DCBOOKS
Malayalam News Literature Website

മാലിന്യ നിര്‍മ്മാര്‍ജ്ജനം: കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ദില്ലി: ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്കും പുതുച്ചേരിക്കും ലക്ഷദ്വീപിനും സുപ്രീം കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരവസരം കൂടി നല്‍കുകയാണെന്നും വീഴ്ച വരുത്തിയാല്‍, ചീഫ് സെക്രട്ടറിമാര്‍ ഹാജരായി എന്തുകൊണ്ട് ഇന്ത്യയിലെ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്നു വിശദീകരിക്കണമെന്നും ജഡ്ജിമാരായ മകന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഖരമാലിന്യ പ്രശ്‌നത്തെ കുറിച്ചുള്ള ഹര്‍ജി കേട്ടതിന് ശേഷമായിരുന്നു കോടതി വിധി. സംസ്ഥാനങ്ങള്‍ക്ക് പിഴയായി വിധിച്ച തുക രണ്ടാഴ്ചക്കകം സുപ്രീംകോടതി ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണം. ഈ തുക ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും.

അതേസമയം ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നയമുണ്ടാക്കാത്തതിനും ചട്ടം നടപ്പാക്കാത്തതിനും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കി. നിയമങ്ങള്‍ ഇനിയും നടപ്പിലാക്കിയില്ലെങ്കില്‍ വിശദീകരണത്തിനായി സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിപ്പിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നയം ഓഗസ്റ്റ് ഏഴിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Comments are closed.