DCBOOKS
Malayalam News Literature Website

തോന്നിയതുപോലെ ജീവിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യം; സുഗതകുമാരി

sugatha

തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നും, വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്ക് കൗണ്‍സലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്നും കവയിത്രി സുഗതകുമാരി. തിരുവനന്തപുരത്ത് ‘അമ്മ അറിയാന്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.

വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞു വന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി. സുഖലോലുപതയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ അതിനൊപ്പം നീന്തുകയാണെന്ന് സുഗതകുമാരി പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന പുരുഷന്‍ കുടുംബത്തിലോ അയല്‍പക്കത്തോ ഉണ്ടെങ്കില്‍ അമ്മമാരുടെ കണ്ണ് പെണ്‍കുട്ടികളിലുണ്ടാവണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

സാമൂഹ്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികള്‍ക്ക് കിട്ടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ധ്യക്ഷതവഹിച്ച മേയര്‍ വി.കെ. പ്രശാന്ത് ,സ്മാര്‍ട്ട് ഫോണിലൂടെ ആര്‍ക്കും വീട്ടിലേക്ക് കടന്നുവരാവുന്ന രീതിയായെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഡി.ജി.പി ബി. സന്ധ്യ എന്നിവര്‍ പറഞ്ഞു. അനാവശ്യ സ്വാതന്ത്ര്യം അരാജകത്വ സ്വാതന്ത്ര്യമാണ്. സ്ത്രീകള്‍ക്ക് സ്വയം സുരക്ഷയൊരുക്കുന്നതിന് ആത്മവിശ്വാസം പകരുന്നതിനുള്ള സിലബസിന് പൊലീസ് രൂപം നല്‍കിയിട്ടുണ്ടെന്നും ബി സന്ധ്യ പറഞ്ഞു.

Comments are closed.