
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകകേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിനെ തുടര്‍ന്ന് തമിഴ്നാട്ടിലോ കര്‍ണ്ണാടകയിലോ ഒളിവിലാണെന്ന സംശയത്തിലായിരുന്നു പൊലീസ്. അയല്‍ക്കാരാണ് മൃതദേഹം രാവിലെ ഒന്‍പതു മണിയോടെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകം യാദൃച്ഛികമായി പിടിവലിയ്ക്കിടയില്‍ സംഭവിച്ചതല്ലെന്നും കാറിന് മുന്നിലെക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ ഇയാള്‍ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്നും സൂചനയുണ്ടായിരുന്നു.
നവംബര്‍ അഞ്ചാം തീയതി രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്തതില്‍ വിവിധ കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു.
കൊലപാതകകേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ കൂടി ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.
Comments are closed.