DCBOOKS
Malayalam News Literature Website

ലോകത്തിലെ ഏറ്റവും വലിയ സമൂസ ലണ്ടന്റെ അടുക്കളയില്‍

SAMOOSA

ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടന്റെ അടുക്കളയ്ക്ക് സ്വന്തം. 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പന്ത്രണ്ടോളം വരുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍സമൂസ പൊരിച്ചെടുത്തത്. ഏകദേശം 15 മണിക്കൂര്‍സമയം കൊണ്ടാണ് സമൂസ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയാക്കിയതെന്നവര്‍ പറയുന്നു.

സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു പേടിയെന്ന് സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. എന്നാല്‍ പൊരിച്ചെടുത്തപ്പോഴും യാതൊരു വിധത്തിലുള്ള പ്രശനങ്ങളും സംഭവിച്ചില്ലെന്നും ത്രികോണാകൃതി നഷ്ടപ്പെട്ടില്ലെന്നും ഗിന്നസ് റെക്കോര്‍ഡ് വിധികര്‍ത്താവ് പ്രവീണ് പട്ടേല്‍പറഞ്ഞു. മികച്ച നേട്ടമാണ് ഇതെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

സമൂസയ്ക്ക് രുചിയും ഗുണവും കുറവില്ലെന്ന് ഫുഡ് ടേസ്റ്റ് പ്രതിനിധിയുടെ വിധി കൂടി വന്നതോടെ പന്ത്രണ്ടംഗ സംഘം ആവേശത്തിലായി. എന്തായാലും ഭീമന്‍ സമൂസയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് തുടങ്ങിയ പരിശ്രമം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് പരിപാടിയുടെ സംഘാടകര്‍.

ഇതോടെ, വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്.

Comments are closed.