DCBOOKS
Malayalam News Literature Website

നൊബേല്‍ ജേതാവ് കസുവോ ഇഷിഗുറോയുടെ നോവല്‍ The Remains of the Day മലയാളത്തില്‍

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ അടുത്തയാഴ്ച  പുറത്തിറങ്ങും.’ദിവസത്തിന്റെ ശേഷിപ്പുകള്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ‘ലൈല സൈന്‍’ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷത്തോളമായി നോവലിന്റെ പരിഭാഷ നടന്നുവരുകയായിരുന്നു. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

1989ലാണ് ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’ പ്രസിദ്ധീകരിക്കുന്നത്. ഇഷിഗുറോയെ പ്രശസ്തനാക്കിയതും ഈ നോവലാണ്. ഈ നോവലിന് മാന്‍ ബുക്കര്‍ പ്രൈസും (1989) ലഭിച്ചിരുന്നു. ഈ കൃതി സിനിമയാക്കിയപ്പോള്‍ വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

1954 നവംബര്‍ എട്ടിന് ജപ്പാനിലാണ് കസുവോയുടെ ജനനം. കസുവോയ്ക്ക് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേയ്ക്ക് കുടിയേറി.  2015ല്‍ പ്രസിദ്ധീകരിച്ച ‘The Buried Giant’ ആണ് ഏറ്റവും ഒടുവില്‍ ഏഴുതിയ നോവല്‍. എങ്ങനെയാണ് ഓര്‍മ്മകള്‍ വിസ്മൃതികളുമായും ചരിത്രം വര്‍ത്തമാനവുമായും ഭ്രമകല്‍പ്പനകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ബറീഡ് ജയന്റ്. ഏറെ ശ്രദ്ധേയമായ മറ്റൊരു കൃതി ‘Never Let Me Go‘ (2005) അല്‍പ്പം സയന്‍സ് ഫിക്ഷന്റെ സ്വഭാവമുള്ളതായിരുന്നു.

എട്ട് പുസ്തകങ്ങള്‍ രചിച്ച  ഇഷിഗുറോ സിനിമകള്‍ക്കും ടിവി പരമ്പരകള്‍ക്കും വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്‌.

Comments are closed.