DCBOOKS
Malayalam News Literature Website

ആശ്രിതരുടെ സംഗമം!

2018ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച  അനിൽ ദേവസ്സിയുടെ “യാ ഇലാഹി ടൈംസ്” എന്ന കൃതിക്ക് വിനീത് വിശ്വദേവ് എഴുതിയ വായനാനുഭവം

ഒരു നല്ല പുസ്തകത്തിന്റെ വിജയമെന്നത്, സുപ്രധാന കഥാപാത്രങ്ങൾ അനുഭവിക്കുന്ന വേദന വായനക്കാരന്റെ ശരീരത്തിലും അനുഭവഭേദ്യമാക്കുക എന്നതു തന്നെയാണ്. കാനഡ, ഈജിപ്ത്, തുർക്കി എന്നീ നാടുകളിലൂടെ കടന്നുപോകുന്ന അഭയാർഥികളുടെ കഥപറയുന്ന ഒരു നോവൽ.

അൽത്തേബ് എന്ന സിറിയൻ യുവാവിലൂടെയും അൽത്തേബിൻ്റെ കുടുംബാംഗങ്ങളിലൂടെയും Textസുഹൃത്തുക്കളിലൂടെയുമാണ് കഥ മുന്നോട്ടു പോവുന്നത്. സിറിയയിൽ ആഭ്യന്തരകലാപങ്ങളും ഭീകരാന്തരീക്ഷവും ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അൽത്തേബിൻ്റെ ബാബ അവനെ ദുബായിലേക്ക് അയക്കുന്നു. പിന്നീട് ബാബയ്ക്കും മാമയ്ക്കും അനുജൻ അൽത്തേസിനും സിറിയയിൽ വന്നുചേർന്ന ഭീകരാവസ്ഥ മൂലം നാടുവിട്ട് പല രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടിവരുന്നു. അഭയാർത്ഥികളാകേണ്ടി വരുന്ന അൽത്തേബിൻ്റെ കുടുംബാങ്ങളുടെയും മറ്റ് ജനങ്ങളുടെയും നിസ്സഹായവസ്ഥ വായനക്കാരുടെ ഹൃദയത്തിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

അൽത്തേബിന് കുടുംബാങ്ങളുമായുള്ള ഏകബന്ധം അമൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ്. അമൽ എന്ന പേരിൽ ഒരു പൂച്ചയെയും അൽത്തേബ് വളർത്തുന്നുണ്ട്. ആ പൂച്ചക്ക് പോലും കഥയുടെ അവസാനം സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. അൽത്തേബിൻ്റെ സുഹൃത്തുക്കളായ ശ്രീലങ്കൻ സ്വദേശി അതുരതരംഗ, തരംഗയുടെ ഭാര്യ ഇന്ത്യക്കാരി നളിനകാന്തി, ഫിലിപ്പീൻസ് സ്വദേശിയായ മാർഗരറ്റ് എന്നിവരുടെ ജീവിതവും എഴുത്തുകാരൻ പറഞ്ഞു പോകുന്നു. അതുവഴി സിറിയ, തുർക്കി, കാനഡ, ഈജിപ്ത്, ശ്രീലങ്ക, ഇന്ത്യ, ദുബായ്, ലെബനോൻ, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതവ്യഗ്രതകളെയും കാമനകളെയും പുതിയ കാലഘട്ടത്തിന്റെ സംഘർഷങ്ങളായി ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.

ഒരു ദിക്കിലിരുന്നു രാജ്യങ്ങൾ സഞ്ചരിക്കാൻ എഴുത്തുകാരനും വായനക്കാരനും മാത്രം കഴിയുന്ന കാര്യമാണ്. പ്രവാസി എഴുത്തുകാരനായ അനിൽ ദേവസ്സിയുടെ ഈ പുസ്തകം വായിക്കുമ്പോൾ ഞാനും ഒരു പ്രവാസിയായതിനാൽ അനുബന്ധിക്കുന്ന ഒരുപാടു  തലങ്ങൾ കൺമുന്നിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.

190 പേജിലൂടെ പല രാജ്യങ്ങളിലൂടെ കടന്നുപോകുന്ന അഭയാർത്ഥികളുടെ അവസ്ഥാന്തരങ്ങളെ നന്നായി തന്നെ അനിൽ ദേവസ്സിയുടെ “യാ ഇലാഹി ടൈംസ്” ചിത്രീകരിച്ചിരിക്കുന്നു. 2018 ലെ ഡി സി സാഹിത്യ പുരസ്‌കാരം നേടിയ നോവൽ ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.