മുടിത്തീ (Mudithee) – ആദിയുടെ കവിതാസമാഹാരം
മുടിത്തീ പുസ്തകത്തെ കുറിച്ച്
ക്വിയർ സ്വത്വത്തിൻ്റെ രാഷ്ട്രീയവും നൊമ്പരവും അടയാളപ്പെടുത്തുന്ന 40 കവിതകളുടെ സമാഹാരമാണ് ആദിയുടെ മുടിത്തീ. ലിംഗപദവിയുടെ അസ്ഥിരത, ഭാഷയുടെ പരിമിതികൾ, വീടില്ലായ്മ, അടിച്ചമർത്തപ്പെട്ട കുട്ടിക്കാലം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. തൻ്റെ ഉള്ളിലെ ആൺകുട്ടിയോട് വിടപറയാൻ ആഗ്രഹിക്കുന്ന കവി, പാരമ്പര്യ കവിതാവഴികളെ നിഷേധിച്ച് മൗലികമായ രൂപകങ്ങളിലൂടെ പുതിയൊരു ഭാഷ തേടുന്നു. സച്ചിദാനന്ദൻ്റെ അവതാരികയും രേഖാരാജിൻ്റെ പഠനവും ഉൾക്കൊള്ളുന്ന ഈ കൃതി മലയാള കവിതയുടെ ജനാധിപത്യവൽക്കരണത്തിൻ്റെ മികച്ച ഉദാഹരണമാണ്.
മുടിത്തീ പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ക്വിയർ എഴുത്താളായ ആദിയുടെ 40 കവിതകളാണ് ഈ സമാഹാരത്തിൽ.ഭാഷ, ശരീരം, പ്രേമം, വീട്, സത്യം,,ഇവകളെ പ്രശ്നവൽക്കരിക്കുന്നതാണ് ഈ കവിതകളിൽ അധികവും.ഇല്ലാത്ത ഒരു ഭാഷ തേടാനുള്ള ശ്രമത്തിൽ ആദി അപരിചിതമായ വാക്കുകളും മൌലികമായരൂപകങ്ങളും കണ്ടെത്തുന്നു. ശരീരത്തിൻെറ അസ്ഥിരത_ എപ്പോഴും ആണും പെണ്ണുമാകുന്ന അവസ്ഥ _ തിരിച്ചറിയുന്നു. പരിചിതമായതിനെ അപരിചിതമാക്കുന്ന ഒരുനോട്ടം ഈ കവിതകളിലുണ്ട്. ആത്മഹത്യയുടെ വക്കുകളിലൂടെ നീങ്ങുന്ന വാക്കുകളുണ്ട്. അലയുന്നവൻെറ താല്കാലികമായ അഭയസ്ഥാനങ്ങളാണ് വീടുകൾ എന്നുകരുതുന്ന കവിക്ക് ശാശ്വതമായ വീടില്ല. തൻെറ ഉള്ളിലുള്ള ആൺകുട്ടിയോട് വിടപറയണമെന്ന് ഇയാൾക്കുണ്ട്. എല്ലാ യാത്രകളും വീടുവിട്ടിറങ്ങലും വേരറുക്കലുമാണെന്ന് കവി കാണുന്നു.സത്യം പലതാണെന്ന് തിരിച്ചറിയുന്നു. ലോകത്തെ തിരിച്ചുവായിക്കുന്ന ശക്തമായ രചനകളാണിത്. അ, ആ. ഇ, ഈ, ഉ, ഊ, യുദ്ധവിരുദ്ധ കവിതകൾ, ദേശവിരുദ്ധ കവിതകൾ,പൊതപ്പ്, രണ്ട് പെണ്ണുങ്ങൾ ചുംബിക്കുമ്പോൾ, ആണുങ്ങൾക്കെന്തിനാണുടൽ ഒരാകാശമെങ്കിലും ഇപ്പോഴും ബാക്കിയുണ്ട് തുടങ്ങിയ കവിതകൾ. ആമുഖക്കുറിപ്പിൽ ആദി തൻ്റെ മനസ്സു തുറക്കുമ്പോൾ അനുവാചകരുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നുണ്ട്. കാണാത്ത മറ്റൊരു ലോകമാണത്.
“എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാവ ഉണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള വസ്ത്രമായിരുന്നു അവൾക്കുള്ളത്. അവളുടെ തലമുടി മഞ്ഞനിറത്തിലും ഇടതുകൈ അഴിഞ്ഞുതൂങ്ങിയും കാണപ്പെട്ടെങ്കിലും അവൾ സുന്ദരിയാണെന്ന് ഞാൻ കരുതി. ഞാൻ അവൾക്ക് പേരിട്ടു. അവളുടെ പേര് ഉറക്കെ പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല. അവൾ എൻ്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പു കാരിയായിരുന്നു. കൂട്ടുകാരില്ലാത്ത ആൺകുട്ടിക്ക് കൂട്ടായി അവൾ ചിരിച്ചു. പക്ഷേ, വ്യത്യസ്തരായവരോട് കുട്ടിക്കാലം തെല്ലും ദയ കാണിക്കുന്നില്ല. ഒരു ദിവസം ആരോ എൻ്റെ ഒളിത്താവളം കണ്ടെത്തി. അത് ആരാണെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. പക്ഷേ, ആ അപമാനം ഞാൻ ഓർക്കുന്നു. ചിരിയും കളിയാക്കലുകളും വായുവിലേക്ക് ഉയർന്ന പാവയും ഒരു കുറ്റകൃത്യത്തിൻ്റെ തെളിവായി. സാരമില്ലെന്നു ചിരിക്കാൻ ഞാൻ ശ്രമിച്ചു. എൻ്റെ ദേഹം ചൂടുപിടിച്ചു, എനിക്ക് വിയർത്തു. അന്നുരാത്രി ഞാൻ പാവയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അവളെ ഇനിയും എനിക്ക് ഒളിച്ചു വെക്കാനിടമില്ല. കുട്ടിക്കാലം എൻെറ ഒരേയൊരു സന്തോഷവും കട്ടെടുത്തു. ഞാൻ വീണ്ടും ഒറ്റയായി. ഇപ്പോളും തിരിഞ്ഞു നോക്കുമ്പോൾ ആ നഷ്ടത്തിൻ്റെ നീറ്റൽ എനിക്കറിയാം. ഞാൻ കുഴിച്ചിട്ടത് വെറുമൊരു പാവയായിരുന്നില്ല; അത് എൻ്റെ ശരീരത്തിൻ്റെ ഒരു കഷണം തന്നെയായിരുന്നു. വേറിട്ട ജീവിതം സ്വപ്നം കാണാൻ ധൈര്യപ്പെട്ട ആൺകുട്ടിയുടെ ഒരു ചെറിയ കഷണം.
പാവകളെ സ്നേഹിച്ച, ആൺകുട്ടികളെ സ്വപ്‌നം കണ്ട കുട്ടി ഇപ്പോഴും ഇവിടെയുണ്ട്. അവൻ പക്ഷേ, ഇപ്പോൾ നിശ്ശബ്ദനല്ലെന്ന് മാത്രം. അവൻ്റെ ശബ്ദങ്ങളാണിത് മുഴുവനും. എല്ലാം തട്ടി പ്പറിച്ചെടുത്തിട്ടേയുള്ളൂ ജീവിതം. ഈ വേദനകളൊക്കെയും എൻെറതാണ്. ഈ മുറിവുകളൊക്കെയും എൻ്റേതാണ്. ഇനി ഒരിക്കലും എഴുതാൻ കഴിയില്ലെന്ന് തോന്നിയിടത്തൂന്ന് പിടഞ്ഞെണീറ്റാണ് വീണ്ടും എഴുതിത്തുടങ്ങുന്നത്. എപ്പോഴുമെന്നപോലെ ഇത്തവണവയും എൻ്റെ ജീവിതം കവിതയെയൊന്നും അർഹിക്കുന്നില്ല. ഭാഷയുടെ മെരുക്കലുകളെ കവിതകൊണ്ട് മറികടക്കാനുള്ള ഒരു ചെറിയ സാഹസമാണിത്. ഞാനെഴുതിയതിനെ മുഴുവനും കവിതയെന്ന് വിളിച്ച പ്രിയപ്പെട്ട കൂട്ടുകാരനുവേണ്ടി, എനിക്ക് വീടായ വൈഗേച്ചിക്ക്, കണ്ണുകളിൽ തിളക്കമൂറുന്ന എൻ്റെ കാമുകന്, എന്നെ എൻ്റെ മുള്ളുകളോടെ സ്വീകരിച്ച മനുഷ്യർക്ക്…”
മലയാളകവിത വളരുകയാണ്. കവിതയിലെ അനുശീലനമായ ഉത്തമപുരുഷസർവ്വനാമങ്ങളുടെ അപ്രമാദിത്വത്തെ ദലിതരും ആദിവാസികളും സ്ത്രീകളും ഇതര ലിംഗനിലയിലുള്ളവരുമാക്കെ ചേർന്ന് പുതുക്കിപ്പണിയുന്ന കാലം. കവിത കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടു ഇക്കാലങ്ങളിൽ. സ്വാഭാവികപ്രവണതയായ ‘പ്രചാരണ’ ശീലങ്ങളെയും ഈ പുതിയ ഇടങ്ങ ളിൽനിന്നുള്ള എഴുത്തുകൾ ഉല്ലംഘിച്ചു എന്നും കാണാം. ഇത്തരം പുതിയ കവിതകൾ പാരമ്പര്യത്തെ തുടർന്നില്ല, എന്ന് മാത്രമല്ല അപാരമ്പര്യമായ ഒട്ടനവധി വഴികൾ കവിതയിൽ തുറന്നിടുകയും ചെയ്‌തു. പദ്യരൂപത്തിലും ഗദ്യരൂപത്തിലും ക്രമബദ്ധവും ക്രമരഹിതവും ആയ ശൈലികളിലൂടെയും ആത്മകഥാപരമായും അല്ലാതെയുമാക്കെ അവർ കവിതയിൽ അപാരമ്പര്യമായ പുതിയ വഴികൾ സൃഷ്ടിച്ചു. തൻ്റെ ശബ്ദത്തെ കേൾപ്പിക്കാനും ഭാഷയെ തൻ്റെ വഴിയിൽ പുതുക്കിപ്പണിയാനും ഇക്കാലത്തെ കവികൾ കാണിക്കുന്ന സവിശേഷശ്രദ്ധ അഭിനന്ദനീയമാണ്. ഇക്കൂട്ടത്തിൽപ്പെടുന്ന മികച്ച കവികളിൽ ഒരാളാണ് ആദി. ആദിയുടെ കവിതകൾ ഒരേസമയം സ്വത്വബോധത്തിൽ ഉറച്ചതും അതേ സമയംതന്നെ സർഗ്ഗാത്മകതയിൽ യാതൊരുവിധ ഒത്തുതീർപ്പിനും ശ്രമിക്കാത്തവയുമാണ്. രാഷ്ട്രീയം കവിതയിൽ മുഴച്ചു നിൽക്കുന്നില്ല, എന്നാൽ അതാണ് കവിതകളുടെ അന്തസ്സത്ത. ഓരോ കവിതയും ആദി ജീവിച്ചു തീർക്കുന്ന രാഷ്ട്രീയത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. പ്രശസ്ത കവി സച്ചിദാനന്ദൻെറ അവതാരികയും രേഖാരാജിൻെറ പഠനവും ഗ്രന്ഥത്തിലുണ്ട്.
ഈ പുസ്തകം എന്തുകൊണ്ട് പ്രത്യേകമാണ്?
1. പ്രമേയവും രാഷ്ട്രീയവും:
ഭാഷ, ശരീരം, പ്രേമം, വീട്, സത്യം എന്നിവയെ കീഴ്മേൽ മറിക്കുന്നവയാണ് ആദിയുടെ കവിതകൾ. ഉടലിൻ്റെ അസ്ഥിരതയെയും (ആണും പെണ്ണുമാകുന്ന അവസ്ഥ) സ്വത്വപ്രതിസന്ധികളെയും ഈ കവിതകൾ തീക്ഷ്ണമായി അവതരിപ്പിക്കുന്നു. സത്യം ഏകമുഖമല്ലെന്നും അത് പലതാണെന്നുമുള്ള തിരിച്ചറിവ് ഈ രചനകളെ കരുത്തുറ്റതാക്കുന്നു. ‘രണ്ട് പെണ്ണുങ്ങൾ ചുംബിക്കുമ്പോൾ’, ‘ആണുങ്ങൾക്കെന്തിനാണുടൽ’ തുടങ്ങിയ കവിതകൾ ഇതിന് ഉദാഹരണങ്ങളാണ്.
2. ആമുഖവും ആത്മസംഘർഷങ്ങളും:
തൻ്റെ കവിതകളുടെ വേരുകൾ മുറിപ്പെട്ട കുട്ടിക്കാലത്തിലാണെന്ന് ആദി ആമുഖത്തിൽ വെളിപ്പെടുത്തുന്നു. പ്രിയപ്പെട്ട പാവയെ ഒളിച്ചുവെക്കേണ്ടി വന്നതും, പിന്നീട് അത് അപമാനിക്കപ്പെട്ടപ്പോൾ കുഴിച്ചുമൂടേണ്ടി വന്നതും തൻ്റെ സ്വത്വത്തിൻ്റെ ഒരു ഭാഗം തന്നെ ഇല്ലാതാക്കുന്നതിന് തുല്യമായിരുന്നു എന്ന് കവി പറയുന്നു. അന്ന് നിശബ്ദനാക്കപ്പെട്ട ആൺകുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദമാണ് ഇന്ന് നാം കേൾക്കുന്ന ഈ കവിതകൾ.
3. ഭാഷയും ശൈലിയും:
നിലവിലുള്ള ഭാഷ കൊണ്ട് ക്വിയർ അനുഭവങ്ങളെ പൂർണ്ണമായി ആവിഷ്കരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ആദി ‘അപരിചിതമായ വാക്കുകൾ’ തേടുന്നത്. പരിചിതമായ ലോകത്തെ അപരിചിതമായ നോക്കിലൂടെ കാണാനാണ് കവി ശ്രമിക്കുന്നത്. ആത്മഹത്യയുടെ മുനമ്പിലൂടെ സഞ്ചരിക്കുന്ന വാക്കുകൾ കവിതയിലുണ്ടെങ്കിലും, അത് അതിജീവനത്തിനായുള്ള ഒരു സാഹസം കൂടിയാണ്.
4. വീട് എന്ന സങ്കൽപ്പം:
കവിയെ സംബന്ധിച്ചിടത്തോളം വീട് എന്നത് അലയുന്നവൻ്റെ ഒരു താല്കാലിക ഇടം മാത്രമാണ്. സ്ഥിരമായ ഒരു വീടില്ലാത്ത, വേരറുക്കപ്പെട്ട ഒരവസ്ഥയെ കവി ആഘോഷിക്കുന്നു. ഓരോ യാത്രയും ഒരു വീടുവിട്ടിറങ്ങലായാണ് ആദി അടയാളപ്പെടുത്തുന്നത്.
5. കവിതയിലെ പുതിയ വഴിത്താരകൾ:
മലയാള കവിതയിലെ ഉത്തമപുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയ തരംഗത്തിൻ്റെ ഭാഗമാണ് ആദി. ദലിത്, ആദിവാസി, സ്ത്രീ, ക്വിയർ വിഭാഗങ്ങൾ കവിതയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്ന കാലഘട്ടത്തിൽ, പ്രചാരണശൈലികൾക്ക് വഴങ്ങാതെ സർഗ്ഗാത്മകതയിൽ ഉറച്ചുനിൽക്കുന്നവയാണ് ഈ രചനകൾ. പാരമ്പര്യ വഴികളെ നിഷേധിച്ച് ആത്മകഥാപരമായ അംശങ്ങളോടെ സ്വന്തം വഴി വെട്ടിത്തുറക്കാൻ ആദിക്ക് സാധിക്കുന്നു.
എഴുത്തുകാരൻ ആദി (AADHI) ആരാണ്?

ക്വിയർ എഴുത്താൾ. കോഴിക്കോട് സ്വദേശി. കൊടുവള്ളി സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽനിന്നും മലയാളത്തിൽ ബിരുദവും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നും രണ്ടാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും നേടി. സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺസ് ആലുവ, മലയാളവിഭാഗം മികച്ച എം.എ. പ്രബന്ധത്തിനായി ഏർപ്പെടുത്തിയ പ്രൊഫ. മേരി ജൂലിയറ്റ് സ്‌മാരക പുരസ്‌കാരം (2021) നേടി. ആനുകാലിക ങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ക്വിയർ രാഷ്ട്രീയം പ്രമേയമാക്കി ലേഖനങ്ങളും കവിതകളും എഴുതുന്നു. മഹാത്മാഗാന്ധി സർവകലാശാല യുടെയും കോഴിക്കോട് സർവകലാശാലയുടെയും സിലബസുകളിൽ കവിത ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ കവിതാസമാഹാരം പെണ്ണപ്പൻ 2023- ലെ കേരളസാഹിത്യ അക്കാദമി യുവകവിതാപുരസ്‌കാരം, കവി എ.അയ്യപ്പൻ സ്‌മാരക കവിതാപുരസ്‌കാരം, കെ.വി. സുധാകരൻ സ്‌മാരക കവിതാ പുരസ്‌കാരം, ജാതിക്കുമ്മി കവിതാപുരസ്‌കാരം, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യപഠനസ്‌കൂൾ ഏർപ്പെടുത്തിയ ബഹുസ്വരം കവിതാപുരസ്‌കാരം 2025 എന്നിവ നേടി. യുനെസ്കോ സാഹിത്യ നഗര പ്രഖ്യാപനത്തിൻ്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഏർപ്പെടുത്തിയ യുവ എഴുത്താളിനുള്ള അവാർഡ് നേടി.
ആദിയുടെ DC Books പ്രസിദ്ധീകരിച്ച കൃതികൾ പെണ്ണപ്പൻ, മുടിത്തീ.
FAQ
ഈ സമാഹാരത്തിലെ പ്രധാന വിഷയങ്ങൾ എന്തെല്ലാമാണ്?
ക്വിയർ അസ്തിത്വം, ശരീരത്തിൻ്റെ പരിണാമങ്ങൾ, വീടില്ലായ്മ (അലച്ചിൽ), ഭാഷയുടെ പരിമിതികൾ, ലിംഗപരമായ സ്വത്വപ്രതിസന്ധികൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.
കവിയുടെ ഭാഷാപരമായ പ്രത്യേകത എന്താണ്?
നിലവിലുള്ള ഭാഷ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത അനുഭവങ്ങളെ ആവിഷ്കരിക്കാൻ ‘ഇല്ലാത്ത ഒരു ഭാഷ’ തേടുകയാണ് കവി. അപരിചിതമായ വാക്കുകളും വേറിട്ട രൂപകങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
‘വീട്’ എന്ന സങ്കൽപ്പത്തെ കവി എങ്ങനെ കാണുന്നു?
കവിക്ക് വീടെന്നത് ശാശ്വതമായ അഭയസ്ഥാനം അല്ല, മറിച്ച് അലയുന്നവൻ്റെ താൽക്കാലിക അഭയസ്ഥാനം മാത്രമാണ്. എല്ലാ യാത്രകളും വേരറുക്കലുകളാണെന്ന് കവി വിശ്വസിക്കുന്നു.
സമാഹാരത്തിലെ ശ്രദ്ധേയമായ കവിതകൾ ഏവ?
അ, ആ, ഇ, ഈ, ഉ, ഊ, യുദ്ധവിരുദ്ധ കവിതകൾ, ദേശവിരുദ്ധ കവിതകൾ, പൊതപ്പ്, രണ്ട് പെണ്ണുങ്ങൾ ചുംബിക്കുമ്പോൾ, ആണുങ്ങൾക്കെന്തിനാണുടൽ, ഒരാകാശമെങ്കിലും ഇപ്പോഴും ബാക്കിയുണ്ട് തുടങ്ങിയവയാണ് ഇതിലെ പ്രധാന കവിതകൾ.
കവിതകളിലെ രാഷ്ട്രീയ വശം എന്താണ്?
ലിംഗപരമായ വാർപ്പുമാതൃകകളെ ഉടച്ചുവാർക്കുന്നതിനോടൊപ്പം തന്നെ ദേശം, യുദ്ധം തുടങ്ങിയ പൊതുബോധങ്ങളോടുള്ള കലഹവും ഈ കവിതകളിൽ ദൃശ്യമാണ്.
മുടിത്തീ/Mudithee എന്ത് പുസ്തകമാണ്?
ആദി (AADHI) എഴുതിയ കവിതാസമാഹാരമാണ് മുടിത്തീ.
മുടിത്തീ ആരുടെ പുസ്തകമാണ്?
മലയാള ക്വിയർ എഴുത്തുകാരനായ ആദിയുടേതാണ്.
മുടിത്തീയിൽ എത്ര കവിതകളുണ്ട്?
ഏകദേശം 40 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Comments are closed.