പടയണി അനുഷ്ഠാനവും കലയും-പ്രസന്നകുമാർ തത്ത്വമസി രചിച്ച ഫോക്‌ലോർ
പ്രസന്നകുമാർ തത്ത്വമസി രചിച്ച ഫോക്‌ലോർ ‘പടയണി അനുഷ്ഠാനവും കലയും‘ ഡി സി ബുക്ക്സ് വിപണിയിൽ എത്തിക്കുന്നു. പടയണിയെ ഒരു കലയായി കാണുന്ന ഒരാളുടെ വൈകാരികവും സൗന്ദര്യപരവും ആയ ഒരനുഭവമാണിത്. പടയണിയിൽ സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവും അനുഷ്ഠാനപരവുമായ നിരവധി ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെന്നും പ്രസന്നകുമാർ തത്ത്വമസി ആ കലയിൽ പുലരുന്ന ഒരാചാര്യന്റെ ആധികാരികതയോടെ തന്നെ ഈ പുസ്തകത്തിൽ വിശദമാക്കുന്നു.
മാത്രമല്ല, കാല്പനികവും ഗൃഹാതുരവുമായ മാനങ്ങളിൽ മാത്രം ഇങ്ങനെയുള്ള കലകളെ കാണുന്നവർക്കു വിലയിരുത്തലിൽ സംഭവിക്കാവുന്ന ചില പിഴവുകളെപ്പറ്റി ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ മിക്കപ്പോഴും കലാസങ്കേതങ്ങളിലേക്ക് കടക്കാറില്ലാത്തതുകൊണ്ട് ഈ കലകളുടെ ആഴങ്ങൾ അവർക്ക് അന്യമായി തീരുന്നു. ക്‌ളാസിക്കൽ കലകളിൽനിന്നു ഭിന്നമായ ഒരസ്തിത്വം പടയണിപോലുള്ള കലകൾക്കുണ്ട്. പടയണി തീർച്ചയായും അനുഷ്ടാനങ്ങൾ ധാരാളമുള്ള ഒരു കലയാണ്. ഏറെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾ,അവയ്ക്കു ആധാരമായി നിൽക്കുന്ന പുരാവൃത്തം, ദേവതഭക്തി, താത്രികമായ ആചാരങ്ങൾ എന്നിവ ഉദാഹരണമാണ്. നദിയുടെയും മലകളുടെയും പശ്ചാത്തലവും കാർഷികവൃത്തിയുമായി ഉള്ള കലയുടെ ബന്ധവും ധാരാളം ആലോചനകൾക്ക് വക നൽകുന്ന വിധത്തിൽ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.
പടയണിയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ചടങ്ങുകൾ, ഓരോന്നിനുമുള്ള പാട്ടുകൾ, അവയുടെ താളവായ്ത്താരികൾ, കാലപരിണാമഭേദങ്ങൾ, വിനോദഭാഗങ്ങൾ എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന പുസ്തകമാണ് ‘പടയണി: അനുഷ്ഠാനവും കലയും’ എന്ന ഫോക്‌ലോർ.