DCBOOKS
Malayalam News Literature Website

2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നിര്‍വ്വചിക്കുമ്പോള്‍…

2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജീവന്‍ ജോബ് തോമസ് എഴുതിയ ലേഖനം

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ സമയത്തുതന്നെ ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ഫ് എക്‌സല്‍ അവതരിപ്പിച്ച ഒരു പരസ്യം ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. നിസ്‌കാരത്തിനായി പള്ളിയില്‍ പോകാനിറങ്ങുന്ന ഒരു മുസ്‌ലിം ബാലകന്റെ വസ്ത്രത്തില്‍ ഹോളി ആഘോഷിക്കുന്നവരുടെ ആവേശംകൊണ്ട് നിറക്കൂട്ടുകള്‍ പറ്റാതിരിക്കാന്‍ സഹായിക്കുന്ന അവന്റെ ഹിന്ദു കൂട്ടുകാരിയുടെ തന്ത്രമാണ് പരസ്യത്തിന്റെ പ്രധാന ആകര്‍ഷണം.ഹിന്ദുത്വശക്തികളില്‍നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടും പരസ്യം പിന്‍വലിക്കാന്‍ സര്‍ഫ് എക്‌സലിന്റെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവര്‍ തയ്യാറായില്ല. അത് പരസ്യം കൂടുതല്‍ വ്യാപകമായി ശ്രദ്ധിക്കപ്പെടാന്‍ കാരണമായി. ഈ വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ടകളെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന
ആഖ്യാനത്തെ ഈ പരസ്യത്തിന്റെ ജനകീയമാകലിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയും. ആ ആഖ്യാനം മതനിരപേക്ഷതയെ സംബന്ധിക്കുന്നതാണ്.

നമ്മുടെ സമൂഹം വിവിധ സമയങ്ങളില്‍ മതസൗഹാര്‍ദത്തെ ഒരു ആഖ്യാനം എന്ന നിലയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഹിന്ദു മുസ്ലിം വ്യക്തിത്വങ്ങള്‍ പരസ്പരം പുണരുന്നതിന്റെ ചിത്രങ്ങള്‍ പലപ്പോഴും ക്ലീഷേകളായി തോന്നുന്ന വിധത്തില്‍തന്നെ നമ്മുടെ ജനകീയ ആഖ്യാനങ്ങളില്‍ ഇടം പിടിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ കുറെ കാലത്തെ രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളില്‍ മതസൗഹാര്‍ദ്ദം എന്ന ആഖ്യാനം അപ്രത്യക്ഷമായി നില്ക്കുകയായിരുന്നു എന്ന് കാണാം. പകരം ദേശസ്‌നേഹത്തിന്റെ ആഖ്യാനം കരുത്താര്‍ജിച്ചു നിന്നിരുന്നു. അഞ്ചുവര്‍ഷം മുമ്പ് നരേന്ദ്രമോദി അധികാരത്തിലേക്കു ചുവടു വയ്ക്കുമ്പോള്‍ ഒരു വലിയ വിഭാഗം ഇന്ത്യന്‍ ജനസാമാന്യത്തെ ദേശസ്‌നേഹത്തിന്റെ വാഴ്ത്തലുകളും മതനിരപേക്ഷത കാപട്യമാണ് എന്ന വിലാപവും വല്ലാതെ ആവേശപ്പെടുത്തിയിരുന്നു. ഇന്നും ആ ആവേശങ്ങള്‍ക്കു കാര്യമായ കോട്ടം തട്ടിയിട്ടില്ല. ദേശസ്‌നേഹത്തിന്റെ ആഖ്യാനത്തിന് ഇന്നും മാര്‍ക്കറ്റ് കുറഞ്ഞിട്ടില്ല. തിയേറ്ററുകള്‍ മുഴുവന്‍ ഹിന്ദുത്വാധിഷ്ഠിത ദേശസ്‌നേഹം തുളുമ്പുന്ന ‘ഉറി’, ‘പരമാണു: സ്റ്റോറി ഒഫ് പൊഖ്‌റാന്‍’,’പി എം നരേന്ദ്ര മോദി’, ‘കേസരി’ ‘മണികര്‍ണ്ണിക’ തുടങ്ങിയ സിനിമകളുടെ കുത്തൊഴുക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ മതസൗഹാര്‍ദ്ദം മാര്‍ക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് കാണിക്കുന്നതാണ് സര്‍ഫ് എക്‌സലിന്റെ പരസ്യം. മതനിരപേക്ഷതയെ സംബന്ധിക്കുന്ന ഒരു പകരം ആഖ്യാനം വികസിച്ചുവന്ന് ജനങ്ങളില്‍ വ്യാപകമാകുന്നതിന്റെ പ്രതീക്ഷകള്‍ അത് തരുന്നു.

ഹോളി ആഘോഷത്തിന്റെ ഭാഗമായി സര്‍ഫ് എക്‌സല്‍ അവതരിപ്പിച്ച മതസൗഹാര്‍ദ്ദ പരസ്യത്തില്‍നിന്ന്

ഇന്ത്യ അതിന്റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ മുന്നില്‍നില്‍ക്കുമ്പോള്‍, രാഷ്ട്രീയ സംവിധാനങ്ങള്‍ ജനതയ്ക്കു മുന്നില്‍ വെക്കുന്ന പ്രശ്‌നങ്ങളെയും ആശയങ്ങളെയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരു തരത്തില്‍ നോക്കിയാല്‍ 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നിര്‍വചിക്കുന്ന രണ്ട് പ്രധാന ആഖ്യാനങ്ങള്‍ ദേശസ്‌നേഹവും മതനി രപേക്ഷതയുംതന്നെയാണ് എന്നു കാണാന്‍ കഴിയും. ആ രണ്ട് വ്യത്യസ്ത ആഖ്യാനങ്ങളെ വിരുദ്ധധ്രുവങ്ങളില്‍ നിര്‍ത്തിക്കൊണ്ട് ജനങ്ങളുടെ മനസ്സിലെ വികാരങ്ങളെ എങ്ങനെ സ്വാധീനിക്കാം എന്ന സാധ്യത ചികയലായി ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണാനാകും.

ജനങ്ങള്‍ വോട്ടു ചെയ്യുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് ഒരു ജനാധിപത്യത്തിലെ ഏറ്റവും പ്രായോഗികമായ രാഷ്ട്രീയ ചോദ്യം. വളരെ ലളിതമായ ഒരുത്തരം നമുക്കു തോന്നാവുന്നത്, മത്സരിക്കാന്‍ വരുന്ന എംപിയോ എമ്മെല്ലെയോ വഴി തന്റെ ജീവിതത്തിനെന്തു ഗുണമാണ് ഉണ്ടായത് എന്ന് ഒരു വോട്ടറും യുക്തിസഹമായി ചിന്തിക്കും എന്നാണ്. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെക്കുന്നത്. സാമ്പത്തികമായ പരിഷ്‌കാരങ്ങളെ സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ആണ് ഇതിന്റെ ആണിക്കല്ല്. എത്രമാത്രം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാകും എന്നോ ദരിദ്ര ജനവിഭാഗങ്ങള്‍ക്കു മുന്നേറാന്‍ തക്കവിധത്തില്‍ എത്രമാത്രം പദ്ധതികള്‍ നടപ്പിലാക്കാനാകും എന്നോ വന്‍മൂലധന നിക്ഷേപങ്ങളിലൂടെ നാടിന്റെ സൗകര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നോ ഒക്കെയുള്ള കാഴ്ചപ്പാടുകള്‍ ഈ മട്ടില്‍ നമുക്ക് മുന്നിലെത്തുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധരില്‍ ഒരാളായ മന്‍മോഹന്‍ സിങ് ഭരിച്ച പത്തു വര്‍ഷം ഉണ്ടായ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കാള്‍ വ്യത്യസ്തമായ സാമ്പത്തികക്രമങ്ങള്‍ ഇവിടെ വളര്‍ത്തിയെടുക്കാം എന്ന് ബിജെപി 2014-ല്‍ വാഗ്ദാനം ചെയ്തിരുന്നു. വിദേശ ബാങ്കുകളില്‍ കുമിഞ്ഞു കിടക്കുന്ന കള്ളപ്പണം ഇങ്ങോട്ട് തിരികെ കൊണ്ടു വന്ന് ജനങ്ങള്‍ക്കു വിതരണം ചെയ്യും എന്നുവരെയുള്ള ഭാവനാത്മകമായ കാഴ്ചപ്പാട് ബിജെപിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പക്ഷേ, ആ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു നോട്ട് നിരോധനംപോലെ സാമ്പത്തിക വിദഗ്ധര്‍പോലും വിഡ്ഢിത്തം എന്നു വിളിച്ച പരിപാടികളിലൂടെയായിരുന്നു. വന്‍ അഴിമതി ആരോപണങ്ങളുടെ മുന്നില്‍ സാമ്പത്തിക ശാസ്ത്രമപ്പാടെ പരാജയപ്പെട്ട യുപിഎ ഗവണ്മെന്റിനെ അതിലും വലിയ അഴിമതികളും കുത്തകകളുടെ ചങ്ങാത്തവും അവര്‍ക്കു വേണ്ടി മാത്രം നടത്തിയ സാമ്പത്തിക പരിപാടികളുംകൊണ്ട് എന്‍ഡിഎ സര്‍ക്കാരും അതേ മട്ടില്‍ പിന്തുടരുന്ന കാഴ്ചയാണ് യുക്തിപൂര്‍വം ചിന്തിക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത്. ഈ താരതമ്യത്തെ പക്ഷേ, ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത എങ്ങനെയാണു സമീപിക്കുന്നത് എന്നതാണ് നമുക്കു മുന്നിലുള്ള ചോദ്യം.

സൂക്ഷ്മമായ രാഷ്ട്രീയ സാമ്പത്തിക അവലോകനങ്ങളെ ജനത എങ്ങനെയാണ് ഉള്‍ക്കൊള്ളുക. ഓരോ വ്യക്തികളും അവരവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെപ്പോലും യുക്തിസഹമായ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നത് വളരെ വിരളമായിരിക്കും. പിന്നെയെങ്ങനെ തങ്ങളെ നേരിട്ട് സ്പര്‍ശിക്കാതെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന വിപുലമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ ആ വിധത്തില്‍ അവര്‍ സമീപിക്കും? ബഹുഭൂരിപക്ഷം പേര്‍ക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടെ ശരിതെറ്റുകളെ ആഴത്തില്‍ പരിശോധിച്ച് അതില്‍ ഒരു ഭാഗത്തിനൊപ്പം നിലപാടെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അപ്പോഴാണ് അവര്‍ രാഷ്ട്രീയ പാര്‍ട്ടി ഒറ്റവാക്കില്‍ അലങ്കാരപ്രയോഗംപോലെ അവതരിപ്പിക്കുന്ന ജനകീയ മുദ്രാവാക്യത്തെ ആശ്രയിക്കേണ്ടി വരുന്നത്. ‘അച്ചാ ദിന്‍ ആനേവാലാ ഹേ’, ‘എല്ലാം ശരിയാവും’ ‘ഗരീബീ ഹഠാവോ, ദേശ് ബചാവോ’ ‘ജയ് ജവാന്‍ ജയ് കിസാന്‍’ തുടങ്ങിയ വാചകങ്ങള്‍ ജനതയുടെ വൈകാരിക തലത്തെ സ്പര്‍ശിക്കുകയാണു ചെയ്യുന്നത്. ആ വാചകങ്ങളെ മുന്‍നിര്‍ത്തി ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ആഖ്യാനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇന്ത്യയില്‍ ഇലക്ഷന്‍ ജയിക്കാനു ള്ള ഏറ്റവും പ്രാഥമികമായ ഘടകം.

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മേല്‍ക്കൈ നേടുക എന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന ആഖ്യാനത്തില്‍ മേല്‍ക്കൈ നേടുക എന്നതാണ്. ആഖ്യാനത്തില്‍ മേല്‍ക്കൈ കിട്ടണം എങ്കില്‍ ജനങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും തങ്ങള്‍ക്കു കഴിയും വിധത്തില്‍ വഴിതിരിച്ചു വിടാനും കഴിയണം. പ്രചാരണരംഗത്ത് ജനക്കൂട്ടത്തിന്റെ വൈകാരിക നിയന്ത്രണം എങ്ങനെ സാധ്യമാകും എന്ന് സൂക്ഷ്മമായി വിശകലം ചെയ്ത്, അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞുകൊടുക്കുന്ന രാഷ്ട്രീയ കണ്‍സല്‍റ്റന്റുകള്‍ പുതിയ കാലത്തെ പ്രചാരണരംഗത്ത് സജീവമാണ്. അത്തരത്തിലുള്ള ഒരു പൊളിറ്റിക്കല്‍ കണ്‍സല്‍റ്റന്‍സിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയില്‍ ജോലി ചെയ്ത ശിവം ശങ്കര്‍ സിങ് എഴുതിയ ‘ഹൗ റ്റു വിന്‍ ആന്‍ ഇന്ത്യന്‍ ഇലക്ഷന്‍’ എന്ന പേരിലുള്ള പുസ്തകം ഈ വിഷയങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആഖ്യാനങ്ങള്‍ മെനയുന്നതില്‍ നേരിട്ടു പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ആ പുസ്തകം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു നല്ല വായനാനുഭവമാണ്.

തുടര്‍ന്നു വായിക്കാം

ജീവന്‍ ജോബ് തോമസ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.