DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ ഷെഹ്നായി നാദം ഉസ്താദ് ബിസ്മില്ലാ ഖാന്റെ ചരമവാര്‍ഷികം

mm
ഇന്ത്യയിലെ അറിയപ്പെടുന്ന ഷഹ്നായ് വിദ്വാനാണ് ഉസ്താദ് ബിസ്മില്ലാ ഖാന്‍. 1916 മാര്‍ച്ച് 21 ന് ബീഹാറില്‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍ എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതുമുതല്‍ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി.

അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിര്‍ഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോള്‍ ഒരു ഗാഢപ്രാര്‍ത്ഥനയായെങ്കില്‍ അത് മറ്റുചിലപ്പോള്‍ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയില്‍ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ തന്റെ രാഗങ്ങളില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹത്തിന്റെ സംഗീതത്തിലെ അരങ്ങേറ്റം കല്‍കത്തയില്‍ വെച്ച് 1924ല്‍ തന്റെ അമ്മാവന് അകമ്പടിയായി ആയിരുന്നു. അദ്ദേഹം 1937ഇല്‍ കല്‍കത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തില്‍ ഒറ്റക്ക് ഷെഹ്നായി വായിച്ച് സംഗീതലോകത്ത് ഓളങ്ങാള്‍ സൃഷ്ടിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രശസ്തി അപ്രതിരോധമായിരുന്നു.

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജം കലര്‍ന്നതാണ് ആ വാദനം. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ ഒരാളാണ് ബിസ്മില്ലാഖാന്‍.

ഇന്ത്യയില്‍ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ബിസ്മില്ലാഖാനാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം അദ്ദേഹം 90ആമത്തെ വയസ്സില്‍ 2006 ഓഗസ്റ്റ് 21ന് പുലര്‍ച്ചെ രണ്ടുമണിയോടെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയില്‍ വച്ച് അന്തരിച്ചു.

Comments are closed.