കോവിഡ് മാറിയ ശേഷമുള്ള ആദ്യ ദിവസം!
 സഞ്ജയ് ദേവരാജൻ
സഞ്ജയ് ദേവരാജൻ
ഇന്നലെ രാത്രി എട്ട് മണിക്ക് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു രാജ്യം കോവിഡിൽ നിന്ന് മുക്തമായി എന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രണ്ടു കൊല്ലമായി അനുഭവിച്ചുകൊണ്ടിരുന്ന കോവിഡ് ദുരന്തത്തിൽ നിന്ന് മുക്തമായത് ആഘോഷിക്കാൻ പാത്രങ്ങൾ കൊട്ടാനും, ദീപം തെളിയിക്കാനും, പടക്കം പൊട്ടിക്കാനും, പപ്പടം വിതരണം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സുപ്രഭാതത്തിൽ ഗോപൂജ നടത്തി ദിവസം തുടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്ത് ഇന്ന് രാവിലെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഗോപൂജ നടത്തിയാണ് ദിവസം തുടങ്ങിയത്. ഗോക്കളെ കിട്ടാത്തവർ ആടിനെയോ, കോഴിയെയോ വളർത്തുമൃഗങ്ങളെയോ പൂജ ചെയ്താൽ മതിയെന്ന വാർത്ത രാവിലെ ദൃശ്യ വാർത്തമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വളർത്തുമൃഗങ്ങൾ ഇല്ലാത്തവർ സാങ്കൽപ്പിക ഗോപൂജ നടത്തിയാലും മതി.
രാവിലെ സാങ്കൽപ്പിക ഗോപൂജ നടത്തിയശേഷം വാഹനത്തിൽ ഞാൻ ഓഫീസിലേക്ക് പോയി. വഴിനീളെ പപ്പടം വിതരണം ഉണ്ടായിരുന്നു. എങ്കിലും ഏറ്റവും വലിയ ജനതിരക്കും തള്ളും പ്രകടമായത് നമ്മുടെ ബിവറേജസിനു മുന്നിൽ ആയിരുന്നു. രാവിലെ ഗോപൂജ കഴിഞ്ഞ് എല്ലാവരും നേരത്തെ തന്നെ ക്യു വിൽ നിലയുറപ്പിച്ചിരുന്നു. ചില കടുത്ത ദേശസ്നേഹികൾ ബിവറേജസിനു മുന്നിൽ വച്ച് ഗോപൂജ നടത്തുന്നുണ്ടായിരുന്നു.
കോവിഡിനെ തുടർന്ന് വിൽപ്പന കുറഞ്ഞ സ്വർണാഭരണ ശാലകളിൽ, ഇന്നത്തെ പ്രത്യേക മുഹൂർത്തത്തിൽ സ്വർണം വാങ്ങിയാൽ മഹാമാരി ഒന്നും വരില്ലെന്നും സാമ്പത്തികസ്ഥിതി മെച്ചപ്പെടും എന്നുമുള്ള ജോത്സ്യ പ്രവചനം അറിഞ്ഞ ജനങ്ങൾ രാവിലെ തന്നെ അവിടെയും ഒരു നീണ്ട ക്യൂ രൂപപ്പെട്ടിതിയിരുന്നു.
കവലകളിലെ മാർക്കറ്റുകളിലെ ഇറച്ചിവെട്ട് കടകളിൽ ഗോപൂജ നടത്തിയശേഷം മാംസവ്യാപാരം തുടങ്ങിക്കഴിഞ്ഞിരുന്നു. അവിടെയും നല്ല ക്യൂ ഉണ്ട്. കടുത്ത തിരക്കിനെ തുടർന്ന് ചില ഇറച്ചിവെട്ട് കടകൾ പൂജ ചെയ്ത ഗോക്കളെ കശാപ്പ് ചെയ്തു വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ഇന്ന് സിനിമകൾ ഒരുപാട് എണ്ണം റിലീസ് ചെയ്യുന്നുണ്ട്. എല്ലാ തീയേറ്ററിനു മുന്നിലും വലിയ ജനക്കൂട്ടം ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരും മുഖത്ത് മാസ്ക് ധരിക്കുന്നില്ല എന്നുള്ളതാണ്. എന്നാൽ ചില യുവതി യുവാക്കൾ മാസ്ക് ധരിച്ച് പാർക്കുകളിലും സിനിമ തീയേറ്ററുകളിലും കറങ്ങുന്നുണ്ടായിരുന്നു. കോവിഡിനെ പശ്ചാത്തലമാക്കി രാംഗോപാൽ വർമ്മ മുതൽ ഷാജി കൈലാസ് വരെയുള്ളവർ സിനിമകൾ പ്ലാൻ ചെയ്യുന്നുണ്ട്. ഹോളിവുഡിൽ സ്റ്റീഫൻ സ്പിൽബർഗ്, ജയിംസ് കാമറൂൺ എന്നിവരും കോവിഡിന് പശ്ചാത്തലമാക്കി സിനിമകൾ പ്ലാൻ ചെയ്യുന്നു. തമിഴ് സിനിമയിൽ രജനീകാന്തിനെ നായകനാക്കി കോവിഡ് പശ്ചാത്തലത്തിൽ ശങ്കർ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നു. രജനികാന്ത് ഒറ്റയ്ക്ക് കോവിഡ് വൈറസുകളെ തുരത്തുന്നതാണ് പ്രമേയം.
ബാങ്കുകളും കടകളും സർക്കാർ ഓഫീസുകളും മാളുകളും എല്ലാം ജനത്തിരക്ക് കൊണ്ട് നിറഞ്ഞിരിക്കുന്നു. കോവിഡ് മാറിയതിനു നന്ദി പറയാനായി ജനങ്ങൾ ആരാധനാലയങ്ങളിൽ കൂട്ടമായി എത്തുന്നുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട ആൾദൈവങ്ങൾ എല്ലാം ഇന്നു മുതൽ 24 മണിക്കൂറും ജനങ്ങൾക്ക് ദർശനം നൽകുന്നതാണ് എന്ന് അവരുടെ ഓഫീസുകൾ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ നാനാജാതി മതവിഭാഗങ്ങളും കോവിഡ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. കോവിഡ് വാക്സിനേഷൻ എടുത്ത് ശേഷം മോഹനൻ വൈദ്യർ കോവിഡ് വാക്സിനേഷൻ വേണ്ട പകരം പാവയ്ക്ക കഴിച്ചാൽ കോവിഡ് വരില്ല എന്ന് പറഞ്ഞത് ദൃശ്യമാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു.
ആശുപത്രികളിൽ തിരക്ക് കൂടിയിട്ടുണ്ട്. കോവിഡിനെ പേടിച്ച് ആശുപത്രിയിൽ ആവശ്യത്തിന് മാത്രം പോയിരുന്ന ജനങ്ങൾ. ഇന്നുമുതൽ കൂട്ടമായി ആശുപത്രിയിലേക്ക് ഒഴുകുന്നുണ്ട്.
ഏറ്റവും ആനന്ദകരമായ കാഴ്ച ബസുകളിൽ നിറഞ്ഞുകവഞ്ഞു ജനങ്ങൾ തിക്കിതിരക്കി യാത്ര ചെയ്യുന്നതാണ്. സ്കൂളുകൾ തുറന്നു കുട്ടികളും രക്ഷാകർത്താക്കളും കൂട്ടമായി സ്കൂളിലേക്ക് പോകുന്നുണ്ട്. ഓൺലൈൻ ക്ലാസ്സ് ന്റെ സമയത്ത് വലിയ ഫീസ് വാങ്ങിക്കാൻ പറ്റാതിരുന്ന സ്കൂൾ അധികൃതരും, പിടിഎ ഭാരവാഹികളും ഇന്ന് പ്രത്യേക പിരിവ് ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. റോഡുകളെല്ലാം പഴയപോലെ ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
ആഡിറ്റോറിയങൾ എല്ലാം തന്നെ ഇന്ന് ഒരുപാട് കല്യാണങ്ങൾ ഉണ്ട്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ കോവിഡ് മാറ്റിയതിനെ തുടർന്ന് മതേതര പൂജകൾ നടത്തുന്നുണ്ട്. പാർക്ക്കളും തീരങ്ങളും വിനോദ ശാലകളും ഓഫീസും എല്ലാം തുറന്ന് രാജ്യമാകെ ഒരു ഉത്സവച്ഛായയിലാണ്.
 
			
Comments are closed.