DCBOOKS
Malayalam News Literature Website

സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിനം എറണാകുളത്തിന്റെ മുന്നേറ്റം. ആദ്യദിനം 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവുമടക്കം 50 പോയിന്റുമാണു എറണാകുളം ഒന്നാം സ്ഥാനത്തുള്ളത്.

നാലു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവുമടക്കം 32 പോയിന്റുമായി പാലക്കാട് രണ്ടാമതും മൂന്ന് സ്വര്‍ണം, രണ്ടു വെള്ളി ആറു വെങ്കലവുമടക്കം 27 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. നിലവിലെ മൂന്നാം സ്ഥാനക്കാരായ കോഴിക്കോട് ഒരു സ്വര്‍ണവും ആറു വെള്ളിയും ഒരു വെങ്കലവുമടക്കം 24 പോയിന്റുമായി നാലാമതാണ്.

പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ മീറ്റ് റെക്കോഡോടെയാണ് അറുപത്തൊന്നാം സ്‌കൂള്‍ കായികോത്സവത്തിനു തുടക്കമായത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളിയുടെ പി.എന്‍. അജിത്താണ് ആദ്യ റെക്കോഡിന് അവകാശിയായത്.

തുടര്‍ന്നു ഒരു ദേശീയ റെക്കോഡിനും മൂന്നു മീറ്റ് റെക്കോഡിനും ട്രാക്ക് സാക്ഷ്യം വഹിച്ചു. ജൂണിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മാര്‍ ബേസിലിന്റെ അഭിഷേക് മാത്യു, ലോങ്ജമ്പില്‍ കെ.എം. ശ്രീകാന്ത്, ജാവലിന്‍ ത്രോയില്‍ നരേഷ് യാദവ് കൃപാല്‍ എന്നിവരാണ് റെക്കോഡിന് അവകാശികള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായി മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ അനുമോള്‍ തമ്പിയും താരമായി.

രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മേളയിലെ വേഗമേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്റര്‍ ഫൈനല്‍ ഉള്‍പ്പെടെ 24 ഫൈനലുകള്‍ക്ക് ഇന്ന് പാലാ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കും.

Comments are closed.