മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – ആഖ്യാനകലയുടെ ഉദാഹരണം
Review by Prasad Kuttikkodu
ബെന്യാമിൻ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ എന്ന നോവൽ ആഖ്യാന സവിശേഷതകൾകൊണ്ട് ശ്രദ്ധേയമാവുന്നു. മൂന്നുകാലങ്ങളിലായാണ് കഥയുടെ അന്തരീക്ഷ ക്രമീകരണം. വ്യത്യസ്ഥ കാലങ്ങളിൽ കഥ പറയാൻ എഴുത്തുകാരൻ ആശ്രയിക്കുന്നത് വ്യത്യസ്ഥ കഥാപാത്രങ്ങളെ ആണ്. വിദൂരഭൂതകാലത്തിൽ ബെന്യാമിൻ ആഖ്യാനത്തിന്റെ ചുമതലയേൽപ്പിക്കുന്നത് കഥയിലുടനീളമുള്ള കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ഡെയ്സിയെ ആണെങ്കിൽ മറ്റ് രണ്ടു കാലങ്ങളിൽ കഥപറയാനുപയോഗിക്കുന്നത് രണ്ട് മനുഷ്യേതര കഥാപാത്രങ്ങളെയാണ്. അതിലൊന്ന് പുസ്തകത്തിന്റെ പേരിൽ തെളിയുന്ന മൾബെറിയാണ്. രണ്ടാമത്തേതേതെന്ന് നോവലിസ്റ്റ് കഥയുടെ അവസാനഭാഗം വരെ വായനക്കാരിൽനിന്ന് മറച്ചുവക്കുന്നതിനാൽ ഈ കുറിപ്പിൽ ആ കഥാപാത്രത്തെ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
ഡെയ്സിയുടെ ഗ്രീക് യാത്രയിലാണ് നോവൽ ആരംഭിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു യാത്ര ചെയ്തിട്ടില്ലെന്ന് നോവലിന്റെ പിൻക്കുറിപ്പിൽ ഡെയ്സിതന്നെ വ്യക്തമാക്കുന്നുണ്ട്. അപ്പോഴാരാണ് ഈ യാത്ര ചെയ്യുന്നത്? ബെന്യാമിനിലെ അന്വേഷണ തത്പ്പരനായ എഴുത്തുകാരൻ എന്നാണ് ഉത്തരം. സാക്കിസിന്റെ പുസ്തകങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ, സന്ദർഭങ്ങളിലൂടെ, കഥാപശ്ചാത്തലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് കസൻദ്സാക്കീസിന്റെ ആരാധകരായ ഡെയ്സിയുടെയും ഷെൽവിയുടെയും അവരുടെ ജീവശ്വാസമായിരുന്ന പ്രസാധനശാല മൾബെറിയുടെയും കഥ പറയുകയാണ് നോവലിസ്റ്റ്. കഥാപാത്രങ്ങളിലധികവും ജീവിച്ചിരുന്നവരോ ഇന്നും ജീവിക്കുന്നവരോ ആണ് എന്നത് നോവലിന്റെ വായനയിൽ കൌതുകമുണർത്തുന്നു. നോവലിന്റെ മറ്റൊരാഖ്യാന സവിശേഷത നോൺലീനിയറായുള്ള കഥാവതരണമാണ്. 2023-ൽ നിന്ന് ഡെയ്സിയുടെയും ഷെൽവിയുടെയും പ്രണയകാലവും ദാമ്പത്യവും ഇഴുകിച്ചേർന്നു കിടന്ന 1980-കളിലേക്കും ഷെൽവിയില്ലാത്ത മൾബെറി എന്ന പ്രസാധനശാലയില്ലാത്ത ഏകാന്തതമാത്രമുള്ള ഡെയ്സിയുടെ അജ്ഞാതവാസക്കാലത്തിലേക്കും- അങ്ങനെ മൂന്നുകാലങ്ങളിലേക്ക് കഥാഗതി മാറിമാറി സഞ്ചരിക്കുന്നു.
കേവലമൊരു പ്രണയകഥയുടെ അവതരണം മാത്രമല്ല, ബെന്യാമിന്റെ മൾബെറി. ഷെൽവിയെന്ന പ്രസാധകനും അയാളുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന മൾബെറി എന്ന പ്രസാധനശാലക്കും എന്തുസംഭവിച്ചു, എന്ന ചോദ്യത്തിന് യുക്ത്യാധിഷ്ഠിതമായ ഒരു ഉത്തരം കണ്ടെത്താനുള്ള ശ്രമംകൂടിയാണ് നോവൽ. മലയാള പുസ്തക പ്രസാധനരംഗത്ത് മൾബെറികൊണ്ടുവന്ന മാറ്റങ്ങൾ, നേരിട്ട വെല്ലുവിളികൾ, വളർച്ചയുടെ കൊടുമുടിയിൽനിന്നുള്ള പതനം തുടങ്ങിയവയെല്ലാം നോവലിലെ പ്രതിപാദ്യവിഷയമാകുമ്പോൾ മൾബെറിയിലൂടെ മലയാള പുസ്തക പ്രസാധാനത്തിന്റെ ചരിത്രംതന്നെ വായനക്കാർക്കുമുന്നിൽ തുറന്നുവക്കപ്പെടുന്നു. ആ തുറന്നുവയ്പ്പിലൂടെ ഭാവനാത്മകമായ ഒരു നോവലിനപ്പുറം വിവരദായകമായ ഒരു ഗ്രന്ഥമായി മാറുകയാണ് മൾബെറി.
ഡെയ്സിയുടെയും ഷെൽവിയുടെയും പ്രണയകാലവും വിപ്ലവാത്മകമായ ജീവിതാരംഭവും വായനക്കാരിൽ ഉന്മാദത്തിന്റെ വിത്തുവിതക്കുമ്പോൾ ഷെൽവിയുടെ കുത്തഴിഞ്ഞ ജീവിതത്തുടർച്ചയും തകർച്ചയും വായനക്കാരുടെ കണ്ണുനിറക്കുന്നു. ഷെൽവിയെ ഉപയോഗിച്ച പലരും അയാളെ ചതിച്ച പലരും ജീവിതാന്ത്യംവരെ കൂടെനിന്ന ചിലരും നോവലിലെ കഥാപാത്രങ്ങളാകുന്നു. അതിനോടൊപ്പം എഴുത്തുകാരൻ സൃഷ്ടിച്ച ജോർജിയോ, സ്നേഹ, വിഷ്ണു, ബ്രിട്ടീഷ് വനിത, തിയോഡേഷ്യസ് എന്നിങ്ങനെ നീളുന്ന സാങ്കൽപ്പിക കഥാപാത്രങ്ങളും സാക്കിസിന്റെ ജീവിതത്തോടു ചേർന്നുകിടന്ന ഗലാറ്റിയയും എലിനിയുമടക്കമുള്ള കഥാപാത്രങ്ങളും കഥാവതരണത്തിനും വിവരണത്തിനും മാറ്റുകൂട്ടുന്നു.
ഒന്നിൽത്തുടങ്ങി പലതിലേക്കു വ്യാപിച്ച് തുടങ്ങിയതിൽ തന്നെ അവസാനിപ്പിക്കുന്നതിൽ കഥാകാരൻ കാണിക്കുന്ന കൈയടക്കം ഇതിവൃത്ത ഘടനയുടെ തുടക്കം, ഉയർച്ച, മൂർദ്ധന്യം, താഴ്ച്ച, നിർവ്വഹണം എന്നീ ഘട്ടങ്ങളിലൂടെ അനുസ്യൂതമൊഴുകുവാൻ ഇതിവൃത്തത്തെ പ്രാപ്തമാക്കുന്നു.
നോവലിൽ പ്രയോഗിച്ചിരിക്കുന്ന ഭാഷയുടെ ലാളിത്യവും സൌന്ദര്യവും നോവലിനെ വായനാസുഖമുള്ളതാക്കി മാറ്റുന്നു. യഥാർത്ഥ സംഭവങ്ങളിലൂടെയും മനുഷ്യരിലൂടെയും കഥവികസിക്കുമ്പോഴും ചരിത്രത്തിന്റെ ആഖ്യാനമോ ജീവചരിത്രത്തിന്റെ അവതരണമോ ആവാതെ സാഹിത്യത്തിന്റെ അനുഭൂതി തലങ്ങൾ സഹൃദയർക്കു പകർന്നുനൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമങ്ങൾ വിഫലമായില്ലെന്നു പറയാം.
മനുഷ്യജീവിതത്തിന്റെ ആകുലതകളും തൃഷ്ണകളും മരണത്തിന്റെയും ഭീതിയുടെയും പ്രതീക്ഷയുടെയും വിവിധ മുഖങ്ങളിലൂടെ തുറന്നുകാണിക്കാൻ ശ്രമിച്ചുകൊണ്ട് വിവിധ കാലങ്ങളിൽ വിവിധ കോണുകളിലൂടെ കഥപറയുന്ന മൾബെറി ആഖ്യാനകലയുടെ സവിശേഷ ഉദാഹരണമായി മാറുന്നു.
കടപ്പാട്
പ്രസാദ് കുറ്റിക്കോട്