DCBOOKS
Malayalam News Literature Website

‘ദ്രൗപദി’; പ്രതിഭാ റായ്‌യുടെ നോവല്‍

ഇവള്‍ ദ്രൗപദിയെന്നും പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കപ്പെടുന്ന യാജ്ഞസേനി… ധര്‍മ്മരക്ഷാര്‍ത്ഥം ജീവിതകാലം മുഴുവന്‍ കൊടും യാതനകള്‍ സഹിച്ചവള്‍ … പാതിവ്രത്യത്തിന്റെയും ധര്‍മ്മാചരണത്തിന്റെയും ബലത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സ്വര്‍ഗം പൂകാമെന്നു ധരിച്ച് ഒടുവില്‍ ഹിമവല്‍ പാദങ്ങളില്‍ തളര്‍ന്നുവീണവള്‍… ഹൃദയരക്തത്തില്‍ ചാലിച്ച് അവള്‍ ഒരു കത്തെഴുതുകയാണ്. വ്യര്‍ത്ഥമായിപ്പോയ ജീവിതത്തില്‍ ഉടനീളം തന്റെ സുഹൃത്തും ഗുരുവും മാര്‍ഗ്ഗദര്‍ശിയും രക്ഷകനുമായിരുന്ന ശ്രീകൃഷ്ണന്…

പാണ്ഡവപത്‌നിയായ ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ജ്ഞാനപീഠജേതാവ് പ്രതിഭാ റായ്യുടെ ഒറിയ ഭാഷയിലുള്ള പ്രശസ്തമായ നോവല്‍ ദ്രൗപദി രചിക്കപ്പെട്ടിരിക്കുന്നത്.

പാണ്ഡവര്‍ക്കൊപ്പം വാനപ്രസ്ഥത്തിനിറങ്ങിയ ദ്രൗപദി സ്വര്‍ഗത്തിലേക്ക് നടന്നു കയറുമ്പോള്‍ കാല്‍ വഴുതിവീണു. ജ്യേഷ്ഠന്റെ നിര്‍ദേശപ്രകാരം തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുന്ന ഭര്‍ത്താക്കന്മാരെ കണ്ട് ഹിമാലയത്തിന്റെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും കുറിച്ച് അവള്‍ ഓര്‍ത്തു. ഉള്ളില്‍ തികട്ടിയ വാക്കുകള്‍ ഒരു കത്തിന്റെ രൂപത്തിലായി. ഉടലോടെ സ്വര്‍ഗത്ത് പോകാനാഗ്രഹിക്കാത്ത ദ്രൗപതി ഈ ഭൂമി സ്വര്‍ഗമാക്കാനാഗ്രഹിക്കുന്നു. മോക്ഷമല്ല; പുണ്യഭൂമിയായ ഭാരതത്തില്‍ വീണ്ടും വീണ്ടും ജനിക്കാനാണ് അവളുടെ ആഗ്രഹം. ഏകീകൃതരാജ്യമായിരുന്ന ആര്യാവര്‍ത്തത്തിലെ രണ്ട് രാജധാനികള്‍.. ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും തമ്മിലുണ്ടായ കുരുക്ഷത്രയുദ്ധം ഇടുങ്ങിയ മനസുകളുടെ നിസാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പരിണതഫലമായിരുന്നെന്ന് തിരിച്ചറിയുന്ന ദ്രൗപദി യുദ്ധത്തിനെതിരായ സന്ദേശമാണ് നല്‍കുന്നത്.

വ്യാസവിരചിതമായ മഹാഭാരതത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനമാണ് പ്രതിഭാ റായ് തന്റെ നോവലിലൂടെ നിര്‍വ്വഹിക്കുന്നത്. സ്ത്രീചിത്തത്തിന്റെ ആവിഷ്‌കാരമായ കൃതിയില്‍ ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ഭാര്യയായും സഹോദരിയായും അമ്മയായും മകളായും സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു.

നോവലിനെഴുതിയ ആമുഖത്തില്‍ വ്യാസന്റെ ദ്രൗപദിയെ ഈ കൃതിയില്‍ കാണാന്‍ സാധിക്കില്ലെന്ന് പ്രതിഭാ റായ് വെളിപ്പെടുത്തുന്നു. ഒറിയ ഭാഷയിലുള്ള മൂലകൃതിയ്ക്ക് ‘യാജ്ഞസേനി’ എന്നു പേരിട്ടത് ദ്രൗപദി യജ്ഞസേനന്റെ മകളായി പിറന്നതു കൊണ്ടുമാത്രമല്ലെന്നും ആ പേരിന് യാഗാഗ്‌നിയില്‍ ജനിച്ചവള്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നും പ്രതിഭാ റായ് പറയുന്നു. എറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവന്നിട്ടും അവള്‍ നിര്‍ഭയത്വവും ധീരതയും പ്രദര്‍ശിപ്പിച്ചു. എല്ലാ കാലത്തെയും എല്ലാ സമൂഹത്തിലേയും സ്ത്രീക്ക് ഇത് ബാധകമാണെന്ന് പ്രതിഭാ റായ് നിരീക്ഷിക്കുന്നു.

‘യാജ്ഞസേനി’യെ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് ദ്രൗപദി യാക്കിയത് യയാതി, പ്രഥമപ്രതിശ്രുതി, മൃത്യഞ്ജയം, തമസ് തുടങ്ങിയ പ്രസിദ്ധ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പി മാധവന്‍ പിള്ളയാണ്. 2000 ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പതിനൊന്നാം പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. പ്രതിഭാ റായ്യുടെ വനം, മഹാമോഹം, പുണ്യതോയ തുടങ്ങിയ കൃതികളും ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

 

Comments are closed.