DCBOOKS
Malayalam News Literature Website

സോളാര്‍ കേസ്; സരിതയുടെ കത്ത് ചര്‍ച്ചയ്ക്ക് വയ്ക്കരുതെന്ന് കോടതി

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതി സരിത എസ് നായര്‍ എഴുതിയ കത്ത് മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി വിലക്ക്. റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ജനുവരി 15 ന് കോടതി വിശദമായ വാദം കേള്‍ക്കും.

നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചത്. മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ല. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. കമ്മീഷനെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ ഉയര്‍ത്തിയില്ലെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ആരാഞ്ഞു. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു.

സര്‍ക്കാരിന് വേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറലാണ് ഇന്ന് ഹാജരായത്. എജിക്ക് പകര്‍പ്പ് കിട്ടിയത് ഇന്നലെ രാവിലെ മാത്രമാണെന്നും സര്‍ക്കാരിന്റെ വാദം അവതരിപ്പിക്കാന്‍ സമയം കിട്ടിയില്ലെന്നും എഎജി ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യക്തിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതിനാല്‍ സമയം നീട്ടിനല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Comments are closed.