DCBOOKS
Malayalam News Literature Website

തിലകന്‍ അനുസ്മരണ നാടകോത്സവം 29 വരെ

അഭിനയകലയുടെ പൊരുന്തച്ചന്റെ ഓര്‍മ്മകളുമായി മുണ്ടക്കയത്ത് നാടകോത്സവത്തിന് തിരിതെളിഞ്ഞു. സി.എസ്.ഐ. പാരീഷ് ഹാളില്‍ സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി. ലളിത നാടകോത്സവം ഉദ്ഘാടനം ചെയ്തു. മലയാള സിനിമയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ നടനായിരുന്നു തിലകന്‍. പിണക്കങ്ങളും ഇണക്കങ്ങളും ചേര്‍ന്നതായിരുന്നു തങ്ങള്‍ തമ്മിലുള്ള ബന്ധം. ഭൂമിയുള്ള കാലത്തോളം നടന്‍ തിലകനെ മലയാള സിനിമ ഓര്‍ത്തുവെയ്ക്കുമെന്നും കെ.പി.എ.സി. ലളിത പറഞ്ഞു. പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. ഷോബി തിലകന്‍ മുഖ്യപ്രഭാഷണം നടത്തി. നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, കെ.ജെ. തോമസ്, കെ.എസ്. രാജു, പി.കെ. സുധീര്‍, ബിന്ദു രവീന്ദ്രന്‍, ടി.എസ്. കൃഷ്ണകുമാര്‍, ജോളി ഡൊമിനിക്, ലീലാമ്മ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. അനശ്വര നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘പാട്ടോര്‍മ്മ’ ഗാനസന്ധ്യയും നടന്നു.

ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷമാണ് നാടകം നടക്കുക. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നവോത്ഥാന ചരിത്രത്തില്‍ നാടകങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സേവ്യര്‍ പുല്‍പ്പാട്ട് പ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകീട്ട് 6.00 കെ.പി.എ.സിയുടെ നാടകം– ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’.

26ന് വൈകീട്ട് അഞ്ചിന് പ്രതിഭാസംഗമം നാടക പ്രവര്‍ത്തകന്‍ മുസ്തഫ ഉദ്ഘാടനം ചെയ്യും. 27ന് വൈകീട്ട് അഞ്ചിന് മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. 26ന് രണ്ട് നാടകങ്ങള്‍. 6ന് ‘മത്സ്യ ഗന്ധി’, 7ന് ‘ചില്ലറ സമരം’. 27ന് വൈകീട്ട് ആറിന് –’വെയില്‍’. 28ന് 6ന് ‘ഒരു ദേശം നുണ പറയുന്നു.’ വൈകീട്ട് അഞ്ചിന് കേരള ചരിത്രം നാടകഗാനങ്ങളിലൂടെ എന്ന വിഷയത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. 29ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 6.30ന് നാടകം ‘കരുണ’.

നടന്‍ തിലകന്റെ അനുസ്മരണത്തിന്റെ ഭാഗമായി സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും തിലകന്‍ അനുസ്മരണ സമിതിയും ചേര്‍ന്നാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 29 വരെ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്‌.

Comments are closed.