DCBOOKS
Malayalam News Literature Website

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

supreemസ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ ഭാഗമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ചരിത്ര പ്രധാനമായ വിധി.

സ്വകാര്യത അവകാശം മൗലിക അവകാശമല്ലെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 1954 സ്വകാര്യത മൗലിക അവകാശമല്ലെന്ന് എട്ടംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. സ്വകാര്യത പരമമായ അധികാരമായി കണക്കാക്കാന്‍ ആകില്ലെന്ന് വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ എങ്ങനെ നിറവേറ്റാനാകുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു. ഈ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാകും ആധാറിന്റെ ഭരണഘടന സാധുത സംബന്ധിച്ച കേസില്‍ സുപ്രീംകോടതി തീരുമാനമെടുക്കുക.

ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചത്. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിനു വിടുകയായിരുന്നു.സ്വകാര്യത മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്നാണ് ഒമ്പതംഗ ബെഞ്ച് പരിശോധിച്ചത്.

ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, ആര്‍.എഫ്. നരിമാന്‍, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

Comments are closed.