‘പുന്നപ്ര വയലാര്‍ സമരം’ കേരളജീവിതത്തില്‍ ചെലുത്തിയ സ്വാധീനം: എ. ശ്രീധരമേനോന്
 ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എ.ശ്രീധരമേനോന്റെ ‘പുന്നപ്ര വയലാറും കേരള ചരിത്രവും’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എ.ശ്രീധരമേനോന്റെ ‘പുന്നപ്ര വയലാറും കേരള ചരിത്രവും’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, ആധുനിക കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ചരിത്രത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നു കാണാം. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, ആ സമരത്തില്‍ അണികള്‍ വരിച്ച രക്തസാക്ഷിത്വം പില്ക്കാലത്തു കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കു വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു. രാജ്യമൊട്ടുക്കുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ധീരരക്തസാക്ഷിത്വത്തിന്റെ പ്രതീകമായിത്തീര്‍ന്നു പുന്നപ്ര-വയലാര്‍. 1957-ലും അതിനുശേഷവും പലപ്പോഴായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ സഹായിച്ച ഒരു മുഖ്യഘടകമായിരുന്നു ആ സംഭവം. പുന്നപ്രയിലെ രക്തസാക്ഷിമണ്ഡപത്തിനു മുന്പില് പ്രണാമമര്പ്പിച്ചതിനുശേഷമേ കമ്മ്യൂണിസ്റ്റു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കാറുള്ളൂവെന്നത് ഈ യാഥാര്‍ത്ഥ്യത്തിന്റെ അംഗീകാരമാണ്.
പുന്നപ്ര-വയലാര്‍ സമരത്തോടെ കര്‍ഷക-തൊഴിലാളി വര്‍ഗ്ഗം കേരള സമൂഹത്തില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്നു തെളിഞ്ഞു. ഇവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പല പരിഷ്കാരങ്ങളും ഭൂനിയമ പരിഷ്കാരമുള്‍പ്പെടെ, പിന്നീട് അധികാരത്തില്‍വന്ന ജനകീയ ഗവണ്മെന്റുകള്, പ്രത്യേകിച്ച് 1957-ല്‍ അധികാരത്തില്‍വന്ന ഇ.എം.എസിന്റെ കമ്മ്യൂണിസ്റ്റു ഗവണ്മെന്റ്, മുന്‍ഗണന കൊടുത്തു നടപ്പാക്കാന്‍ നിര്‍ബന്ധിതരായത് ഈ സാഹചര്യത്തിലാണ്. ‘കൃഷിഭൂമി കര്ഷകന്’ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനു ലഭിച്ചുവെന്നുള്ളതു യാദ്യച്ഛികമായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റുകള്‍ പതിമൂന്നര സെന്റ് ഭൂമിവീതം ഓരോരുത്തര്‍ക്കും വിതരണം ചെയ്യാന്‍ നടത്തിയ വിപ്ലവമാണ് പുന്നപ്ര-വയലാറെന്ന് അന്നു പ്രചാരത്തിലിരുന്ന കിംവദന്തിയുടെ പശ്ചാത്തലത്തില്‍ ഭൂനിയമപരിഷ്കാരത്തിനു പ്രസക്തിയുണ്ട്. കൂടാതെ, സാമൂഹികരംഗത്ത്, സവര്‍ണ്ണ-അവര്‍ണ്ണജാതികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഗുണ പരമായ മാറ്റമുണ്ടായി. അവര്‍ണ്ണജാതിക്കാര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുത്തേ തീരൂ എന്നൊരു സ്ഥിതി വിശേഷവും സംജാതമായി. ഈ നേട്ടങ്ങളുടെയെല്ലാം പിന്നില്‍ പുന്നപ്ര- വയലാര്‍ സമരം അഴിച്ചുവിട്ട രാഷ്ട്രീയ -സാമൂഹിക- സാമ്പത്തിക ശക്തികള്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ ചെലുത്തിയ സ്വാധീനത പ്രകടമാണ്.
സാംസ്കാരികരംഗത്തും പുന്നപ്ര-വയലാറിന്റെ സ്വാധീനത കാണാം. ഈ സമരത്തോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങളെ ആധാരമാക്കി മലയാള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തോട് പൂര്‍ണ്ണമായും നീതിപുലര്ത്തുന്നില്ലെങ്കിലും, ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്ന ചലച്ചിത്രം ഉദാഹരണത്തിന് ചൂണ്ടിക്കാണിക്കാം. മലയാളസാഹിത്യകൃതികളിലും പുന്നപ്ര-വയലാര്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതായിക്കാണാം. പുന്നപ്ര-വയലാര്‍ സമരത്തെ ആസ്പദമാക്കി പി. ഭാസ്കരന് രചിച്ചിട്ടുള്ള കവിതകള്‍ എടുത്തുപറയേണ്ടവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന കവിത. ഇതിലെ ചില വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ:
”ചിരകാലം രാജ്യത്തി-
ന്നോര്മ്മയിലൊക്ടോബ-
റിരുപത്തിയേഴുതെളിഞ്ഞുമിന്നും.”
വയലാര്‍ രാമവര്‍മ്മയുടെ കവിതകളിലും നാടക-ചലച്ചിത്രഗാനങ്ങളിലും വയലാറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സമരം ചെലുത്തിയ സ്വാധീനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആധുനിക കേരളത്തെ സംബന്ധിച്ച് ചരിത്രസാഹിത്യത്തെയും പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ച് രചിച്ചിട്ടുള്ള കൃതികള്‍ സമ്പന്നമാക്കിയിട്ടുണ്ട്. ഇങ്ങനെ കേരളജീവിതത്തിന്റെ പല മേഖലകളിലും പുന്നപ്ര-വയലാര്‍ മായാത്ത മുദ്ര പതിച്ചിട്ടുള്ളതായിക്കാണാം.
 
			
Comments are closed.