്രിയും കടലിനു നടുവില്‍ വെള്ളിയാങ്കല്ലുകല്‍ക്കു മുകളിലെ തുമ്പികളായി മാറുകയാണ്‌.

ഒരു ദേശത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന്‍ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ 53-ാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. എം.പി.പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും നേടിയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് വിവര്‍ത്തനം ‘ഓണ്‍ ദി ബാങ്ക്‌സ് ഓഫ് ദ് മയ്യഴി‘ എന്ന പേരില്‍ 2014-ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.