മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ-ഉള്ളിൽ എവിടെയോ നോവ് പടർത്തി നോവൽ അവസാനിച്ച നോവൽ
നന്ദു വേണുഗോപാലിന്റെ റിവ്യൂ
ബെന്യാമിന്റെ “മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ”
ഒറ്റവാക്കിൽ ഗംഭീരം! ഉള്ളിലെവിടെയോ ഒരു നോവ് പടർത്തി പുസ്തകം അവസാനിച്ചു. ഒന്ന് വിതുമ്പിയോ? അതെ… ഒന്നല്ല ഒരുപാടിടത്ത്!
1980-കളിൽ മലയാള പുസ്തക പ്രസാധക രംഗത്തും വായനാ ലോകത്തും വിപ്ലവം സൃഷ്‌ടിച്ച മൾബെറി പബ്ലിക്കേഷൻസിന്റെയും അതിന്റെ അമരക്കാരൻ ഷെൽവിയുടെയും അദ്ദേഹത്തിന്റെ പത്നിയായ ഡെയ്സിയുടെയും ജീവചരിത്ര തുല്യമായ നോവലാണ് “മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ”.
കേരളത്തിന് പുറത്ത് എഴുത്തിന്റെ മാസ്മരികമായ ഒരു ലോകമുണ്ടെന്ന് മലയാളികൾ അനുഭവിച്ചറിഞ്ഞത് മൾബെറിയിലൂടെ പുറത്തിറങ്ങിയ വിവർത്തന പുസ്തകങ്ങളിലൂടെയാണ്. കാസാൻസാകീസും, മാർക്കെസും, ബോർഹെസും, ജിബ്രാനും, ഓഷോയും, കാഫ്കയുമൊക്കെ മലയാളിയിൽ വായനയുടെ ഭ്രാന്ത് കോരിയിട്ടത് മൾബെറിയിലൂടെയാണ്. ഒരു പുസ്‌തകത്തിന്റെ പുറംചട്ടയിൽ എന്തിരിക്കുന്നു എന്ന ജല്പനങ്ങളെ ഒക്കെ കാറ്റിൽപ്പറത്തി മൾബെറിയിലൂടെ മനോഹരങ്ങളായ പുസ്തകങ്ങൾ പുറത്ത് വന്നു, ‘കൈ കഴുകി തൊടേണ്ട പുസ്തകങ്ങൾ’ എന്ന പരസ്യവാചകത്തോടെ. എതിരാളികൾ പോലും ആ പുസ്തക ചന്തം നോക്കി നിന്നു. പുരസ്‌കാരങ്ങൾ, അനുമോദനങ്ങൾ, മുഖ്യധാരാ എഴുത്തുകാർ, സാഹിത്യസൗഹൃദങ്ങൾ എല്ലാം മൾബെറിയെ തേടിവന്നു.
പിന്നെ എവിടെയാണ് ഷെൽവിക്ക് പിഴച്ചത്? ഒരു മൾബെറി ചെടിയിലിരുന്ന് തന്റെ ശവക്കച്ച നെയ്യുന്ന പട്ടുനൂൽപ്പുഴുവായി ഷെൽവി മാറുകയായിരുന്നോ? വായനക്കാരെ പാതി വഴിയിൽ ഉപേക്ഷിച്ച്, ഡെയ്‌സിയേയും മകൾ സുലോമിതയേയും തനിച്ചാക്കി ഷെൽവി നടന്നു മറഞ്ഞു. എന്തിന്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം.
ഷെൽവിയുടെ കഥയേക്കാൾ ഇതിനെ ഡെയ്സിയുടെ കഥയായി വ്യാഖ്യാനിക്കുന്നവരുണ്ടാകും. ശരിയാണ്, ഡെയ്സിയാണ് ഈ പുസ്തകത്തിന്റെ ജീവനാഡി. ഈ കഥ വായിച്ച് നിങ്ങൾ വിതുമ്പുന്നുണ്ടെങ്കിൽ അത് ഡെയ്‌സിയെ ഓർത്താകും, പിങ്കിയെ ഓർത്താകും, മൾബെറിയെ ഓർത്താകും, എങ്കിലും ഷെൽവിയെ ഓർത്താകില്ല!
ഒരേ സമയം 3 വ്യത്യസ്‌ത കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ alternate ആയി പറഞ്ഞ് പോയി കഥാന്ത്യത്തിൽ അവ കൂടിച്ചേർന്ന് വലിയൊരു കഥയായി മാറുന്ന ആഖ്യാന രീതിയാണ് പുസ്തകം കൈക്കൊണ്ടിരിക്കുന്നത്. ആടുജീവിതത്തിലും, മഞ്ഞവെയിൽ മരണങ്ങളിലും ഒക്കെ നാം അനുഭവിച്ചറിഞ്ഞ ആ ‘ബെന്യാമിൻ രസച്ചരട്’ ഇതിലും കാണാം. ഈ വർഷം ഞാൻ വായിച്ച പുസ്തകങ്ങളിൽ ഒരുപാട് സംതൃപ്തി നൽകിയ ഒരു പുസ്തകമാണിത്. തീർച്ചയായും വായിക്കുക, നിരാശപ്പെടുത്തില്ല. നന്ദി.
കടപ്പാട്
നന്ദു വേണുഗോപാൽ