DCBOOKS
Malayalam News Literature Website

തിലകന്റെ ചരമവാര്‍ഷികദിനം

പ്രസിദ്ധ ചലച്ചിത്ര നടനായിരുന്ന തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്‍ 1935 ജൂലായ് 15ന് ജനിച്ചു. മുണ്ടക്കയം സിഎംഎസ് സ്‌കൂള്‍, കോട്ടയം എംഡിസെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്താളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973ലാണ് തിലകന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകന്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2006ലെ ദേശീയചലച്ചിത്രപുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം തിലകനു ലഭിച്ചു. 2009ലെ പത്മശ്രീ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2012 സെപ്റ്റംബര്‍ 24ന് അദ്ദേഹം അന്തരിച്ചു.

 

 

 

Comments are closed.