അവളകം: ഫ്രാൻസിസ് നെറോണയുടെ ഏറ്റവും പുതിയ നോവൽ
ഫ്രാൻസിസ് നെറോണയുടെ ഏറ്റവും പുതിയ നോവലാണ് അവളകം. ഡി സി ബുക്ക്സ് ഈ പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നു. സങ്കീർണ്ണമാണ് ഓരോ സ്ത്രീയും. തന്നെ എപ്പോളും കേൾക്കുന്ന ഒരാൾ കൂടെ ഉണ്ട് എന്ന വിശ്വാസം മതിയാകും ജീവിതത്തിന്റെ ഏത് അവസ്ഥയെയും അവൾക്ക് തരണം ചെയ്യാൻ. അങ്ങനെ ഒരാൾ കൂടെ ഇല്ലെന്നൊരു തോന്നലിൽ ജീവിതം പോലും അവൾക്ക് കൈവിട്ട് പോയേക്കാം.
വേദവ്യാസ സ്കൂളിലെ അദ്ധ്യാപിക ആയിരുന്ന ആനന്ദമയി അത്തരമൊരു സങ്കീർണ്ണമായ ജീവിതാവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. ചേർത്തു നിർത്തലിന് ഒരാളില്ലാതെ പോകുന്നതിന്റെ വ്യഥ പേറുന്നവരാണ് ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ.
കഥാകൃത്തായ ഫ്രാൻസിസ് നെറോണയുടെ ജീവിതത്തിൽ ഇന്നോളം കണ്ടുമുട്ടിയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങൾ ചിലർ അമ്മയായി ചിലർ പെങ്ങമ്മാരായി ചിലർ മക്കളായി വിരലിൽ എണ്ണാവുന്നത്രയും കുറവുപേർ കാമുകിമാരും ആയി മാറി. എന്നാൽ അവരെ ആരേയും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കഥാകൃത്ത് പറയുന്നു.
നിഗൂഢമായ ചിരിയും അലയും അതിന്റെ തുടർച്ചയും തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഓരോ സ്ത്രീയിലും ഫ്രാൻസിസ് കണ്ടു. മുനിഞ്ഞുകത്തുന്ന മൺചിരാതിന്റെ ഇത്തിരി വെട്ടത്തിലൂടെ സ്ത്രീകളുടെ ആകച്ചൂരും ഹൃദയമിടിപ്പിന്റെ ആഴവും വാക്കുകളിലെ കുരുക്കുകളും അഴിയുംതോറും മുറുകുന്ന അവരുടെ ജീവിതത്തിന്റെ നെയ്‌ത്തും അവളകം എന്ന നോവലിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.
💕അവളകം ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു