DCBOOKS
Malayalam News Literature Website

‘ഹരിവരാസനം’ വീണ്ടും പാടന്‍ യേശുദാസ് തയ്യാറെടുക്കുന്നു

ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ വീണ്ടും പാടന്‍ യേശുദാസ് തയ്യാറെടുക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം ആലപിച്ച ഹരിവരാസനത്തില്‍ നിന്ന് ഉച്ചാരണപ്പിശകുതീര്‍ത്തു അക്ഷരശുദ്ധിയോടെ പാടി വീണ്ടും റെക്കോര്‍ഡ് ചെയ്യാനാണ് തീരുമാനം. ശാസ്താംകോട്ട കോന്നകത്തു ജാനകിയമ്മയാണ് 1923 ല്‍ ഹരിവരാസനം രചിച്ചത്. മെറിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മിച്ച ‘സ്വാമി അയ്യപ്പന്‍’ എന്ന സിനിമയില്‍ ജി.ദേവരാജനാണ് ഈ കീര്‍ത്തനം സംഗീതം ചെയ്തു യേശുദാസിനെക്കൊണ്ടു പാടിച്ചത്.

മൂലകൃതിയില്‍ ഓരോ വരിയിലും സ്വാമി എന്നുണ്ടായിരുന്നതു മാറ്റിയാണു ദേവരാജന്‍ സംഗീതം നല്‍കിയത്. എന്നാല്‍ അദ്ദേഹം രണ്ടു വാക്കുകള്‍ കൂടി ചേര്‍ത്തപ്പോള്‍ അരി വിമര്‍ദനമെന്നതു രണ്ടായി ഉച്ചരിക്കുന്നതിനു പകരം അരിവിമര്‍ദനമെന്നാണു യേശുദാസ് പാടിയത്. ആ തെറ്റാണ് ഇപ്പോള്‍ തിരുത്തുന്നത്.

ഇപ്പോള്‍ യുഎസിലുള്ള യേശുദാസ് 30നു കേരളത്തിലെത്തുമ്പോള്‍ ഹരിവരാസനം വീണ്ടും ആലപിച്ചു റെക്കോര്‍ഡ് ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മയുടെ അപ്പച്ചിയാണു ഹരിവരാസനം രചിച്ച ജാനകിയമ്മ.

കാര്യങ്ങള്‍ ഒത്തുവന്നാല്‍ ഈ മണ്ഡലകാലത്തു തന്നെ അയ്യപ്പഭക്തര്‍ക്ക് ഉച്ചാരണത്തെറ്റു തിരുത്തിയ ഹരിവരാസനം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകും.

 

Comments are closed.