മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – ഭാവനയും യാഥാർത്ഥ്യവും ഇടകലർന്ന മായികഭൂമി
ഷിബു എസ് തൊടിയൂരിന്റെ വായനാനുഭവം
ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘,..വായിച്ചു
ഭാവനയും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്തൊരു മായിക ഭൂമി സൃഷ്ടിക്കാൻ ബന്യാമിന് കഴിഞ്ഞിരിക്കുന്നു.
സർഗ്ഗധനനനായ എഴുത്തുകാരൻ ബെന്യാമിന്റെ നോവൽഎന്നതിനപ്പുറം അക്ഷരങ്ങൾക്ക് തീപിടിച യൗവ്വനത്തിൽ അക്ഷരലോകത്തിന് പുതുവഴികാട്ടി കൊടുത്ത ഷെൽവിയുടെ ജീവിതം പറയുന്നു എന്ന കേൾവിയാണ് പുസ്തക രൂപത്തിലെ ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘ എന്ന ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പിന്റെ വായനക്കാരിൽ ഒരാളാകാൻ പ്രേരണയായത്. മൾബറിയും പ്രീയ സുഹൃത്തും പരിചയപ്പെടുത്തിയ കുറയധികം പുസ്തകങ്ങൾ…പ്രണയ പുസ്തകവും ഓർമയും തുടങ്ങി കൈകൊണ്ട് തൊടാനാഗ്രഹിക്കുന്ന, കാഴ്ചവെട്ടത്ത് വച്ച് തന്നെ വായിക്കാനാഗ്രഹിക്കുന്ന പുസ്തകങ്ങളിലൂടെ, പ്രസാധന രംഗത്ത് വിപ്ലവം സൃഷ്ടിച്ച, സാക്ഷാൽ ഡി.സി കിഴക്കേമുറിയ്ക്ക് പോലും മാതൃകയായ, ഒരു സംസ്കാരത്തെ രൂപപ്പെടുത്തിയ ഒരാളുടെ മൗലികവും ധൂർത്തവുമായ ജീവിതത്തിന്റെ രൂപപ്പെടുത്തൽ ഏറെ അനിവാര്യമായിരുന്നന്നു എന്ന് പുസ്തകം വായിച്ചു മടക്കിയ മാത്രയിൽ എന്റെ മനസ്റ്റ് പറഞ്ഞു.
പുസ്തകത്തിന്റെ അവസാനത്തിൽ പിൻകുറിപ്പിൽ ഷെൽവിയുടെ ഭാര്യ ഡെയ്സി ഇങ്ങനെ എഴുതുന്നു…
ഇതിൽ എന്റെ പേര്, ഷെൽവിയുടെ പേര്, മൾബെറിയുടെ പേര്, മകളുടെ പേര്, ഷെൽവി എഴുതിയ വരികൾ, ഞാനെഴുതിയ വരികൾ, ഷെൽവി യുടെ പുസ്തകക്കുറിപ്പുകൾ എന്നിവ അതേപടി എടുത്ത് ചേർത്തിട്ടുണ്ട്. എന്നാൽ സുഷുമ്‌നാനാഡിപോലെ ഈ നോവലിൽ ഇഴചേർന്നു നിൽക്കുന്ന ആ യാത്രിക- അതു ഞാനല്ല.
ഈ ഞാൻ ഗ്രീസ് കണ്ടിട്ടില്ല. മൗണ്ട് ആഥോസ് കണ്ടിട്ടില്ല. കസാൻസാകിസിന്റെ ശവകുടീരം കണ്ടിട്ടില്ല. സാകിസ് തൻ്റെ രണ്ടാം ഭാര്യയായ എലിനിക്കൊപ്പം നോവലുകൾ എഴുതാൻവേണ്ടി തൻ്റെ പുരുഷായുസ് ചെലവിട്ട കൊക്കൂൺ എന്നു പേരായ എഴുത്തുപുര കണ്ടിട്ടില്ല. ഞാനാകെ കണ്ടത് എന്റെ കൊക്കൂണിൽനിന്നും വിരിഞ്ഞിറങ്ങിപ്പോയ അതിമനോഹരങ്ങളായ ചിത്രശലഭങ്ങളെമാത്രം. ചിറക് വിരിച്ചുയർന്നുപൊങ്ങിയ എൻ്റെ സ്വപ്‌പ്നങ്ങ ളെമാത്രം….
അപ്പോൾ മാത്രമാണ് ഇത് നഗ്നമായ ജീവചരിത്രമല്ലന്ന ബോധം എന്നിലുണ്ടായത്. വായനയിലുടനീളം ബെന്യാമിന്റെ ഭാവനയെ എനിക്ക് കാണാനായില്ല… വായനയുടെ ഇടവേളകളിൽ ഡി.സി ബുക്സിന്റെ വിപണന തന്ത്രം പോലൊന്നുമില്ലല്ലോ ഈ പുസ്തകം എന്ന് പോലും ചിന്തിച്ചു…
ധാരണകളെ മുഴുവൻ കാറ്റിൽ പറത്തിയതാണ് കസാൻദ്സാകിസിന്റെ ജീവിതക്കിലൂടെയും കൃതികളിലൂടെയും എഴുത്ത് പരിസരങ്ങളിലൂടെയും നടത്തുന്ന യാത്ര…
ഇതൊരു ജീവചരിത്രഗ്രന്ഥമല്ല. ഈ നോവലിലെ കഥാപാത്രങ്ങളിലേറെയും ജീവിച്ചിരിക്കുന്നവരും ജീവിച്ചിരുന്നവരുമാണ്. ഇതിലെ പേരുകൾ മിക്കതും നമുക്കെല്ലാം പരിചിതങ്ങളുമാണ്. എങ്കിലും അവർ എങ്ങനെ ജീവിച്ചു എന്നതിൻ്റെ പകർത്തെഴുത്തല്ല എങ്ങനെയൊക്കെ ജീവിച്ചിരുന്നിരിക്കാം എന്ന കഥാകാരൻ്റെ സങ്കല്പങ്ങൾ മാത്രമാണ് ഇതിലെ കഥാസന്ദർഭങ്ങളിലധികവും. കേട്ടുകേഴ് വിയിൽനിന്നും കെട്ടുകഥകളിൽനിന്നും പൊലിപ്പിച്ചെടുത്തവ. അവിടവിടെ ജീവിതത്തിന്റെ നേർത്ത നിഴൽ വീണുകിടക്കുന്ന ഒരു കഥയായിമാത്രം ഇതിനെ കാണുക എന്ന മുന്നറിയിപ്പിനെ അവഗണിക്കാനും പ്രസാധന രംഗത്തും എഴുത്തു വഴികളിലും ജീവിതം ഹോമിക്കപ്പെട്ടവരുടെ ജീവിതഗാഥയായി കൂടി നമുക്കീ പുസ്തകത്താളുകളെ വായിക്കാൻ കഴിയും.
വലിയ സസ്പെൻസുകളും കഥയിലേക്ക് ചേർത്തു നിർത്തുന്ന പൊടികൈകളും എവിടെയും കാണാനില്ലങ്കിലും കഥാപരിസരത്തു നിന്നും വിട്ടു പോകാനാകാത്ത ആകർഷണീയത വരുത്താൻ അധ്യായങ്ങളുടെ ചിട്ടപ്പെടുത്തലിന് ആയിട്ടുണ്ട്.
പുതുവായനക്കാലത്ത് ഹൃദ്യമായ നോവും നിരാശയും ആശങ്കയും പ്രതീക്ഷകളും പകർന്നു നൽകുന്ന അക്ഷര വിരുന്നാണ് ഡിസിയും ബന്യാമിനും നൻകിയതെന്ന് ഉറപ്പിച്ചു പറയുന്നു.
കടപ്പാട്
ഷിബു എസ്. തൊടിയൂർ
മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ ‘ വായിക്കു
കൂടുതൽ വായനാനുഭവങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ