DCBOOKS
Malayalam News Literature Website

ലത മങ്കേഷ്‌കറുടെ ജന്മദിനം

പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ലത മങ്കേഷ്‌കര്‍ 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ചു. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ലത. ഹേമ എന്നായിരുന്നു അവരുടെ ആദ്യ നാമം. പിതാവില്‍നിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി.

അച്ഛന്‍ മരിച്ചതോടെ ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളര്‍ന്നു. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലെ ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാല്‍ ഈ ഗാനം സിനിമയില്‍ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷം തന്നെ ലത, പാഹിലി മംഗളഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു. 1943ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ആലപിച്ചു.

ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. 1999ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

 

Comments are closed.