DCBOOKS
Malayalam News Literature Website

ലോകത്തെ രണ്ടാമത്തെ വിമാനത്താവളമായി തിരുവനന്തപുരം

trvലോകത്ത് അമേരിക്കയിലെ ലോസ് ഏഞ്ചലസിനു മാത്രമുള്ള നേട്ടം കൈപ്പിടിയിലാക്കിയതിന്റെ അഭിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളം. ആഗോളതലത്തില്‍ വിമാനത്താവളങ്ങള്‍ക്ക് നടപ്പാക്കിയിട്ടുള്ള അയാട്ട കോഡിംഗ് സംവിധാനം ശില്പമാക്കി പ്രദര്‍ശിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ വിമാനത്താവളമായി തിരുവനന്തപുരം മാറുകയാണ്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമാണ് നമ്മുടേത്.

ലോകത്തിനു മുന്നില്‍ തിരുവനന്തപുരത്തിന്റെ അടയാളമായി വിമാനത്താവളത്തിനു മുന്നിലെ ഈ സ്തൂപം മാറും. ടി.ആര്‍.വി (TRV) എന്നതാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര കോഡ്. ഈ അക്ഷരങ്ങള്‍ 14അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ശില്‍പ്പമാക്കി ടൈലുകള്‍ പാകി മനോഹരമാക്കിയിട്ടുണ്ട്. പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് എന്ന സന്നദ്ധസംഘടനയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ച് ശശിതരൂര്‍ എം.പിയും സ്തൂപത്തിന് സ്ഥലം അനുവദിച്ച് വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ്ജ് ജി. തരകനും പിന്തുണ നല്‍കി. പ്ലെയിന്‍ സ്‌പോട്ടേഴ്‌സിലെ അംഗങ്ങള്‍ ചേര്‍ന്നാണ് നിര്‍മ്മാണത്തിനു വേണ്ടിവന്ന നാലുലക്ഷം രൂപ സമാഹരിച്ചത്. ജൂലായ് 29ന് വൈകിട്ട് 5.30ന് ശശിതരൂര്‍ എം.പി അന്താരാഷ്ട്ര കോഡിംഗ് സ്തൂപം വിമാനത്താവള അതോറിട്ടിക്ക് കൈമാറും.

അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിലുള്ള മേല്‍പ്പാലം ഇറങ്ങിവരുന്നിടത്താണ് സ്തൂപം പണിതത്. ലോകത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും കോഡിംഗുണ്ട്. ആശയവിനിമയത്തിന് ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഈ കോഡാണ്. എല്‍.എ.എക്‌സ് (LAX) എന്നാണ് ലോസ് ഏഞ്ചലസ് വിമാനത്താവളത്തിന്റെ കോഡിംഗ്. അവിടെ സ്റ്റീലില്‍ സ്തൂപമുണ്ടാക്കി വര്‍ണവിളക്കുകള്‍ തെളിച്ച് മനോഹരമാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സ് വിമാനത്താവള അതോറിട്ടിയാണ് സ്തൂപത്തിന് പണം മുടക്കിയത്.

അവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ സ്തൂപവും അതിനു ചുറ്റുമുള്ള പ്രദേശവും. പക്ഷേ, തിരുവനന്തപുരത്ത് കടലിനോട് ചേര്‍ന്നുള്ള വിമാനത്താവളത്തില്‍ സ്റ്റീലുപയോഗിച്ച് നിര്‍മ്മാണം സാദ്ധ്യമായിരുന്നില്ല. അതിനാലാണ് കോണ്‍ക്രീറ്റില്‍ സ്തൂപം പണിതീര്‍ത്തതെന്ന് പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് തലവന്‍ പ്രകാശ് ശങ്കര്‍ പറഞ്ഞു. വെള്ളക്കെട്ടുള്ള സ്ഥലമായിരുന്നതിനാല്‍ ശക്തമായ അടിത്തറയും വേണ്ടിവന്നു. ടൈലുകള്‍ പതിച്ച് മനോഹരമാക്കിയ സ്തൂപത്തിനു ചുറ്റും ചെറിയ പൂന്തോട്ടവും സജ്ജമാക്കി. പല നിറങ്ങളിലെ എല്‍.ഇ.ഡി വിളക്കുകളാല്‍ സ്തൂപം പ്രകാശപൂരിതമാക്കും. ഏത് പ്രതികൂല കാലാവസ്ഥയിലും നൂറുവര്‍ഷം നിലനില്‍ക്കുന്ന തരത്തിലാണ് സ്തൂപത്തിന്റെ നിര്‍മ്മാണം.

കൂടാതെ വിമാനത്താവളത്തിനു മുന്നില്‍ വലിയ ക്ലോക്ക്ടവറും പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് സജ്ജമാക്കുന്നുണ്ട്. കനകക്കുന്നിലേതു പോലെ ദേശീയപതാക വഹിക്കുന്ന വലിയ കൊടിമരവും വിമാനത്താവളത്തിനു മുന്നില്‍ സജ്ജമാക്കും. 100അടി ഉയരത്തിലെ കൊടിമരത്തിന് വിമാനത്താവള അതോറിട്ടി എന്‍.ഒ.സി നല്‍കി. ഈമാസം അവസാനത്തോടെ കൊടിമരം പൂര്‍ത്തിയാവും. എല്ലാസമയവും ദേശീയപതാക വഹിക്കുന്ന കൊടിമരമാണിത്.

Comments are closed.