DCBOOKS
Malayalam News Literature Website

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം; ട്വന്റി 20 കേരളത്തില്‍

t20അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുന്നു. ഡിസംബര്‍ 20 ന് ഇന്ത്യശ്രീലങ്ക ട്വന്റി-20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുന്നത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് അംഗീകാരം ലഭിച്ചത്.

ടെസ്റ്റ് മത്സരം തിരുവനന്തപുരത്തിന് ലഭിച്ചേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ സ്‌റ്റേഡിയം മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബിസിസിഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. ഗുവാഹത്തിയിലെ ബര്‍സപര സ്‌റ്റേഡിയത്തിനും ബിസിസിഐ പുതുതായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 മത്സരമാണ് ബര്‍സപര സ്‌റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്.

ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഇവയില്‍ ഒരു ട്വന്റി20 മത്സരമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യന്‍ സൂപ്പര്‍ ലീഗും നടക്കുന്നതിനാല്‍ കൊച്ചി സ്‌റ്റേഡിയം ലഭ്യമാകില്ല. ഇതോടെയാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കേരളത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര വേദിയായി ഉയര്‍ന്നിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തിന് മുന്‍പ് ഈ സീസണിലെ രഞ്ജി മത്സരങ്ങളും ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ബിസിസിഐയുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

Comments are closed.