മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – സ്നേഹം കൊണ്ട് മുറിവേറ്റ ഡെയ്സിക്കായി ഒരു കഥ..
എൽ എൽ നിത്യ ലക്ഷ്മിയുടെ വായനാനുഭവം
ഷെൽവിയെ കുറിച്ച് ഞാൻ ഓർത്തതേയില്ല. മൾബറിയെയും ഏറെക്കുറെ മറന്നു. എന്നിട്ടും മനസ്സിൽ ഒരു കരടെന്നത് പോലെ ഡെയ്‌സി കിടന്നു. അവൾ പ്രണയിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്തു. അവളുടെയുള്ളിൽ മുറിവുകളുണ്ടായി. എന്നിട്ടും അവൾ മുറിവുകൾ ഉണക്കിയെടുത്ത് കൊണ്ട് മുന്നോട്ട് പോയി. ആത്മാഭിമാനം മുറിപ്പെട്ടപ്പോൾ, മുറിപ്പെടുത്തിയ ഇടങ്ങളിൽ നിന്ന് അവൾ മാറി നടന്നു. എന്നിട്ടും അവൾ സ്നേഹിക്കുകയും സ്നേഹം കൊണ്ട് മരണത്തെപ്പോലും കീഴ്പ്പെടുത്തുകയും ചെയ്തു. പാപികളെയും കണ്ണീരിനാൽ കഴുകിയെടുക്കാൻ ശ്രമിച്ച യേശു ക്രിസ്തുവിനെപ്പോലെയുള്ള ആ ഡെയ്‌സി കാരണമാണ്, “മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ” എന്ന നോവൽ എനിക്ക് പ്രിയങ്കരമാകുന്നത്.
കസാൻദ്സാക്കിസ് എന്ന എഴുത്തുകാരനിൽ ഭ്രമിച്ചിരുന്ന ഷെൽവി എന്ന കവി ജീവിതപങ്കാളിയായ ഡെയ്‌സിക്കൊപ്പം, മൾബെറി എന്ന പേരിൽ പ്രസാധന രംഗത്തേക്ക് കടന്ന് വരുന്നതും മലയാള പുസ്തക പ്രസാധനരംഗത്ത് വിപ്ലവകരമായ
വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരുന്നതും പ്രതിപാദിച്ചിരിക്കുന്നത് പോലെ തന്നെ, അതിന് സമാന്തരമായി ഡെയ്‌സിയെ തേടി വിഷ്ണുവും സ്നേഹയും വരുന്നതും വർഷങ്ങൾക്ക് ശേഷം കസാൻദ്സാക്കിസിന്റെ നാട്ടിലേക്ക് ഷെൽവി പോകുന്നതും ബെന്യാമിൻ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മൂന്ന് വ്യത്യസത കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന തരത്തിലാണ് ഈ നോവൽ അവതരിപ്പിച്ചിട്ടുള്ളത്.
പ്രണയിച്ച് നടന്ന കാലത്ത് പുരോഗമന ചിന്താഗതിക്കാരൻ ആയിരുന്ന കാമുകൻ, ഭർത്താവായപ്പോൾ വെളിപ്പെട്ട ഈഗോ, ടോക്സിക് മെന്റാലിറ്റി തുടങ്ങിയവ, ഷെൽവിയുടെ വായിൽ നിന്ന് വീഴുന്ന, അപമാനപ്പെടുത്തുന്ന വാക്കുകളിലൂടെയും ദേഷ്യപ്രകടനങ്ങളിലൂടെയും എഴുത്തുകാരൻ പറയുന്നുണ്ട്. മെയിൽ ഷോവനിസ്റ്റും കള്ളുകുടിയനുമായ ഒരുവന്റെ കൈയിൽ പെട്ട് പോയ ഒരു സ്ത്രീജീവിതത്തെയോർത്ത്, വായനയുടെ പലവേളകളിലും വേദന തോന്നിയത് എഴുത്തിന്റെ ശക്തികൊണ്ട് തന്നെയാണ്. യാതൊരുവിധത്തിലും സ്വകാര്യത നൽകാതെ, ഡെയ്‌സിയുടെയും ഷെൽവിയുടെയും ഇടയിലേക്ക് ഇടിച്ചുകയറി വരുന്ന സൗഹൃദങ്ങളോട് തോന്നിയ നീരസത്തിന് കണക്കില്ല. ജീവിതത്തിലും ബിസിനസ്സിലും കാണിക്കേണ്ടിയിരുന്ന ചിട്ടയും അച്ചടക്കവും കൈവിട്ട് പോയത്, പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാകാത്ത ദൂരത്തിലേക്ക് ജീവിതത്തെ കൊണ്ട് ചെന്നെത്തിക്കുമെന്ന് ഷെൽവിയിലൂടെ എഴുത്തുകാരൻ പറയുന്നത് വളരെ ശ്രദ്ധയോടെ ഓരോ വായനക്കാരനും കേൾക്കണമെന്ന് തോന്നി. കാരണം, ഇത് വെറുമൊരു നോവൽ മാത്രമല്ലല്ലോ, പച്ചയായ ജീവിതം കൂടിയല്ലേ!
എവിടെ നിന്നോ വന്ന്, ചില പരിചയപ്പെടലുകൾ നടത്തി, പിന്നെയും അപരിചിതത്വത്തിലേക്ക് കൂപ്പുകുത്തിയ ജോർജിയ, സോർബയുടെ കഥ ഡെയ്‌സിക്ക് പറഞ്ഞുകൊടുക്കുന്നതിനായി ദൈവനിയോഗമുണ്ടായവനെന്ന് തോന്നിപ്പിച്ചു. ഡെയ്‌സിയുടെ വീട്ടുമുറ്റത്ത് നിന്നു നമ്മോട് കഥ പറയുന്ന മൾബെറിച്ചെടിയും പിങ്കിയെന്ന തത്തമ്മയും അവരുടെ ഭാഗങ്ങൾ വളരെ കൃത്യമായി ചെയ്തു. ഏതൻസിലൂടെയും കോഴിക്കോടിലൂടെയും വ്യത്യസ്ത കാലയളവിൽ സഞ്ചരിക്കുന്ന ഈ നോവൽ, പ്രിയപ്പെട്ട ‘ഡി’യ്ക്ക് പ്രിയപ്പെട്ട “എസ്” എഴുതിയ കത്തുകളിലൂടെയും കവിതകളിലൂടെയും ചില വിവർത്തനങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്നുണ്ട്.
എപ്പോഴും സാഹിത്യത്തിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്ന ബെന്യാമിൻ, ഈ നോവലിലും ഒരു പരീക്ഷണം നടത്താതിരുന്നിട്ടില്ല. പൂർണമായും ജീവചരിത്രമെന്നോ നോവലെന്നോ ലേബൽ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള, ഒരു ഡോക്യുഫിക്ഷൻ നോവലായിട്ടാണ് “മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ” അവതരിപ്പിച്ചിട്ടുള്ളത് എന്നതാണ് ഈ നോവലിൽ ബെന്യാമിൻ നടത്തിയ പരീക്ഷണം.
നോവലിൽ നിന്നും അടർത്തിയെടുത്ത് ഹൃദയത്തിൽ ചേർത്തുവച്ച വരികൾ കൂടി ചേർക്കാം,
“ആശ്രയത്വം ആർക്കും നല്ലതല്ല. എന്നും ആരുടെയെങ്കിലുമൊക്കെ താങ്ങും തണലും കൂട്ടും വേണമെന്ന് ചിന്തിക്കാനേ പാടില്ല. ഏത് ഏകാന്തതയിലും ഏത് വെയിലിലും തളരാതെ നില്ക്കും എന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കാൻ നമുക്ക് കഴിയണം.”
Book name: മൾബെറി, എന്നോട് നിന്റെ സോർബയക്കുറിച്ച് പറയൂ
Author: ബെന്യാമിൻ
Genre: നോവൽ
Publication: ഡി സി ബുക്സ്
Language: MALAYALAM
Total pages : 352
കടപ്പാട്
എൽ എൽ നിത്യ ലക്ഷ്മി