fbpx
DCBOOKS
Malayalam News Literature Website

എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..

മലയാള നോവല്‍ സാഹിത്യത്തില്‍ത്തന്നെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമായി വിലയിരുത്തുന്ന നോവലാണ് എം. സുകുമാരന്റെശേഷക്രിയ‘. ഒരു രാഷ്ട്രീയ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്ന അതിന്റെ പ്രമേയവും ആവിഷ്‌കാരവും നമ്മുടെ സാഹിത്യഭാവുകത്വത്തെത്തന്നെ നവീകരിക്കുന്ന ഒന്നായിരുന്നു. 2004-ലെ നോവല്‍ കാര്‍ണിവലില്‍ പത്യേക പതിപ്പായി പ്രസിദ്ധീകരിച്ച കൃതിയുടെ പുതിയ പതിപ്പാണിത്.

പുസ്തകത്തിന് പി കെ പോക്കര്‍ എഴുതിയ അവതാരികയില്‍ നിന്ന്;

കലാപത്തിന്റെ രാഷ്ട്രീയം

മുതലാളിത്തയുക്തിയെ ചോദ്യം ചെയ്യുന്ന ‘ആശ്രിതരുടെ ആകാശം’പോലുള്ള നോവലുകളും ചെറുകഥകളും രചിച്ച എം. സുകുമാരന്‍തന്നെയാണ് കമ്യൂണിസ്റ്റ്പാര്‍ട്ടിയെ വിമര്‍ശിക്കുന്ന, ‘ശേഷക്രിയ‘യും രചിച്ചിട്ടുള്ളത്. മുതലാളിത്തത്തിന്റെ അദൃശ്യമായ ഇടപെടലിന്റെ ഇരകളായിത്തീരുന്ന മനുഷ്യരെയാണ് ആശ്രിതരുടെ ആകാശം വരച്ചുകാണിക്കുന്നത്.മുതലാളിത്തത്തിന്റെ വികാസത്തോടൊപ്പം സഞ്ചരിക്കുകയും വഴിമദ്ധ്യേ അടിപതറി വീഴുകയും ചെയ്ത കഥാപാത്രത്തിലൂടെ മുതലാളിത്തവികാസത്തിന്റെ യുക്തിയെയാണ് കഥാകാരന്‍ ആശ്രിതരുടെ ആകാശത്തില്‍ ചോദ്യം ചെയ്യുന്നത്. കമ്പോളത്തിന്റെ വികാസവും ഉത്പാദന-വിതരണക്രമത്തിലുണ്ടാവുന്ന മാറ്റവും

ശേഷക്രിയ

എങ്ങനെ മനുഷ്യനെ നിസ്സഹായനാക്കിത്തീര്‍ക്കുന്നു എന്നതാണ് ഇവിടെ അന്വേഷണവിഷയം. എന്നാല്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ പരിഹസിക്കുന്ന നോവലാണ് ‘കുഞ്ഞാപ്പുവിന്റെ ദുഃസ്വപ്നങ്ങള്‍’. കുഞ്ഞാപ്പു മുഖ്യധാരയില്‍നിന്നും അകന്നും വേറിട്ടും ജീവിക്കുന്ന ഒരു പാവം മനുഷ്യനാണ്. ”എഡേയ്… നെന്റെ വയറു നെറയണേല്‍ ചവറുകൂനതന്നെ തപ്പണം. ആരു ജയിച്ചാലും നമുക്കൊന്നും രക്ഷയില്ലഡേ” (കുഞ്ഞാപ്പുവിന്റെ ദുഃസ്വപ്നങ്ങള്‍). രൂപപരമായ ജനാധിപത്യത്തിന്റെ (Formal Democracy) പൊള്ളത്തരം അനാവരണം ചെയ്യുമ്പോള്‍തന്നെ ജനാധിപത്യത്തിന്റെ സാദ്ധ്യതയെ പാടേ അവഗണിക്കുകയാണ് കഥാകാരന്‍.

ഒറ്റപ്പെട്ട വ്യക്തികളുടെ വിഹ്വലതകള്‍ മാത്രം ആവിഷ്‌കരിക്കുന്ന അസ്തിത്വവാദികളുടെ സമീപനംതന്നെയാണ് സുകുമാരന്‍ ഇവിടെ അവലംബിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും തോറ്റാലും കഷ്ടാല്‍കഷ്ടതരമായ ജീവിതം നയിക്കുന്ന കുഞ്ഞാപ്പുവിന് യാതൊന്നും നേടാനില്ലെന്നാണ് കഥാകാരന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. രൂപപരമായ ജനാധിപത്യത്തിന്റെ സാദ്ധ്യതയും അനിവാര്യതയും നമ്മെ ബോദ്ധ്യപ്പെടുത്തിയ അടിയന്തരാവസ്ഥപോലുള്ള സന്ദര്‍ഭങ്ങളും നാമിവിടെ ഓര്‍ക്കേണ്ടതുണ്ട്. എങ്കിലും പുതിയ പ്രഭാതത്തെ സംബന്ധിക്കുന്ന പ്രതീക്ഷകള്‍തന്നെയാണ് കഥാകാരനെ നിയന്ത്രിക്കുന്നത്.”ഇവിടെ സമത്വത്തിന്റെ വസന്തം വിടരുമെന്നും ജനതയുടെ ശത്രുവായ ഭരണകൂടം മങ്ങിമങ്ങി ഇല്ലാതാവുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആശിച്ച നാളുകള്‍. ആ പഴയ കാലം എനിക്കു നഷ്ടപ്പെട്ടുവെങ്കിലും ആ പഴയ ചിന്ത ഇന്നും എന്നില്‍ ആഴം തേടുന്നു. പാറയില്‍ കുത്തിത്തുളച്ചതിനാല്‍ വേരുകളുടെ മുന ഒടിഞ്ഞിട്ടുണ്ടാവുമോ? ഞാന്‍ സമാശ്വസിച്ചു. പഴയതിന്റെ മുന ഒടിയുമ്പോള്‍ പുതിയവ കൂര്‍ത്തുവരും. ഉണങ്ങിവരണ്ട ഉദരങ്ങളെച്ചൊല്ലി ഞാനിന്നും വിഹ്വലസ്വപ്നങ്ങള്‍ കാണുന്നു. കാലവും സാഹചര്യവും എന്നെ എന്തില്‍നിന്നെല്ലാമോ അകറ്റി. പക്ഷേ, ഞാനിപ്പോഴും ആ വസന്തഗര്‍ജ്ജനത്തിനായി ചെവിയോര്‍ത്തിരിക്കയാണ്. പുഷ്പങ്ങളില്‍നിന്നും വെടിമരുന്നിന്റെ ഗന്ധം പരക്കും. കുയിലുകള്‍ രാപകല്‍ ഭേദമെന്യേ സൗഹൃദഗീതങ്ങള്‍ പാടും. വന്യമൃഗങ്ങള്‍ക്ക് ചുണ്ടെലിയുടെ നേര്‍ത്ത ശബ്ദംപോലും പുറപ്പെടുവിക്കാന്‍ കഴിയാതെ വരും. അന്ന്….” (ചക്കുകാള).

വൈകാരികവും കാല്പനികവുമായ വിപ്ലവാവേശം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയാണ്. എന്നാല്‍ വര്‍ഗവൈരുദ്ധ്യങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ രൂപംകൊള്ളേണ്ട സാമൂഹികവിപ്ലവത്തെ സംബന്ധിക്കുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അപഗ്രഥനവുമായി ഇത് പൊരുത്തപ്പെടണമെന്നില്ല. അസ്തിത്വവാദ-മാര്‍ക്‌സിസ്റ്റുകള്‍ അതിരുകളില്ലാത്ത ലോകത്തിലാണ് അവരുടെ രചനകള്‍ക്ക് ഇടംകണ്ടത്. ”എന്റെ ചെറുപ്പത്തില്‍ കമ്യൂണിസം വൈകാരികമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ആ സ്വപ്നം കാല്പനികമായിരുന്നു. റഷ്യന്‍ നാവികന്മാര്‍ വിന്റര്‍പാലസിനുനേരേ കടല്‍പ്പീരങ്കി ഉന്നം പിടിച്ചത് ഈ നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കാല്പനികദൃശ്യം ആണ്.” (ഒ. വി. വിജയന്‍, ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാവി). വൈകാരികവും കാല്പനികവുമായ സ്വപ്നങ്ങളുടെ ശരി-തെറ്റ് വിശകലനം ചെയ്യാനല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ച് ആധുനിക മലയാളസാഹിത്യത്തെ നിയന്ത്രിച്ച പ്രത്യയശാസ്ത്ര
പരിസരം ആനാവരണം ചെയ്യുകയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന മാസികയുടെ പത്രാധിപരും തൊഴിലാളിസഖാവായ കുഞ്ഞയ്യപ്പനും തമ്മില്‍ തെറ്റിപ്പിരിയുകയും പാര്‍ട്ടിയില്‍നിന്ന് കുഞ്ഞാപ്പുവിന് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ‘ശേഷക്രിയ’യില്‍ എം. സുകുമാരന്‍ അവതരിപ്പിക്കുന്നത്. പത്രാധിപരോട് ഏറ്റുമുട്ടി പരാജയപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് കുഞ്ഞയ്യപ്പന്‍. പത്രാധിപരുടെ ആധിപത്യത്തോടുള്ള വിമര്‍ശനം മാത്രമല്ല കഥാകാരന്‍ നമ്മോടു പറയുന്നത്. പാര്‍ട്ടിഭരണഘടനയോടുള്ള പുച്ഛവും കഥാകാരന്‍ പ്രകടിപ്പിക്കുന്നുണ്ട്.
”കുഞ്ഞയ്യപ്പന്‍ നിസ്സാരഭാവത്തില്‍ രാമനാഥനോട് ചോദിച്ചു: ‘താന്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ടോ?’
പെട്ടെന്നായിരുന്നു അതിനുള്ള രാമനാഥന്റെ മറുപടി:’ ”അതെഴുതിയുണ്ടാക്കിയവര്‍ക്കുപോലും അപരിചിതമാണല്ലോ അതിലെ വരികള്‍’ (ശേഷക്രിയ).”

കുഞ്ഞയ്യപ്പനെ ഉപദേശിക്കുന്ന ഭാര്യയുടെ വാക്കുകളും രചയിതാവിന്റെ ആകുലത ബാധിച്ച ബോധഘടനയില്‍നിന്നുതന്നെ ബഹിര്‍ഗമിക്കുന്നതാണ്. ”കുന്നും കുഴിയുമുള്ള ഈ ഭൂമിയിലെന്നപോലെ മനുഷ്യര്‍ക്കിടയിലും ഉയര്‍ച്ചതാഴ്ചകളുണ്ട്. നിങ്ങളല്ല, ദൈവം വിചാരിച്ചാല്‍പോലും അതു നികത്താനാവില്ല. സമത്വമെന്ന മിഥ്യയില്‍ നിങ്ങള്‍ ഒരുനാള്‍ സ്വയം ഹോമിക്കപ്പെടും. തീര്‍ച്ച.” (ശേഷക്രിയ). സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംബന്ധിക്കുന്ന സന്ദേഹമാണ് ഇവിടെ രചയിതാവ് പ്രകാശിപ്പിക്കുന്നത്. ഒരു വശത്ത് കാല്പനികചിന്തയുടെ അമിതാവേശവും മറുപുറത്ത് സോഷ്യലിസത്തെയും വര്‍ഗസമരസിദ്ധാന്തത്തെയും അത് നടപ്പിലാക്കുന്ന സംഘടനയുടെ ഭരണഘടനയെയും സംബന്ധിക്കുന്ന സന്ദേഹവും കഥാകാരനെ പിന്തുടരുന്നു.

”ഈ കാലത്താണ്, തികച്ചും അപ്രതീക്ഷിതമായി പാര്‍ട്ടിപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കുഞ്ഞയ്യപ്പന്‍ കണ്ടത്. തീവ്രവാദവിഭാഗവുമായി കൂട്ടുകൂടിയതിന് കിട്ടുണ്ണിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരിക്കുന്നു. അതേ പത്രത്തില്‍ നാലാംപുറത്ത് മറ്റൊരു വാര്‍ത്തയും കുഞ്ഞയ്യപ്പന്‍ കണ്ടു. ഒരു ഭൂവുടമയെ സംഘം ചേര്‍ന്ന് ആക്രമിച്ചുകൊല്ലാന്‍ തുനിഞ്ഞതിന്റെ പേരില്‍ കിട്ടുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആ രാത്രിയില്‍ കുഞ്ഞയ്യപ്പന്‍ ഉറങ്ങിയില്ല” (ശേഷക്രിയ). മാവോയിസ്റ്റുകള്‍ രൂപംകൊടുത്ത തീവ്രവിപ്ലവപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവകാലമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് രൂപപ്പെടുന്ന ഉദ്യോഗസ്ഥമേധാവിത്വത്തോടുള്ള എതിര്‍പ്പും അതിനെതിരായി കുഞ്ഞയ്യപ്പന്‍ നടത്തുന്ന കലാപവും മാത്രമല്ല തീവ്രവിപ്ലവപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും അസ്തിത്വവാദ-ആധുനികതയുടെ വേലിയേറ്റവും നോവലിന്റെ ഘടനയില്‍ ഇടപെടുന്നുണ്ട്. തീര്‍ച്ചയായും വിപ്ലവപ്രസ്ഥാനങ്ങളുടെ അകത്തളങ്ങളില്‍ നടക്കുന്ന അനീതിയും ഉദ്യോഗസ്ഥദുഷ്
പ്രഭുത്വത്തിലേക്കുള്ള പാര്‍ട്ടിയുടെ വഴുതലും ചെറുക്കപ്പെടേണ്ടതാണ്. ”ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ കൂടാരങ്ങളില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ചേ മതിയാവൂ”(ശേഷക്രിയ).

”പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ചും പാര്‍ട്ടിസ്ഥാപനങ്ങളില്‍, എല്ലാവരും ബാദ്ധ്യതയുള്ള അംഗങ്ങളായിരിക്കേ, സാമ്പത്തിക അസമത്വം അവര്‍ക്കിടയില്‍ സ്വാഭാവികമായും അതൃപ്തിയുളവാക്കും” (ശേഷക്രിയ). എല്ലാ അസംതൃപ്തിക്കും പരിഹാരമായി കുഞ്ഞയ്യപ്പന്‍ ആത്മഹത്യയാണ് തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട് കുഞ്ഞയ്യപ്പന്‍ സ്വന്തം പാര്‍ട്ടി വിട്ട് പുതുതായി രൂപംകൊണ്ട കിട്ടുണ്ണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. വേണമെങ്കില്‍ കിട്ടുണ്ണിക്ക് അങ്ങനെ ചെയ്യാമായിരുന്നു. സമത്വസുന്ദരമായ ഒരു പ്രഭാതം പുലരുന്നതുവരെ പ്രവര്‍ത്തിക്കാനല്ല കുഞ്ഞയ്യപ്പന്‍ തീരുമാനിച്ചത്. മറിച്ച് ആത്മഹത്യയിലൂടെ രക്ഷനേടാനാണ്. ഇവിടെയാണ് രചയിതാവിന്റെ പ്രത്യയശാസ്ത്രപരിസരം രചയിതാവിന്റെ ഇച്ഛയെപ്പോലും മറികടക്കുന്ന സന്ദര്‍ഭം പ്രത്യക്ഷപ്പെടുന്നത്. സുകുമാരന്റെ താത്പര്യമാണ് ഇവിടെ പ്രകടിപ്പിക്കപ്പെടുന്നത്. രചയിതാവിന് ഏറ്റവും പ്രിയപ്പെട്ട തത്ത്വചിന്ത ഏതാണെന്ന് തിരിച്ചറിയുമ്പോള്‍ രചനയില്‍ നിഗൂഹനം ചെയ്യപ്പെട്ട സന്ദിഗ്ദ്ധതയുടെ സൂക്ഷ്മപാരായണത്തിലേക്ക് അല്പം വെളിച്ചം ലഭിക്കുന്നതാണ്.

 

 

Comments are closed.