DCBOOKS
Malayalam News Literature Website

ഷാര്‍ജ രാജ്യാന്തര ബാലചലച്ചിത്രോത്സവം ഒക്ടോബര്‍ 8 മുതല്‍ 13 വരെ

ഷാര്‍ജ രാജ്യാന്തര ബാലചലച്ചിത്രോത്സവം ഒക്ടോബര്‍ എട്ടുമുതല്‍ 13 വരെ നടക്കും. ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലും സഹാറ മാളിലെ നോവോ സിനിമയിലുമായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയില്‍നിന്നു നാലു ചിത്രങ്ങളുള്‍പ്പെടെ 31 രാജ്യങ്ങളില്‍നിന്നു 124 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യുഎഇ (45), യുഎസ്എ (33), ഫ്രാന്‍സ് (29) എന്നീ രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും അധികം ചിത്രങ്ങള്‍. ഇതില്‍ മിക്കവയുടെയും ആദ്യ പ്രദര്‍ശനമാണ്. വാള്‍ട്ട് ഡിസ്‌നി കലാകാരന്മാരുടെയും ഗെയിം ഓഫ് ത്രോണ്‍സ് വിഷ്വല്‍ ഇഫക്ട്‌സ് ടീമിന്റെയുമുള്‍പ്പെടെ 50 ശില്‍പശാലകള്‍ നടക്കും. രാജ്യാന്തര തലത്തിലുള്ള 70 സംവിധായകരെ ചുവന്ന പരവതാനി വിരിച്ച് ആദരിക്കും. മത്സരവിഭാഗങ്ങളില്‍ 19 പേരടങ്ങുന്ന ജൂറിയായിരിക്കും ചിത്രങ്ങള്‍ വിലയിരുത്തുക.

ഈ വര്‍ഷത്തെ ചലച്ചിത്രോത്സവം ഉന്നതനിലവാരം പുലര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായി ഫണ്‍, ചലച്ചിത്രോത്സവം ഡയറക്ടര്‍ ഷെയ്ഖ ജവാഹര്‍ ബിന്‍ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. ലോകത്തെ പ്രഗത്ഭരായ സംവിധായകരും മറ്റ് അണിയറ പ്രവര്‍ത്തകരും സംബന്ധിക്കുകയും തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഷാര്‍ജയില്‍നിന്നുള്‍പ്പെടെ യുഎഇയില്‍നിന്നുള്ള ചിത്രങ്ങളുടെ നിലവാരം രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

ഇപ്രാവശ്യം ഏഴു മത്സര വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക. ജിസിസിയില്‍നിന്നുള്ള മികച്ച ഹ്രസ്വചിത്രം, വിദ്യാര്‍ഥികള്‍ നിര്‍മിച്ച ചിത്രം, രാജ്യാന്തര ഹ്രസ്വചിത്രം, ആനിമേഷന്‍ ചിത്രം, ഡോക്യുമെന്ററി, ഫീച്ചര്‍ ചിത്രം, കുട്ടികള്‍ നിര്‍മിച്ച ചിത്രം എന്നിവയാണിത്. അല്‍ ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍, സഹാറാ മാളിലെ നോവോ സിനിമ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും രാവിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേകമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ ഭാഗമായി കല്‍ബ, ദിബ്ബ അല്‍ ഹിസ്ന്‍, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 15 മുതല്‍ 31 വരെയും അല്‍ തൈദ്, മദാം, ഹംരിയ, ബതായിയ എന്നിവിടങ്ങളില്‍ നവംബര്‍ അഞ്ചുമുതല്‍ 16 വരെയും ശില്‍പശാലകളും സംഘടിപ്പിക്കും.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അദ്ദേഹത്തിന്റെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സ് ചെയര്‍പഴ്‌സനുമായ ഷെയ്ഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി എന്നിവരുടെ നിര്‍ദേശാനുസരണം 2013ലാണ് ഷാര്‍ജ രാജ്യാന്തര ബാലചലച്ചിത്രോത്സവത്തിനു തുടക്കംകുറിച്ചത്.
ഏഴ് മത്സര വിഭാഗങ്ങള്‍

 

Comments are closed.