DCBOOKS
Malayalam News Literature Website

എ.ആര്‍ രാജരാജവര്‍മ്മ ആധുനിക കേരളത്തിന്റെ ശില്പി: പി.കെ രാജശേഖരന്‍

മലയാള സാഹിത്യലോകത്തെ തന്നെ സുപ്രധാന ഗ്രന്ഥമാണ് കേരളപാണിനീയം. ഇതിലൂടെ സാഹിത്യ ലോകത്തിന് തന്നെ മികച്ച സംഭാവന നല്‍കിയിട്ടും പുതിയ വ്യാകരണരീതി അവലംബിച്ചിട്ടും എന്തുകൊണ്ട് എ.ആര്‍ രാജരാജവര്‍മ്മയെ കേരളത്തിന്റെ ആധുനിക ശില്പികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല  എന്ന ചോദ്യമുന്നയിച്ച് നിരൂപകനായ പി.കെ. രാജശേഖരന്‍. തന്റെ അഭിപ്രായത്തില്‍ എ.ആര്‍ രാജരാജവര്‍മ്മ ആധുനിക കേരളത്തിന്റെ ശില്പിയാണെന്ന് പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ ‘എ. ആര്‍. രാജരാജവര്‍മ്മ- 100 വര്‍ഷം’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോതിഷ് കെ. വി. ആയിരുന്നു മോഡറേറ്റര്‍.

മലയാള സാഹിത്യലോകം കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ദൈവകാവ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഹ്യപര്‍വ്വം, മലയവിലാസം തുടങ്ങിയ കൃതികള്‍ എ.ആര്‍ രാജരാജവര്‍മ്മ രചിച്ചു. ഈ കൊടിപ്പടം ഉയര്‍ത്തിപിടിച്ചാണ് കുമാരനാശാന്‍, വള്ളത്തോള്‍, ബാലാമണിയമ്മ തുടങ്ങിയവരെല്ലാം സാഹിത്യലോകത്തേക്ക് വന്നതെന്നും പി. കെ. രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യം പുരോഗതിയിലേക്ക് കൊണ്ടുവന്നതും മികച്ച വ്യാകരണതലം കൊണ്ടുവന്നതും എ.ആര്‍.രാജരാജവര്‍മ്മയാണ്. മലയാള സാഹിത്യത്തിന്റെ സ്വതന്ത്ര പ്രവാചകനാണ് അദ്ദേഹമെന്നും പി.കെ.രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.