ഇ. സന്തോഷ്‌കുമാര്‍ – 2024-ലെ വയലാര്‍ ജേതാവ്
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ്‌കുമാര്‍. 1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തില്‍, ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലും തുടര്‍ വിദ്യാഭ്യാസം, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി നേടി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന സന്തോഷ്‌കുമാര്‍ സാഹിത്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി ഉദ്യോഗത്തില്‍ നിന്ന് സ്വയം വിരമിച്ചു.

ചെറുകഥ, നോവല്‍, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇ. സന്തോഷ്‌കുമാറിന്– കഥാസമാഹാരത്തിന് 2006ലും (ചാവുകളി), നോവലിന് 2012ലും (അന്ധകാരനഴി) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘കാക്കരദേശത്തെ ഉറുമ്പുകള്‍’ക്ക് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (2011). അന്ധകാരനഴിയുടെ ഇംഗ്ലിഷ് പരിഭാഷ 2016-ലെ ക്രോസ് വേഡ് പുരസ്‌കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ആറടി’ എന്ന ചലച്ചിത്രത്തിന് ആധാരമായ ‘ഒരാള്‍ക്ക് എത്ര മണ്ണുവേണം’ എന്ന കഥയ്ക്ക് 2017-ലെ കേരള ചലച്ചിത്ര പുരസ്‌കാരസമിതിയുടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം. അങ്കണം ഇ.പി. സുഷമ കഥാപുരസ്‌കാരം, കറന്റ് ബുക്‌സ് സുവര്‍ണ ജൂബിലി അവാര്‍ഡ്, വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ്, ടി.പി. കിഷോര്‍ സ്മാരക കഥാപുരസ്‌കാരം, മേലൂര്‍ ദാമോദരന്‍ കഥാപുരസ്‌കാരം, കോവിലന്‍ നോവല്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് സ്മാരക നോവല്‍ പുരസ്‌കാരം, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കഥ അവാര്‍ഡ്, പത്മരാജന്‍ കഥാപുര സ്‌കാരം, ഫൊക്കാന കഥാപുരസ്‌കാരം, പ്രൊഫ. സി.വി.എന്‍. സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തപോമയിയുടെ അച്ഛന്‍ എന്ന നോവലിന് 2024-ലെ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുവാനായി ഡി സി ഇങ്ക് സന്ദർശിക്കൂ
Comments are closed.