ചിലര്‍ ചിലപ്പോള്‍ – വേണു
ക്യാമറമാന്‍ വേണുവിന്‍റെ ഓര്‍മ്മകുറിപ്പുകളാണ് ചിലര്‍ ചിലപ്പോള്‍ എന്ന പുസ്തകം. എം ടി വാസുദേവൻ നായരുമായി തനിക്കുള്ള ആത്മബന്ധം വിവരിക്കുന്നിടത്ത് വേണു എഴുതിയിരിക്കുന്നതുപോലെ; “തീവണ്ടിയുടെ ജനലിലൂടെ പുറകോട്ടോടുന്ന കാഴ്ചകൾ പലതും കണ്ണിൽപ്പെടാതെ കടന്നുപോകും. സഹയാത്രികരുടെ മുഖങ്ങൾ മറന്നുപോകും. എങ്കിലും ഒടുവിൽ യാത്ര കഴിയുമ്പോൾ ചിലതൊക്കെ ശേഷിക്കും.” ഇങ്ങനെ ബാക്കിയായ ഓർമ്മകളുടെ കൂടിച്ചേരലാണ് ചിലർ ചിലപ്പോൾ. ജീവിതയാത്രയില്‍ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേര്‍ന്ന ഇടങ്ങളെയും ഓര്‍മ്മകളില്‍ അടുക്കിവയ്ക്കുകയാണ് ഈ പുസ്തകത്തില്‍ വേണു.
എം ടി വാസുദേവൻ നായരുമായി വേണു നിലനിർത്തിയിരുന്ന സൗഹൃദത്തിന്റെ ആരംഭത്തെയും ആഴത്തെയും സംബന്ധിക്കുന്ന ചിലർ ചിലപ്പോളിലെ ഭാഗം ഡി സി ബുക്സിന്റെ സാഹിത്യ പോർട്ടലായ ഡി സി ഇങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗിയായ എം ടി യെ സന്ദർശിക്കുന്നതും ഈ സന്ദർശനം ഭൂതകാല ഓർമ്മകളിലേക്ക് വേണുവിനെ കൊണ്ടുചെന്നെത്തിക്കുന്നതും ‘കടവ്’ എന്ന സിനിമയുടെ പിറവിയും വേണു ഇവിടെ വിവരിക്കുന്നു.
മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമായ വേണു 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സിന്റെ സ്ഥാപക അംഗമാണ് അദ്ദേഹം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനായ കാരൂരിന്‍റെ മകനാണ്.