DCBOOKS
Malayalam News Literature Website

മെര്‍സലിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്‌നി ആളിപടരുന്നു; സ്വാമി സന്ദീപാനന്ദ ഗിരി

വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ നിരവധിപേരാണ് പിന്‍തുണയുമായി രംഗത്തെത്തുന്നത്. എഴുത്തുകാരന്‍ ബെന്യാമിനു പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയും വിജയ് ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മെര്‍സലിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്‌നി ആളിപടരുമെന്ന് ഭരണകൂടം ഭയക്കുന്നുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു.

സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍ ഒരു അഗ്‌നി വിജയ് കൊളുത്തി വെക്കുന്നുണ്ട്. ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്. ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നും സ്വാമി പറയുന്നു. സുഹൃത്തിനൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

പാലക്കാട് സുഹൃത്ത് സജീഷ് ചന്ദ്രനൊപ്പം ഇന്ന് മെര്‍സല്‍ കണ്ടു!
വിജയ് ആരാധകരെ ആനന്ദിപ്പിക്കുകയും ഒപ്പം ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് സിനിമ. ആകെ മൊത്തം ടോട്ടല്‍ സിനിമയെക്കുറിച്ച് പറഞ്ഞാല്‍, ബ്രസീല്‍ അര്‍ജന്റ്റീന ഫുട്‌ബോള്‍ മത്സരം കണ്ട പ്രതീതി. ഒരു മേജര്‍രവി പടം പോലെയല്ല. മറിച്ച് തൃശൂര്‍പൂരം വെടിക്കെട്ട്‌പോലെയാണ് മെര്‍സല്‍. മേജര്‍ ഒരുക്കുന്ന വെടിക്കെട്ട് പലപ്പോഴും മൈനറിലാണല്ലോ അവസാനിക്കുന്നത്,മാത്രവുമല്ല ചില അമിട്ടുകള്‍ പൊട്ടാറുമില്ല.
വിജയ് തന്റെ ആരാധകര്‍ക്ക് വേണ്ടത് കൃത്യമായ അളവില്‍ നല്കിയിട്ടുണ്ട്, ആയതിനാല്‍ വിജയ് ആരാധകര്‍ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയില്‍ കാര്യമാക്കാതെ പൂര്‍ണ്ണതൃപ്തരായാണ് തിയേറ്റര്‍ വിട്ട് ഇറങ്ങിപോകുന്നത്.എന്തുകൊണ്ടായിരിക്കാം ഭാജ്പാ സിനിമയെ ഭയക്കുന്നത്?
ഭയന്നില്ലങ്കിലേ അല്‍ഭുതപ്പെടാനുള്ളൂ.

സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍, ഉമിത്തീപോലെ അവന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും,നോട്ട് നിരോധനവും,മെഡിക്കല്‍ കോഴയും,കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്‌നി വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നുണ്ട്, ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്.

ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നതിലാണ്.

Comments are closed.