DCBOOKS
Malayalam News Literature Website

‘ഒരു സങ്കീര്‍ത്തനം പോലെ’ നൂറ്റിയൊന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു

1993 ല്‍ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ‘ എന്ന നോവലിന്റെ നൂറ്റിയൊന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു. 2018 ജനുവരി 2 ന് വൈകിട്ട് 5ന് ഡി സി ഓഡിറ്റോറിയത്തില്‍വച്ച് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യും. രവി ഡിസി പുസ്തകം സ്വീകരിക്കും. തോമസ് ജേക്കബ് അദ്ധ്യക്ഷനാകും. അയ്മനം ജോണ്‍, ആശംസകളറിയിക്കും. പെരുമ്പടവം ശ്രീധരന്‍ മറുപടിപ്രസംഗവും നന്ദിയും പറയും.

റഷ്യന്‍ നോവലിസ്റ്റായ ഫിയോദോര്‍ ദസ്തയേവ്‌സ്‌കിയുടേയും അദ്ദേഹത്തിന്റെ പ്രണയിനി അന്നയുടെയും കഥ പറഞ്ഞ നോവലാണ് പെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെ‘.24 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോയ നോവലിന്റെ നൂറാം പതിപ്പ് ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനംചെയ്തത്.

1992ലെ ദീപിക വാര്‍ഷിക പതിപ്പിലൂടെയാണ് ഒരു സങ്കീര്‍ത്തനം പോലെ ആദ്യമായി വായനക്കാരിലേക്ക് എത്തുന്നത്. നോവല്‍ പുസ്തകമാക്കിയത് സങ്കീര്‍ത്തനം പബ്ലിക്കേഷനാണ്.തന്റെ പത്തൊമ്പതാം വയസ്സില്‍ ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ വായിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധകനായെന്നും പിന്നീട് അദ്ദേഹത്തെ കൂടുതലായി വായിച്ചുവെന്നും പെരുമ്പടവം പറയുന്നു. ഈ താല്‍പര്യം തന്നെയാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിലേക്ക് നോവലിസ്റ്റിനെ നയിച്ചതും. ‘ഹൃദയത്തില്‍ ദൈവത്തിന്റെ വിരല്‍സ്പര്‍ശം പതിഞ്ഞ എഴുത്തുകാരന്‍’ എന്നാണ് ദസ്തയേവ്‌സ്‌കിയെ    പെരുമ്പടവം വിശേഷിപ്പിച്ചത്. ഒരു സങ്കീര്‍ത്തനം പോലെ പുറത്തിറങ്ങിയ ശേഷം ആ വിശേഷണം പെരുമ്പടവത്തിനും വായനക്കാര്‍ നല്‍കി. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ പതിനൊന്നോളം പ്രധാന അവര്‍ഡുകള്‍ ഒരു സങ്കീര്‍ത്തനം പോലെ സ്വന്തമാക്കി. ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, അറബിക്, ഇംഗ്ലീഷ്, ആസാമി എന്നീ ഭാഷകളിലേക്കും പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Comments are closed.