ആധുനിക കമ്മ്യൂണിസ്റ്റ്- സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം,രാഷ്ട്രീയം എന്നിവയെ ആസ്പദമാക്കി പി.പി. അബൂബക്കർ എഡിറ്റ് ചെയ്ത പുസ്തകം
‘ആധുനിക കമ്മ്യൂണിസ്റ്റ്‘ സീതാറാം യെച്ചൂരിയുടെ ജീവിതം, ദർശനം,രാഷ്ട്രീയം എന്നിവയെ ആസ്പദമാക്കി പി.പി. അബൂബക്കർ എഡിറ്റ് ചെയ്ത ലേഖനങ്ങൾ. ഉന്നതവിദ്യാഭ്യാസവും ഉയർന്ന പദവികളും ഉള്ള കുടുംബത്തിൽ ജനിച്ചു, പഠനത്തിലുടനീളം അസാധാരണമികവ് പുലർത്തിയ ഒരു ബാലൻ പിൽക്കാലത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായി വളർന്ന കഥ നല്ല ഒതുക്കത്തോടെയും അത്യാവശ്യമായ വിവരങ്ങൾ ഒന്നും ചോർന്നുപോകാതെയും അവതരിപ്പിച്ച ഗ്രന്ഥകാരൻ അഭിനന്ദനമർഹിക്കുന്നു.
സീതാറാമിന്റെ സവിശേഷതകലുളും സംഭാവനകളും വിലയിരുത്തുന്ന ലേഖനങ്ങൾ സമാഹരിച്ചപ്പോൾ, കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് യോജിക്കാത്തവരെയും ഉൾപ്പെടുത്താൻ ഗ്രന്ഥകാരൻ ഉചിതമായി ശ്രമിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരിയുടെ ആകസ്മിക വേർപാടുണ്ടാക്കിയ ദു:ഖത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇടതുപക്ഷപുരോഗമന ചിന്താഗതിക്കാരും ഇനിയും മോചിതരായിട്ടില്ല. ബഹുസ്വര ഇന്ത്യയുടെ അചഞ്ചലനായ കാവൽക്കാരനായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാം. പ്രതിപക്ഷ പാർട്ടികളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത, ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾക്കും രാഷ്ട്രീയ ബലാബലത്തിനും അനുസൃതമായി ബി.ജെ.പി വിരുദ്ധ കൂട്ടുകെട്ട് രൂപപ്പെടുത്താൻ സഹായകമായിരുന്നു.
സി.പി.ഐ എമ്മിന്റെ സമുന്നത നേതാവെന്ന നിലയിൽ ഭാരിച്ച ചുമതലകൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാം അനായാസമായി നിർവഹിച്ചു എന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ്കാരന് വേണ്ട ലാളിത്യവും എളിമയും ജീവിതാവസാനം വരെ പുലർത്തിയ നേതാവായിരുന്നു സീതാറാം എന്നും ഗ്രന്ഥകാരൻ പറയുന്നു. ബഹുമുഖമായ അദ്ദേഹത്തിന്റെ കഴിവുകളും വിവിധമേഖലകളിലെ പ്രവർത്തനവും വിവിധ അധ്യായങ്ങളിലായി ഈ ഗ്രന്ഥം പരിശോധിക്കുന്നുണ്ട്. അധികമാർക്കുമറിയാത്ത ഒരുപാടു വിവരങ്ങൾ ശേഖരിച്ചു ഉൾപ്പെടുത്താൻ അബൂബക്കറിന് കഴിഞ്ഞിട്ടുണ്ട്. സീതാറാമിന്റെ ത്യാഗനിർഭരവും രാജ്യസ്നേഹപരവുമായ പൊതുജീവിതം അടയാളപ്പെടുത്തുന്ന ഈ കൃത്യ, ആ നേതാവിന് നൽകുന്ന ആദരം കൂടി ആണ്.
ആധുനിക കമ്മ്യൂണിസ്റ്റ് വായിക്കുവാനായി ..
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കൂ