DCBOOKS
Malayalam News Literature Website

ബംഗാളില്‍ ടഗോറും വിവേകാനന്ദനും സത്യജിത് റേയും ഒഴിച്ചുകൂടാനാവാത്ത ചുമരലങ്കാരങ്ങളാണ്. പക്ഷേ എം. ടി…

MTകൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ ഓക്‌സ്‌ഫോര്‍ഡ് ബുക്ക് സ്‌റ്റോറില്‍ ബംഗാളിയിലെയും മറ്റു ഭാഷകളിലെയും പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം എം ടിയുടെ ഫോട്ടോ കൂടി കണ്ടപ്പോൾ സുസ്മേഷ് ചന്ദ്രോത്തിന് അദ്ഭുതമല്ല അഭിമാനമാണ് തോന്നിയത്. ഫേസ്ബുക് പോസ്റ്റിലാണ് സുസ്മേഷ് തന്റെ അഭിമാനം പങ്കുവച്ചത്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് എം ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍. എം ടിയുടെ ചിത്രം കൊല്‍ക്കത്തയിലെ ഒരു പുസ്തകശാലയില്‍ കണ്ടതിന്റെ സന്തോഷവും അഭിമാനവും പങ്കു വയ്ക്കുകയാണ് എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്.

സുസ്മേഷിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക്

ഇന്നലെ കൊല്‍ക്കത്തയിലെ, പാര്‍ക്ക് സ്ട്രീറ്റിലുള്ള ഓക്‌സ്‌ഫോഡ് ബുക്ക് സ്‌റ്റോറില്‍ പോയി. ഇടക്കിടെ പോകുന്ന സ്ഥലമാണെങ്കിലും മുകളിലുള്ള കഫേറ്റീരിയയില്‍ ഇരിക്കാറുണ്ടായിരുന്നില്ല. പുതിയ പുസ്തകങ്ങള്‍ നോക്കിനടക്കുക.. മറിച്ചുനോക്കുക.. വാങ്ങാന്‍ താല്‍പര്യം തോന്നുന്നത് വാങ്ങുക.. കേരളത്തിലുള്ളപ്പോഴും ഒരാവശ്യവുമില്ലാതെ പുസ്തക്കടയില്‍ ചെല്ലും. പുസ്തകങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ മാത്രം. ഇന്നലെ ഓക്‌സ്‌ഫോഡിന്റെ മുകളിലത്തെ നിലയിലേക്കുള്ള പടികള്‍ കയറി. ചെറിയ വട്ടമേശകള്‍ക്കരികില്‍ കാപ്പി കുടിച്ചിരിക്കുന്നവരും പുസ്തകം വായിച്ചിരിക്കുന്നവരും. അവിടെ എന്നെ എതിരേറ്റത് ചുമരുകളില്‍ പതിച്ചിട്ടുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ്. ബംഗാളിലെയും മറ്റ് ഭാഷകളിലേയും പ്രമുഖ എഴുത്തുകാരുടെ കൂട്ടത്തില്‍ എം. ടി വാസുദേവന്‍ നായരുടെ ചിത്രവും വച്ചിട്ടുണ്ടായിരുന്നു. അതിനുതാഴെയായി സത്യജിത് റേ ക്യാമറയിലൂടെ നോക്കുന്ന പടവുമുണ്ട്. ബംഗാളില്‍ ടഗോറും വിവേകാനന്ദനും സത്യജിത് റേയും ഒഴിച്ചുകൂടാനാവാത്ത ചുമരലങ്കാരങ്ങള്‍ കൂടിയാണ്. പക്ഷേ എം. ടി…?

അത്ഭുതമല്ല, അഭിമാനമാണ് തോന്നിയത്.

Comments are closed.