മലയാള കവിതാ ചരിത്രം ! ഡി സി ഇങ്ക്
മലയാള കവിതാ ചരിത്രം !
നല്ല കഥകളാലും കവിതകളാലും സമ്പന്നമാണ് മലയാള സാഹിത്യശാഖ. മലയാളത്തിലെ ആദ്യ പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പാട്ട്, മണിപ്രവാളം എന്നിങ്ങനെ രണ്ട് കൈവഴികളിലായാണ് മലയാള കവിതയുടെ വളര്‍ച്ച. ദ്രാവിഡ ഭാഷയില്‍ ലഭ്യമായ ലിപി ഉപയോഗിച്ച് തമിഴില്‍ പ്രചുരമായ വൃത്തങ്ങളില്‍ ‘എതുക’, ‘മോന’ എന്നീ പ്രാസങ്ങള്‍ ഉപയോഗിച്ച് രചിക്കപ്പെടുന്നതാണ് പാട്ട്. ബ്രാഹ്മണരും അവരുടെ പാര്‍ശ്വവര്‍ത്തികളുമടങ്ങുന്ന ത്രൈവര്‍ണികര്‍ സംസ്കൃതത്തോട് പക്ഷപാതം കാണിച്ചെഴുതിയതാണ് പൊതുവേ മണിപ്രവാളം. രാമകഥാപ്പാട്ട്, തെക്കന്‍പാട്ടുകള്‍, ഭക്തി പ്രസ്ഥാനം, നിരണം കവികള്‍ എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിലൂടെ മലായാള കവിതാ ശാഖ (Malayalam Poem) വികസിച്ചു വന്നു.

മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ കേരളമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ഒരു ഭാഷാന്തരീക്ഷം സൃഷ്ടിച്ചു. തെക്കും വടക്കും കണ്ണശ്ശക്കവികള്‍, ചെറുശ്ശേരി തുടങ്ങിയവരുടെ കൃതികളിലൂടെ പ്രാദേശികമായി വളര്‍ന്നുവന്ന ഭാഷയ്ക്ക് സാമാന്യവത്കരണത്തിന്റെ മഹിമ ലഭിച്ചത് എഴുത്തച്ഛന്‍ കൃതികളിലൂടെയാണ്. എഴുത്തച്ഛന്‍, ചെറുശ്ശേരി കുഞ്ചന്‍ നമ്പ്യാര്‍ എന്നീ പ്രാചീന കവിത്രയ കാലവും ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്ന ആധുനിക കവിത്രയത്തിന്‍റെ കാലവും മലയാള കവിതാ ചരിത്രത്തില്‍ പ്രധാനമാണ്.
ഗദ്യ കവിതകളെയും പദ്യ കവിതകളെ മലയാള വായനക്കാര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കാലം മാറിയപ്പോള്‍ മലയാള കവിതയിലും മാറ്റം ഉണ്ടായി. ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി കെ ഗോപി ഒക്കെ മലയാള വായനക്കാര്‍ ഏറ്റെടുത്ത കവികളാണ്. മലയാളത്തിലെ ശ്രദ്ധേയരായ പുതുകാല കവികളുടെ കവിതകള്‍ മലയാളത്തിലെ പ്രധാന സാഹിത്യ വെബ്സൈറ്റായ ഡിസി ഇങ്കിലെ മലയാള കവിതകള്‍ക്കു വേണ്ടിയുള്ള വിഭാഗത്തില്‍ വായിക്കാം.