DCBOOKS
Malayalam News Literature Website

മൾബെറി, എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ , പ്രിയപ്പെട്ടവയുടെ ലിസ്റ്റിലേക്ക് ഈ ഒന്നു കൂടി

മൾബെറി എന്നോട് അവളുടെ സോർബയെ കുറിച്ച് പറഞ്ഞപ്പോൾ…
ഒന്നുരണ്ടാഴ്ച മുൻപാണ്. നിനച്ചിരിക്കാതെ കോഴിക്കോട് വരെ ഒന്നു പോയി. ചുമ്മാ ഒരു പോക്ക്. പോയ വഴി ഹൈലൈറ്റ് മാളിൽ കയറി. കറക്കവും ഭക്ഷണവും കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ നടുത്തളത്തിൽ ഒരാൾക്കൂട്ടം. ഒരു ചേച്ചി കുറേ പുസ്തകങ്ങളുമായി ഇരിക്കുന്നു.
mulberry ennod ninte zormabye kurich parayu | മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ | mulberry book | mulberry movel | mulberry benyamin
ഒരു പുസ്തകം തിരഞ്ഞു വാങ്ങിയിട്ട് ഒത്തിരി നാളായിരുന്നു. അതിനോടുള്ള കൗതുകം ഉള്ളിലിരുന്ന് പറഞ്ഞുകൊണ്ടിരുന്നു “പോയി നോക്കെടി…”കുറെയൊന്നും തപ്പിയില്ല. ദാ ഇരിക്കുന്നു പ്രിയ കഥാകാരന്റെ പുതിയ പുസ്തകം! എനിക്കൊരു സമ്മാനം ഒരുക്കിയ പോലെ. വാങ്ങി ഇങ്ങ് പോന്നു.
ഒരു കാലത്തെ മുഴുവൻ സമയ പുസ്തകപ്പുഴുവിൽ നിന്നും പാഠപുസ്തകങ്ങളിലേക്കും തടിയൻ ശാസ്ത്രപുസ്തങ്ങളിലേക്കും PSC പഠനസഹായികളിക്കെയും മാത്രമായി ഒതുങ്ങിപ്പോയിരുന്നു എന്റെ തലച്ചോറ്. “ഇവളേതാണ്ട് പുതിയ സാധനം കൊണ്ടു വന്നിരിക്കുന്നു” എന്ന് അത്യാർത്തിയോടെ അത് പുസ്തകത്തെ ആഞ്ഞു മണത്തു. ആ ഒഴിഞ്ഞ വൈകുന്നേരം അത് പുതിയ ആശയങ്ങളിലേക്ക് നടന്നിറങ്ങി.
മൂന്ന് കാലഘട്ടങ്ങൾ, മൂന്ന് കഥാ സന്ദർഭങ്ങൾ, മൂന്ന് കാഥികർ. വായന മടുക്കാതെ മുന്നോട്ട്. പണ്ടു വായിച്ച കുറച്ചു പുസ്തകങ്ങൾ മൾബെറി പബ്ലിക്കേഷൻസിന്റെതായിരുന്നു എന്ന നേരിയ ഓർമ. അതിൽ കവിഞ്ഞതൊന്നും, എന്തിന് പുസ്തകങ്ങളുടെ പേരുകൾ പോലും എന്റെ തലക്കകത്ത് ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് കുറേ പുസ്തകങ്ങളെ ജനിപ്പിച്ച ആ സാമ്രാജ്യത്തിന്റെ പിറവിയും വളർച്ചയും ഇടർച്ചയും ഈ കഥ എനിക്ക് പറഞ്ഞു തരുന്നത്. സർഗ്ഗാത്മകതയും യാഥാർത്ഥ്യവും മനോഹരമായി ഇഴചേർന്ന നോവൽ.
കഥാപാത്രങ്ങൾ തമ്മിലെ സംഭാഷങ്ങൾക്കും കത്തുകളിലും കാല്പനികത അല്പം കൂടുതലല്ലേ എന്ന് തോന്നുമ്പോഴൊക്കെ ഞാൻ എന്നെ തന്നെ ശാസിച്ചു ” ബുദ്ധുസേ… സാധാരണക്കാരുടെ കഥയല്ല! എഴുത്തുകാരാണ്.. പ്രസാധകാരാണ്.. അവരുടെ ജീവിതമാണ്… ” എന്റെ കണ്ണിൽ ഒരു സിനിമ പോലെ ആ ജീവിതങ്ങൾ വന്നു നിറഞ്ഞു.
കഥയിലെ യഥാർത്ഥ നായകൻ നിക്കോസ് കസൻസാക്കിസ് ആണോ മൾബെറിയുടെ ആത്മാവായിയുന്ന ഷെൽവി ആണോ എന്ന് ചോദിച്ചാൽ ഒരു എളിയ വായനക്കാരിയുടെ സ്വാതന്ത്ര്യത്തോടെ ഞാൻ പറയും ഇവർ രണ്ടുമല്ല ഇരുവരെയും ഉയിരോളം പ്രണയിക്കുന്ന ഡെയ്സി ജാക്വലിൻ ആണെന്ന്. നോവലിസ്റ്റിന്റെ സകൽപ്പങ്ങൾ അവരെ എനിക്കു മുന്നിൽ വരച്ചു വെച്ചത് കറയറ്റ ഒരു പ്രണയിനി ആയാണ്, “മറ്റേത് സുഖലേപനത്തെക്കാളും പ്രണയം നൽകുന്ന വേദന” ആസ്വദിക്കുന്ന ഒരുവൾ, കരുത്തയായ അമ്മയായാണ്, അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത സ്വപ്‌നങ്ങളെ സ്നേഹിച്ച ഒരുവൾ.. ഞാൻ അവരെ ആരാധിക്കുന്നു.
കഥയുടെ കാതലായ നികോസ് കസൻസാക്കിസിനെ ഞാൻ വായിച്ചിട്ടില്ല. ഈ പുസ്തകം വായിക്കും വരെയും എനിക്ക് അദ്ദേഹത്തെ പറ്റി അറിയുമായിരുന്നില്ല. ” സാക്കിസിനെ വായിക്കാത്തവർ എങ്ങനെയാടോ നല്ല വായനക്കാരൻ ആകുന്നത്? ” എന്ന ചോദ്യം കെട്ടില്ലെന്ന് നടിക്കട്ടെ. ഞാൻ ശരാശരിയിൽ താഴെയാണ്. പക്ഷേ സാക്കിസിന് ഷെൽവിയെ അത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞെങ്കിൽ അതിനുമാത്രം എന്ത് മാജിക്കാകും ആ പുസ്തകങ്ങളിൽ ഉണ്ടായിരിക്കുക എന്ന കൗതുകം എനിക്കുണ്ട്. അദ്ദേഹത്തെയും വായിക്കണം…
ഒരു പുസ്തകം പൈസ മുടക്കി വാങ്ങുകയോ ലൈബ്രറിയിൽ നിന്ന് എടുക്കുകയോ ചെയ്ത് വായിക്കുന്നു. ആസ്വദിക്കുന്നു. എഴുത്തിന്റെ മനോഹരിതയും എഴുത്തുകാരന്റെ കഴിവും ഓർത്ത് അത്ഭുതം കൂറുന്നു. എനിക്കും ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് ഉള്ളുകൊണ്ട് ആശിക്കുന്നു. ഇതിനപ്പുറം ഇതൊരു പുസ്തകമായി എന്റെ കയ്യിൽ എത്തിക്കുന്നതിൽ പ്രസാധകരുടെ പങ്കെന്താണ് എന്ന് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ലല്ലോ… എഴുതുകാരൻ പുസ്തകത്തെ പ്രസവിക്കുന്നു, പ്രസാധകൻ അതിനെ പോറ്റി വളർത്തുന്നു. രണ്ടും പ്രധാനം തന്നെ.
ഒറ്റയിരുപ്പിന് വായിച്ചു തീർത്തതല്ല., ആസ്വദിച്ചു വായിച്ചു.. അതേ പറ്റി എന്തെങ്കിലും ഒന്നെഴുതണം എന്ന് തോന്നി. നീണ്ട ഒരിടവേളക്ക് ശേഷം വായനയിലേക്ക് എന്നെ തിരികെയെത്തിച്ച പുസ്തകമാണ്… വീണ്ടും എഴുതാനുള്ള ധൈര്യം തന്ന പുസ്തകമാണ്.. പ്രിയപ്പെട്ടവയുടെ ലിസ്റ്റിലേക്ക് ഈ ഒന്നു കൂടി… വായനക്കിടയിൽ ഇഷ്ട്ടം തോന്നിയ വരികൾക്ക് നിറം പകർന്നു പുസ്തകം മടക്കി വെക്കട്ടെ…
സസ്നേഹം
ഫൈഖ ജാഫർ

Leave A Reply