DCBOOKS
Malayalam News Literature Website

സദാചാര പോലീസിങ്ങിനെതിരെ, ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’

കൊച്ചിയില്‍ സാമൂഹ്യ പ്രവര്‍ത്തകയും ഛായാഗ്രാഹകയുമായ അമൃത ഉമേഷിനും മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് മോഹനുമെതിരെയുണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്നുപേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ചൊവ്വാഴ്ച്ച വൈകിട്ട് ആറുമണി മുതലാണ് ആരംഭിക്കുന്നത്.

അക്രമത്തിനിരയായ അമൃത ഉമേഷിന്റ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സമരപ്രഖ്യപനം നടത്തിയിരിക്കുന്നത്.നമ്മളാണ്, നമ്മുടെ ശരീരമാണ് സമരായുധം.സ്വാതന്ത്ര്യമാണ് മുദ്രാവാക്യം.രാത്രികള്‍ നമ്മുടേതുകൂടിയാണ് എന്നുപറഞ്ഞുകൊണ്ട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സ്വാതന്ത്ര്യത്തിനായി,സദാചാര പോലീസിങ്ങിനെതിരെ,പോലീസിന്റെ വരേണ്യ പുരുഷ ബോധങ്ങള്‍ക്കെതിരെ ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും ഉയര്‍ത്തുന്ന അവകാശ പ്രഖ്യാപനമാണിതെന്നും അവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊച്ചിയില്‍ വെച്ച് റോഡിലൂടെ നടന്നിരുന്ന അമൃത പോലീസുകാരുടെ ആക്രമണത്തിന് ഇരയായത്.പോലീസുകാര്‍ അമൃതയുടെ ദളിത് സ്വത്വത്തെ അപമാനിക്കുകയും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്തു.ഇതിനിടയില്‍ വിളിച്ചുവരുത്തിയ സുഹൃത്ത് പ്രതീഷിനെ ശാരീരീകമായും മാനസികമായും ക്രൂരപീഡനത്തിനിരയാക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.

സ്ത്രീക്കും പുരുഷനും പുറമെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കമുള്ള മനുഷ്യര്‍ക്കും രാത്രിയും പകലും ജീവിക്കാനുളള അവകാശങ്ങളുണ്ടെന്ന് പോലീസിനെയും പൊതുബോധത്തെയും ബോധ്യപ്പെടുത്തുകയാണ് പുതിയ പ്രതിഷേധ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

Comments are closed.