DCBOOKS
Malayalam News Literature Website

സാങ്കേതിക വിദ്യയുടെ അതിപ്രസരമുണ്ടെങ്കിലും എഴുത്തും വായനയും വര്‍ധിക്കുന്നു; ഷാര്‍ജ ഭരണാധികാരി

സാങ്കേതിക വിദ്യയുടെ അതിപ്രസരമുണ്ടെങ്കിലും എഴുത്തും വായനയും വര്‍ധിക്കുന്നുവെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായി ഷാര്‍ജയെ മാറ്റിയെടുത്തതില്‍ സ്വദേശികള്‍ നല്‍കിയതോളം സംഭാവന ഇവിടെയുള്ള വിദേശികളും നല്‍കിയിട്ടുണ്ട്. അതില്‍ ഞാന്‍ അഭിനന്ദിക്കുകയും ഇതിന് വഴിയൊരുക്കിയ സര്‍വശക്തനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ പറഞ്ഞു. ലോകത്താകമാനം സാംസ്‌കാരങ്ങളുടെ കൈമാറ്റം നടന്നുകൊണ്ടിരിക്കുന്നു. ലോകത്ത് നടക്കുന്ന എല്ലാ പ്രമുഖ പുസ്തകമേളയിലും ഷാര്‍ജയും പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ പുസ്തകത്തിലെ ലോകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്ന് മുപ്പതോളം എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സംബന്ധിക്കുന്നു. യുകെ ആണ് ഇത്തവണത്തെ അതിഥി രാജ്യം. പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, ചര്‍ച്ചകള്‍, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരനുമായി മുഖാമുഖം, കലാപരിപാടികള്‍, പാചകവേദി, പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി 11 വരെയും.
ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെയുമാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്.

Comments are closed.