DCBOOKS
Malayalam News Literature Website

ഉഴവൂര്‍ വിജയന്‍ ഇനി ഓര്‍മ..

uzhavoor

സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നര്‍മം വാരി വിതറി ജനമനസ്സിലിടം പിടിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഇനി ഓര്‍മ. കോട്ടയെ ഉഴവൂര്‍ കുറിച്ചിത്താനത്തെ കാരാംകുന്നേല്‍ വീട്ടുവളപ്പില്‍ ഉഴവൂര്‍ വിജയന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

പകല്‍ 12.30 ഓടെ വീട്ടുവളപ്പില്‍ തയ്യാറാക്കിയ ചിതയില്‍ വച്ച മൃതദേഹത്തിന് ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം സഹോദരീ പുത്രന്‍ പാര്‍ഥസാരഥിയും, അമ്മാവന്റെ മകന്‍ അനില്‍കുമാറും ചേര്‍ന്ന് തീകൊളുത്തി. തുടര്‍ന്ന് കുറിച്ചിത്താനം കവലയില്‍ അനുശോന യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി കെ എം മാണിയും മറ്റ് നേതാക്കളും ഓര്‍മകള്‍ പങ്കുവച്ചു. എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ ഞങ്ങള്‍ക്കെല്ലാം സഖാവ് വിജയനായി പരിണമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായ പ്രതിബദ്ധതയും ഉറച്ച നിലപാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. വഴിവിട്ട ഒരു കാര്യങ്ങളും പ്രവര്‍ത്തിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്യാത്ത നേതാവായിരുന്നു. ആശയ ദൃഢതയോടെയായിരുന്നു ആ ജീവിതം. നാടിനും പുതിയ തലമുറയ്ക്കും മാതൃകതന്നെയാണ് അദ്ദേഹം. അദ്ദേഹം ഉള്‍പ്പെട്ട പാര്‍ട്ടി പല ഘട്ടങ്ങളിലും ചാഞ്ചാടിയപ്പോള്‍ ഉറച്ച രാഷ്ട്രീയ നിലപാടുമായി ഇടതുപക്ഷക്കാരനായി. എല്‍ഡിഎഫിന്റെ വക്താവായി കേരളം മുഴുവന്‍ നിറഞ്ഞു. എന്‍സിപിക്കാരെ ‘ ശ്രീ’ എന്ന് ചേര്‍ത്താണ് വിളിക്കാറ്. എന്നാല്‍ ഉഴവൂര്‍ വിജയനെ ഞങ്ങള്‍ ‘സഖാവ്’ എന്ന് ചേര്‍ത്താണ് വിളിക്കാറ്- പിണറായി വിജയന്‍ പറഞ്ഞു.

Comments are closed.