മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ – വായനയ്ക്ക് പ്രലോഭിപ്പിക്കുന്ന ആകർഷണീയത
ബാലചന്ദ്രൻ പി ഇടവയുടെ വായനാനുഭവത്തിലൂടെ
ബെന്യാമിൻ്റെ ഏറ്റവും പുതിയ പുസ്തകമായ ‘മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ‘ ഇക്കഴിഞ്ഞ ദിവസമാണ് കൈയിലെത്തിയത്. കാണുമ്പോൾത്തന്നെ മനസ്സിൽ ഒരു സന്തോഷം തോന്നും! മനോഹരമായ കവർചിത്രവും ആകർഷകമായ ലേഔട്ടും… ഗ്രന്ഥകാരൻ്റെ കൈയൊപ്പോടുകൂടിയ സ്പെഷ്യൽ എഡിഷൻ, ഉള്ളിൽ കഥാസന്ദർഭങ്ങളുമായി ബന്ധപ്പെട്ട അപൂർവ്വ മുദ്രകളും!

പതിയെ വായിക്കാമെന്ന് കരുതി മാറ്റിവച്ചതായിരുന്നു. പക്ഷേ, മുന്നിലിരിക്കുമ്പോൾ വായനക്ക് പ്രലോഭിപ്പിക്കുന്ന എന്തോ ഒരു ആകർഷണീയത! വെറുതേ കൈയിലെടുത്ത് മറിച്ചുനോക്കിയിരുന്ന ഞാൻ അറിയാതെ വായനയിലേക്ക് വീണു. പേജുകൾ മറിയുന്തോറും ഞാനെൻ്റെ കൗമാരകാലത്തിലേക്ക് തിരികെയെത്തുന്ന പോലെ! അന്നൊക്കെ മൾബെറി അത്രമേൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നല്ലോ.
കസൻദ്സക്കീസിനെ ഞാനാദ്യം വായിക്കുന്നത് ‘മൾബെറി’യിലൂടെയാണ്. 1985 ലാണ്, മലയാളത്തിൽ ആദ്യമായി, അദ്ദേഹത്തിൻ്റെ ‘ഭ്രാതൃഹത്യകൾ’ എന്ന പുസ്തകത്തിൻ്റെ ഒരുഭാഗം ‘ലിയോണിദാസിൻ്റെ ഡയറി’ എന്നപേരിൽ, ഡെയ്സി വിവർത്തനം ചെയ്ത്, ‘മൾബെറി‘ പ്രസിദ്ധീകരിക്കുന്നത്. തൊട്ടടുത്ത വർഷം, അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട്, ‘കസൻദ്സക്കീസ് ജീവിതവും രചനയും’ എന്നൊരു പുസ്തകം ഷെൽവിയുടെ ആമുഖക്കുറിപ്പ് സഹിതം പുറത്തിറങ്ങുന്നു. അതിൽ, ആ സമയത്ത് ഏറെ വിവാദം സൃഷ്ടിച്ച, ‘ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം’ എന്ന പുസ്തകത്തിൻ്റെ അവസാന ഭാഗവും ‘ലിയോണിദാസിൻ്റെ ഡയറി’യും ഏതാനും ചില പഠനങ്ങളുമാണ് ഉൾപ്പെടുത്തിയിരുന്നത്.
അതായിരുന്നു എനിക്ക് കസൻദ്സക്കീസിലേക്ക് തുറന്നുകിട്ടിയ വാതിൽ. ഹിമാലയപാതകളിലെ ഏകാന്തമായ അലച്ചിലുകളിൽ ആ പുസ്തകമെനിക്കൊരു സഹചാരിയായിരുന്നു. അക്കാലത്തെ എൻ്റെ ഡയറിക്കുറിപ്പുകളിൽ അതിൽ നിന്നുള്ള നിരവധി ഉദ്ധരണികൾ കുറിച്ചുവച്ചിട്ടുണ്ട്. അവയിൽച്ചിലത് ബെന്യാമിൻ്റെ പുസ്തകത്തിൽ വീണ്ടും വായിക്കുമ്പോളൊരു ഉൾപ്പുളകം! ഞാനാ ജീവിതം വീണ്ടും ജീവിക്കുന്നപോലെ!
‘മൾബെറി‘ പ്രസിദ്ധീകരണരംഗത്തെ ഒരു വിസ്മയമായിരുന്നു. ഷെൽവിക്ക് പുസ്‌തകങ്ങൾ ഒരിക്കലും ഒരു കച്ചവടവസ്തു ആയിരുന്നില്ല, അതയാളുടെ ആത്മാവായിരുന്നു. ആർക്കും കണക്കുകൂട്ടാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അയാളതിന്മേൽ നിക്ഷേപിച്ച ഊർജ്ജവും സമയവും. ഡി.സി പോലുള്ള വൻകിട പ്രസാധകർ ചിന്തിക്കുകപോലും ചെയ്യാത്ത വഴികളിലൂടെയാണ് ഷെൽവി സഞ്ചരിച്ചത്. പുസ്തകങ്ങളുടെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മൾബെറി കൊണ്ടുവന്ന പുതുമകൾ ചെറുതായിരുന്നില്ല. ആഗോളപ്രസിദ്ധരുടെയും പുതുനിര എഴുത്തുകാരുടേയും രചനകൾ ഒരുപോലെ പുസ്തകരൂപത്തിൽ വായനക്കാരിലേക്ക് എത്തിക്കാൻ അവർക്ക് സാധിച്ചു, അതും കാര്യമായ വിപണന ശൃംഖലകൾ ഒന്നുമില്ലാതെ, തപാൽ മാർഗ്ഗം. ‘മൾബെറി’ നമ്മുടെ പ്രസിദ്ധീകരണ രംഗത്ത് പുതുമയുടെ വസന്തം വിരിയിക്കുകയായിരുന്നു.
എന്നാൽ, ദൗർഭാഗ്യവശാൽ മൾബെറിക്ക് തങ്ങളുടെ പ്രാഭവം അതേനിലയിൽ, അധികവർഷങ്ങൾ, തുടരാനായില്ല. പലവിധ കാരണങ്ങളാൽ ‘മൾബെറി’യുടെ പ്രവർത്തനം പ്രതിസന്ധിയിലായി, ആയിരങ്ങളിൽ തുടങ്ങിയ കടം ലക്ഷങ്ങളിൽ പെരുകി. ഒടുവിൽ അതിൻ്റെ എല്ലാമെല്ലാമായിരുന്ന ഷെൽവിയുടെ അകാലത്തിലുള്ള ആത്മഹത്യ ‘മൾബെറി’യുടെയും അന്ത്യം കുറിച്ചു.
ബെന്യാമിൻ്റെ പുസ്തകം ആ കഥയാണ് പറയുന്നത്, അത് ഷെൽവിയുടേയും മൾബെറിയുടെയും കഥയാണ്. അതിലുപരി, അത് ഡെയ്സിയുടെ കഥയാണ്, വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, ഷെൽവിയോടൊപ്പം ജീവിക്കാൻ, പതിനെട്ടാം വയസ്സിൽ ഇറങ്ങിത്തിരിച്ച ഡെയ്സിയുടെ കഥ. അവയ്ക്ക് സമാന്തരമായി കസൻദ്സക്കീസിൻ്റെ ജീവിതവും, വ്യത്യസ്ത ഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവിതപങ്കാളികളായിരുന്ന ഗലാറ്റിയ, ഹെലൻ എന്നിവരുടെ കഥകളും അതിൽ ഉൾച്ചേരുന്നു. കസൻദ്സക്കീസിൻ്റെ പ്രസിദ്ധ കഥാപാത്രമായ അലക്സിസ് സോർബക്ക് പൂർവ്വമാതൃകയായ ജോർജ്ജ് സോർബാസ് എന്ന യഥാർത്ഥ മനുഷ്യൻ്റെ ജീവിതകഥയും അതിലുണ്ട്. പലകാലങ്ങളിലെ, പല ജീവിതങ്ങളുടെ കഥയാണത്.
ഷെൽവിയും ഡെയ്സിയും തമ്മിലുള്ള പ്രണയവും ‘മൾബെറി’യുടെ വളർച്ചയും അസാധാരണമാംവിധം പരസ്പരം ഇഴചേർന്നിരിക്കുന്നു. രണ്ടും ഒരുമിച്ചു തളിർത്തു, ഒരേകാലത്ത് പൂത്തുവിടർന്നു, പിന്നീട് പതിയെ, അകൽച്ചയുടെയും, നിരാസത്തിൻ്റെയും, ആത്യന്തികമായ തകർച്ചയുടെയും ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു.
അവരുടെ കൗമാരപ്രണയത്തിന് തീവ്രപരിണാമങ്ങൾ സംഭവിക്കുന്നതും ഉള്ളുകൊണ്ട് ഒന്നായവർ പിന്നീട് പതിയെ അകന്നുമാറുന്നതും നാമിതിൽ കാണുന്നു. കാമുകീകാമുകരായി തുല്യതാബോധത്തിൽ ഇടപഴകിയിരുന്ന രണ്ടുപേർ വിവാഹിതരായിക്കഴിയുമ്പോൾ, അതിലൊരാൾ അടുത്ത നിമിഷം മുതൽ ഭർത്താവ് എന്ന ഉടമസ്ഥനായി പരിണമിക്കുന്നത് അത്രയൊന്നും അസാധാരണമല്ല എന്നാണ് നമ്മുടെ അനുഭവം. അത്തരമൊരു ഭാവപ്പകർച്ച ഷെൽവിക്കും സംഭവിക്കുന്നത് ഡെയ്സി വേദനയോടെ അറിയുന്നുണ്ടായിരുന്നു. ബൊഹീമിയൻ ജിവിതമെന്നൊക്കെ സങ്കല്പിച്ച്, വിവാഹം രജിസ്റ്റർ ചെയ്യേണ്ട കാര്യം പോലുമില്ല എന്നു തുടക്കത്തിൽ വാചാലനായിരുന്നയാൾ, പിന്നീട് ചില നേരങ്ങളിൽ പെണ്ണിൻ്റെ സ്വാതന്ത്ര്യവും വ്യക്തിത്വവും തന്നെ നിരാകരിച്ച്, സ്വന്തം ഇഷ്ടങ്ങൾ അടിച്ചേല്പിക്കുന്ന, യാഥാസ്ഥിതിക ഭർത്താവായി മാറുന്നു. അവളെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് വെറും പൊള്ളയായ ഒരു മൺപ്രതിമ മാത്രമായി തോന്നുന്നു, അത് വീണുടഞ്ഞുപോയതായി അവൾക്ക് അനുഭവപ്പെടുന്നു.
പ്രണയവും വിവാഹവുമൊക്കെ സർഗ്ഗാത്മകത കൈമുതലായുള്ള ഒരു പെണ്ണിൻ്റെ കഴിവുകളെ എങ്ങനെയാണ് മുരടിപ്പിച്ചു കളയുന്നത് എന്നും ഡെയ്സിയുടെ ജീവിതം കാട്ടിത്തരുന്നു. പതിനെട്ടാം വയസ്സിൽ കവിതകൾ എഴുതി പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങൾ വിവർത്തനം ചെയ്യുകയുമൊക്കെ ചെയ്ത ഒരു പെൺകുട്ടി നിശ്ശബ്ദയായിപ്പോകുന്നു. അവൾ പതിയെ പുറംലോകത്തിൽ നിന്നെല്ലാം ഉൾവലിയുന്നു.
എങ്കിലും ഡെയ്സിയുടെ മനസ്സിൽ ഷെൽവി, എല്ലാ കുറ്റങ്ങളോടെയും കുറവുകളോടെയും, എല്ലായ്പോഴും പ്രണയത്തിൻ്റെ അടയാളമുദ്രയായി നിലനില്കുന്നുണ്ട്. ഷെൽവിക്കും ഒരുപക്ഷേ അതങ്ങനെ തന്നെ ആയിരുന്നിരിക്കാം, അപ്പോഴും അയാളേതൊക്കെയോ വഴിതെറ്റലുകളിലൂടെ കടന്നുപോകുന്നതിൻ്റെ സൂചനകളുമുണ്ടല്ലോ. ഏറ്റവും അവസാനം ഡെയ്സിക്ക് എഴുതിയ ഒരു കത്തിൽ “ഡെയ്സി ഇല്ലാത്ത മൾബെറി ഒറ്റച്ചിറകുള്ള ഒരു പക്ഷിമാത്രമാണെന്ന്” വളരെ വൈകിയയാൾ തിരിച്ചറിയുന്നുണ്ട്. അപ്പോഴേക്കും, പക്ഷേ, ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാത്തവിധം ആ തകർച്ച പൂർത്തിയായിക്കഴിഞ്ഞിരുന്നു.
കസൻദ്സക്കീസ് ജീവിച്ച ഇടങ്ങളിലൂടെ ഡെയ്സി നടത്തുന്നതായി സങ്കല്പിക്കപ്പെടുന്ന യാത്രയാണ് നോവലിൻ്റെ ഒരുപാതിയുടെ പശ്ചാത്തലം, മറുപാതിയാകട്ടെ ഷെൽവിയെക്കുറിച്ചുള്ള ഡെയ്സിയുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കസൻദ്സക്കീസിൻ്റെയും ഷെൽവിയുടേയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ, ഗ്രീസിലും കോഴിക്കോടുമായി, വ്യത്യസ്ത സ്ഥലകാലങ്ങളിൽ ഇഴപിരിഞ്ഞ്, ആഖ്യാനം പുരോഗമിക്കുന്നു. ഇരുപത്തേഴ് വർഷങ്ങളായി ‘ഷെഹ്നായി’ എന്ന വീട്ടിൻ്റെ മുറ്റത്ത് സകലതിനും സാക്ഷിയായി നില്ക്കുന്ന മൾബെറിച്ചെടിയും, ആ വീട്ടിലെ കാഴ്ചശക്തിയില്ലാത്ത വളർത്തുതത്തയായ ‘പിങ്കി’യുമൊക്കെ പലപ്പോഴായി ആഖ്യാനം മുന്നോട്ടു കൊണ്ടുപോകുന്നു.
ഷെൽവിയുടെയും ഡെയ്സിയുടെയും ജീവിതത്തിനെ നിർണ്ണയിക്കുന്നതിൽ കസൻദ്സക്കീസിൻ്റെ രചനകൾ ചെലുത്തിയ സ്വാധീനം വലുതാണ്. അവരുടെ പ്രണയം തുടങ്ങാൻ കാരണമായതുതന്നെ അദ്ദേഹത്തിൻ്റെ പുസ്തകങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളാണ്.
കസൻദ്സക്കീസിൻ്റെയും ഷെൽവിയുടേയും മനോഘടനയിലെ സാദൃശ്യം ഡെയ്സിയെ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നുണ്ട്. ചെറിയ കാര്യങ്ങളിൽ അളവറ്റ് ആഹ്ളാദിക്കുകയും, തീരെച്ചെറിയ പ്രാതികൂല്യങ്ങളിൽപ്പോലും അസ്വസ്ഥതയുടെ കൊടുമുടി കയറുകയും ചെയ്യുന്നവർ. സർഗ്ഗാത്മകത രണ്ടുപേർക്കും കടുത്ത നോവായിരുന്നു നല്കിയിരുന്നത്. പട്ടുനൂൽപ്പുഴു മൾബെറിയിലകൾ തിന്ന് സുവർണ്ണനാരുകൾ മെനഞ്ഞെടുക്കുന്നതിനോടാണ് കസൻദ്സക്കീസ് സർഗ്ഗാത്മക പ്രക്രിയയെ താദാത്മ്യപ്പെടുത്തുന്നത്. പട്ടുനൂൽപ്പുഴു തുന്നുന്നത് അതിൻ്റെ ശവക്കച്ച തന്നെയാണ് എന്ന് അദ്ദേഹം എഴുതുന്നുണ്ട്. അതു വായിച്ച്, ഷെൽവി ഡെയ്സിയുടെ മുന്നിലിരുന്നു പൊട്ടിക്കരയുന്നുണ്ട്. കാരണം, ഈ ജീവിതകാലത്തിൽ താൻ സർവ്വസ്വവും സമർപ്പിക്കുന്ന ഈ സർഗ്ഗാത്മക പ്രവർത്തനങ്ങൾ തന്നെ തൻ്റെ ശവക്കച്ചയായി മാറുമെന്ന് ഷെൽവി, ഒരുപക്ഷേ, വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു.
ഗ്രീസിലൂടെയുള്ള യാത്രയിൽ ഡെയ്സിക്ക് നിനച്ചിരിക്കാതെ ഒരു വഴികാട്ടിയെ കിട്ടുന്നുണ്ട്, ജോർജിയോ. സോർബയുടെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന, അനിശ്ചിതത്വങ്ങൾ നിറഞ്ഞ, അസാധാരണപ്രകൃതിയായ ഒരാൾ. അയാളുടെ സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ കസൻദ്സക്കീസുമായി ബന്ധപ്പെട്ടയിടങ്ങൾ പലതും അവൾക്ക് അപ്രാപ്യമാകുമായിരുന്നു. ആയിരത്തി അഞ്ഞൂറിലേറെ വർഷങ്ങളായി നിലനില്കുന്നതും സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതുമായ മൗണ്ട് ആഥോസിലെ സന്യാസി മഠങ്ങൾ, അവിടേക്കുള്ള ബോട്ടുകൾ പുറപ്പെടുന്ന ഔറാനോപോളി, ഏകാന്തമായ ഡ്രീനിയ ദ്വീപ്, ഏതൻസ്, പൈറിയസ് തുറമുഖം, എജീന ദ്വീപിലെ സാക്കിസിൻ്റെ ‘കൊക്കൂൺ’ എന്ന വീട്, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ക്രീറ്റ്, അങ്ങനെ പലതും ആ യാത്രയിൽ നമുക്ക് അനുഭവവേദ്യമാകുന്നു. ഈ ഭാഗങ്ങളിൽ നോവലിനൊരു യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ ചാരുതകൂടി കൈവരുന്നുണ്ട് എന്നതാണ് വാസ്തവം. ഗ്രീസെന്ന രാജ്യത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്നും, ഈജിയൻ കടൽ താണ്ടണമെന്നുമൊക്കെയുള്ള മോഹങ്ങൾ മനസ്സിൽ പതിപ്പിച്ചുകളഞ്ഞു ഈ വായന.
കസൻദ്സക്കീസിൻ്റെ സ്വന്തം നാട്ടിൽ അദ്ദേഹത്തിൻ്റെ ജീവിതവും കഥാപാത്രങ്ങളുമൊക്കെ ഇപ്പോഴും സജീവമായ ചർച്ചക്ക് വിധേയമാക്കപ്പെടുന്നുണ്ട്. സോർബയെ ആരാധിക്കുന്ന കുറേയേറെ മനുഷ്യരുടെ ഇടയിലിരുന്ന് “സോർബയെപ്പോലെ സ്ത്രീവിരുദ്ധനായ ഒരു കഥാപാത്രം ഈ ഭൂമിയിലുണ്ടോ?” എന്ന് ഔറനോപോളിയിൽ വച്ചുകണ്ട ഇവ ദിമിദ്രിസ് ചോദിക്കുന്നുണ്ട്. അതിനു മറുപടിയെന്നോണം, കസൻദ്സക്കീസ് എഴുതിപ്പൊലിപ്പിച്ചതൊന്നുമല്ല യഥാർത്ഥ സോർബ എന്ന് ജോർജിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സക്കീസ് തനിക്ക് ആവാൻ കഴിയാതിരുന്നതും, ആവാൻ മോഹിച്ചതുമൊക്കെ സോർബയുടെമേൽ കെട്ടിവയ്ക്കുകയായിരുന്നുവത്രെ. യഥാർത്ഥ സോർബ എന്തായിരുന്നു എന്ന് അയാൾ വ്യക്തമാക്കുന്നുണ്ട്, യഥാർത്ഥ കസൻദ്സക്കീസ് എന്തായിരുന്നു എന്നും.
എല്ലാമറിഞ്ഞുകഴിഞ്ഞാലും കസൻദ്സക്കീസ് എന്ന മനുഷ്യനെക്കുറിച്ച്, അയാളിലെ എഴുത്തുകാരനെക്കുറിച്ച്, നമുക്കുള്ള മതിപ്പ് അല്പംപോലും ഉലയാതെ തന്നെ തുടരും എന്നത് തീർച്ച.
കസൻദ്സക്കീസിനെ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡെയ്സിയെ തേടിയെത്തിയ വിഷ്ണുവും സ്നേഹയും അവളെ ഒരു പുസ്തകത്തിൻ്റെ വിവർത്തന ജോലിയിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്, സക്കീസ് തൻ്റെ രണ്ടാം ഭാര്യയായ എലിനി എന്ന ഹെലന് എഴുതിയ കത്തുകളുടെ അടിസ്ഥാനത്തിൽ ഹെലൻ തയ്യാറാക്കിയ ‘Nikos Kazantzakis: A Biography Based on His Letters’ എന്ന പുസ്തകമായിരുന്നു അത്. ജീവിതവും പ്രണയവും സങ്കടവും ഭാരവും പ്രത്യാശയും പങ്കുവയ്ക്കുന്ന അഞ്ഞൂറ്റി നാല്പത്തിയൊൻപതു കത്തുകൾ! അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു നിമിഷം പോലും ആ കത്തുകളിലേക്കു പകർത്തപ്പെടാതെപോയിട്ടില്ല. ഒരുകാലത്ത് മനുഷ്യർ പ്രണയിച്ചതിൻ്റെ, കൂട്ടുകൂടിയതിന്റെ, ആധിപൂണ്ടതിന്റെ, സങ്കടപ്പെട്ടതിൻ്റെ, കാഴ്‌ചകൾ കണ്ടതിൻ്റെ, സ്വപ്നങ്ങൾ പങ്കിട്ടതിന്റെ, ഒക്കെ ജീവിച്ചിരിക്കുന്ന തെളിവുകളാണ് ആ കത്തുകളൊക്കെയും. കത്തുകൾ എഴുതാൻ അറിയാത്ത ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്നത് എന്തെന്ന് നാമപ്പോൾ ഓർത്തു പോകുന്നു. എൻ്റെയൊക്കെ തലമുറ കത്തെഴുതി ശീലിച്ചവരാണ്, പിന്നീട് ആ വിദ്യ മറന്നവരും. പ്രിയപ്പെട്ടൊരാൾക്ക് ദീർഘമായൊരു കത്തെഴുതി സ്വന്തം ആത്മാവിനെ അതിൽ പ്രതിഫലിപ്പിക്കാൻ ഇനിയാകുമോ? അതിൻ്റെ മറുകുറി കാത്തിരിക്കുമ്പോഴുള്ള സുഖദനൊമ്പരം അനുഭവിക്കാൻ ഇടയുണ്ടാകുമോ?
ആ ഭാഗം വായിക്കുമ്പോൾ അങ്ങനെയും ചില നെടുവീർപ്പുകൾ തൊണ്ടയിൽ കുരുങ്ങുന്നു.
കത്തെഴുതുന്നതിൽ ഷെൽവിയും ഒട്ടും പിന്നിലായിരുന്നില്ല. ഈ പുസ്തകത്തിൽ പലയിടത്തും ഷെൽവിയുടെ മനോവ്യാപാരം നാമറിയുന്നത് ‘എസ്’, ‘ഡി’ ക്ക് അയച്ച കത്തുകളിലൂടെയാണല്ലോ. തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയിൽ ഏറ്റവും ഇഷ്ടമായ പുസ്തകം ഏതെന്ന ഡെയ്സിയുടെ ചോദ്യത്തിന് ഷെൽവി പറയുന്ന മറുപടി “ജിബ്രാൻ്റെ പുസ്തകം, മേ സിയദയ്ക്ക് എഴുതിയ കത്തുകൾ” എന്നാണ്. എൻ്റെയും ഇഷ്ടപ്പെട്ട പുസ്തകമാണല്ലോ അത് എന്നോർത്ത് ഞാൻ വിസ്മയിക്കുന്നു.
ഔറാനോപോളിയിലെ കടൽതീരത്തിൽ ഒറ്റക്കിരിക്കുമ്പോൾ ഡെയ്സിക്ക് സന്ന്യാസിമാർക്കുമാത്രം സാധ്യമാകുന്ന ഒരു നിർമ്മമത കൈ വരുന്നതായി തോന്നുന്നുണ്ട്. ഒന്നിനോടും ഒരാസക്തിയും വിരക്തിയും മമതയും വിദ്വേഷവുമില്ല. ഇന്നലെകളെയും നാളെകളെയുമോർത്തുള്ള ഖേദവും ആകുലതകളുമില്ല. നഷ്ടങ്ങളുടെ ദുഃഖവും നേട്ടങ്ങളുടെ ആഹ്ലാദവുമില്ല. എല്ലാം തോന്നൽമാത്രമാണെന്ന തിരിച്ചറിവിന്റെ വെളിച്ചം ശിരസ്സിൽ നിറയുന്നപോലെ. താൻ എന്തു സങ്കടങ്ങളുടെ ഭാരങ്ങൾപേറിയാണോ ഈ യാത്രയ്ക്ക് പുറപ്പെട്ടത് അതെല്ലാം പതിയെ അഴിഞ്ഞുപോകുന്നപോലെ. അതിൽ ലയിച്ച് അവൾ കണ്ണടച്ചിരിക്കുകയാണ്. അപ്പോഴാണ് കുറച്ചപ്പുറത്ത് മാറിയിരിക്കുന്ന ഒരു സ്ത്രീയുടെ ചോദ്യമവൾ കേൾക്കുന്നത്:
“എന്തുകൊണ്ടാവാം എത്ര കണ്ടാലും ആർക്കും കടൽ മടുക്കാത്തത്?”
അതിന് ഡെയ്സി പറയുന്ന മറുപടി ഇതാണ്:
“കടൽമാത്രമല്ല ആകാശം കണ്ടാലും മടുക്കില്ല. മനുഷ്യന്റെ കാഴ്ച്‌ചയിലും ബുദ്ധിയിലും ചിന്തയിലും ബോധ്യത്തിലും ഒതുങ്ങുന്നതൊക്കെയാണ് നമുക്ക് മടുക്കുക. ഒരാളെ മടുത്തു എന്നതിനർത്ഥം അയാളെ നമുക്ക് സമ്പൂർണ്ണമായും മനസ്സിലായിക്കഴിഞ്ഞു എന്നാണ്.”
എത്ര സത്യം! മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഏറ്റവും സാരവത്തായ നിരീക്ഷണമായി അത് മാറുന്നു.
ഈ പുസ്തകം, അത് വായിച്ചു കൊണ്ടിരുന്ന അല്പനേരത്തേക്കെങ്കിലും, എന്നെ കുറച്ചുകൂടി നല്ല മനുഷ്യനാക്കിയിട്ടുണ്ടാകണം എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. നന്മയുടെ ഏതോ ചില അംശങ്ങൾ എന്നെ വന്നു സ്പർശിച്ചു പോകുന്നത് ഞാനറിഞ്ഞിരുന്നു. എങ്കിലും പുസ്തകം മടക്കിവച്ച് അധികം താമസിയാതെ ഞാനെൻ്റെ നിസ്സാരതയിലേക്ക് മടങ്ങിയിട്ടുമുണ്ടാകും. അതിൽനിന്ന് എനിക്കൊരു മോചനമില്ല, അതിനെ ഇടയ്ക്കൊക്കെ തിരിച്ചറിയാൻ ഇത്തരം പുസ്തകങ്ങൾ നിമിത്തമാകുന്നു എന്നു മാത്രം!
നന്ദി ബെന്യാമിൻ, അക്ഷരങ്ങൾക്കുവേണ്ടി ജീവിതം ഹോമിച്ച ഒരു കവിയെ, പ്രസാധകനെ ഓർത്തതിന്; അയാളുടെ ജീവിതത്തിൻ്റെ പച്ച നമുക്കുമുന്നിൽ തുറന്നുവച്ചതിന്; കൗമാരകാല ഓർമ്മകളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയതിന്; എല്ലാത്തിനുമുപരി, മലയാളം ഒരിക്കലും മറക്കാൻ പാടില്ലാത്തൊരു പ്രസാധകന് അക്ഷരങ്ങൾ കൊണ്ട് തിലോദകം അർപ്പിച്ചതിന്!
കടപ്പാട്
ബാലചന്ദ്രൻ പി ഇടവ.
‘ മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ‘ വായിക്കുന്നതിനായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ