fbpx
DCBOOKS
Malayalam News Literature Website

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്…,

sebastian-chulli

മലയാളത്തിന്റെ ക്ഷുഭിത യൗവ്വനമായ ബാലചന്ദ്രന്‍ ചുള്ളികാടുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയസൗന്ദര്യത്തെക്കുറിച്ചും എഴുത്തുകാരനായ സെബാസ്റ്റ്യന്‍ എഴുതുന്നു.

‘വസന്തം വരികയും തൃണങ്ങള്‍ താനെ തളിര്‍ക്കുകയും ചെയ്യുന്നു’

ജീവിതത്തിന്റെ മദ്ധ്യാഹ്നസൂര്യന്‍ കത്തിജ്ജ്വലിക്കുന്നു. ഇനിയും നടന്നെത്തുവാന്‍ അധികം ദൂരങ്ങളില്ല. ഉറക്കമായിരുന്നു. ഉണര്‍ന്നുകൊണ്ട് ഇക്കാലമത്രയും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉണര്‍ച്ചയില്‍ പറഞ്ഞ അസംബന്ധ സ്വരങ്ങളിലും ജീവിതത്തിന്റെ സര്‍വ്വത്ര കോണുകളിലും വലിയ നിഴലായി പ്രാര്‍ത്ഥനയായി, നിന്റെ രൂപം. ഉള്ളില്‍നിന്നും ബാഹ്യരൂപത്തില്‍നിന്നും, ബാല്യം മാഞ്ഞുപോകാത്ത കൗമാരത്തിലെ ഏതോ ഒരു വെയിലില്‍ അന്നേ പൊള്ളിമുളച്ച് തളിര്‍ത്തുവരുന്ന കവിതയുടെ ഭൂമിയ്ക്കു മുന്നില്‍, വൃക്ഷത്തിനു മുന്നില്‍, ആകാശത്തിനു മുന്നില്‍ കവിതയുടെ മത്തുപിടിപ്പിച്ച പ്രഭാപൂരത്തില്‍, സൗന്ദര്യത്തില്‍, ഗാംഭീര്യത്തില്‍ വെട്ടിത്തിളങ്ങി പ്രത്യക്ഷനായ ജ്യേഷ്ഠകവി. അതെന്റെ ബാല്യകൗമാര മിഴികളെ അന്ധമാക്കി. അന്നേവരെ സഞ്ചരിച്ചിരുന്ന അക്ഷരങ്ങളുടെ നൂല്‍പ്പാലത്തില്‍നിന്നും തള്ളിയിട്ട് അഹംബോധത്തെ നശിപ്പിച്ചു. കാണുന്നതിനുമുമ്പേ കവിത കെട്ടിമുറുക്കിയിരുന്നു. കണ്ടപ്പോള്‍ ശോഷിച്ച ശരീരത്തില്‍ പ്രകാശമുള്ള കണ്ണുകളുള്ള ഒരാള്‍ കൗമാരക്കാരന്‍ കവി, ബീഡിക്കറയില്‍ ചുണ്ടുകള്‍, മുഖത്തു നോക്കുവാന്‍ ഞാന്‍ മുഖമുയര്‍ത്തിയില്ല. അതിരില്ലാത്ത അനന്തമാകുന്ന, അതിവിശാലമാകുന്ന സമുദ്രത്തിനു മുന്നിലെ കേവലമൊരു മഴതുള്ളിയായിരുന്നു ഞാന്‍. തീപ്പന്തംപോലുള്ള ആ കണ്ണുകള്‍ എന്നെ സൂക്ഷ്മം നോക്കി. പൊടുന്നനെ ഞാന്‍ അപ്രത്യക്ഷനായി ആ സമുദ്രത്തിലേക്ക്.

ആ അപ്രത്യക്ഷമാകലിലൂടെയാണ് ഞാന്‍ വെളിച്ചത്തിലേക്ക് ഉയര്‍ക്കപ്പെട്ടത്. ‘ഇതെന്റെ രക്തമാണ്, ഇതെന്റെ മാംസമാണ്. ഇതെടുത്തുകൊള്ളുക എന്ന് ആ അനന്തത പറഞ്ഞു. രക്തപങ്കിലമായ കൈപ്പത്തികള്‍, പിളര്‍ക്കപ്പെട്ട മാറ്, കാല്‍മുട്ടുകളിലെ ക്ഷതം, മുള്‍ക്കിരീടമണിഞ്ഞ തീനാളമുള്ള ഒരു കാവ്യഹൃദയം എല്ലാം വിലകൊടുക്കാതെതന്നെ എനിക്കു തന്നു. കവിതയോടുള്ള അടങ്ങാത്ത പ്രേമം സൗന്ദര്യബോധത്തിന്റെ മലീമസമായ തെരുവ്. ധൈഷണികതയുടെ വീഞ്ഞ്. ഞാനവശ്യപ്പെടുന്നതിനുമുമ്പുതന്നെ നല്‍കി. ആ നിമിഷംമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ആ മഹാ പ്രളയത്തിന്റെ അലകളിലൂടെ ഒരു മെയ്‌വഴക്കക്കാരനെപ്പോലെ യാത്ര ചെയ്യാന്‍ അവന്റെ ഓരോ കവിതാപ്രഹരത്തിലും കൂടുതല്‍ കൂടുതല്‍ കൃതജ്ഞത അനുഭവിക്കുന്ന ഒരു ചെറുപ്രതിരൂപമായി മാറുവാന്‍. എന്തൊരു വരദാനമെന്ന് അന്നേ ഹൃദയത്തോട് ചരാചരങ്ങള്‍ പറഞ്ഞു. വിലകൊടുത്തു വാങ്ങുവാന്‍ കഴിയുമോ ഇത്. ഒരു മാര്‍ഗ്ഗവുമില്ല. അത്രമാത്രം അമൂല്യമായ വിലമതിക്കാന്‍ കഴിയാത്ത ഒരു സൗഹൃദത്തെ എനിക്ക് ലഭിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിലെ ‘ബോധി’ എന്ന സച്ചി മാഷിന്റെ വീട്. എണ്‍പതുകള്‍ ആദ്യം. തെറ്റിയോടുന്ന എല്ലാ വണ്ടികളുടെയും താവളമായിരുന്നു അത്. എന്റെ വണ്ടിയും തെറ്റിത്തുടങ്ങിയതിനാല്‍ ഞാനും സച്ചിമാഷിന്റെ വീട്ടിലെ നിത്യസന്ദര്‍ശകന്‍. ബാലചന്ദ്രന്‍ എന്ന വണ്ടി നേരത്തെ തന്നെ അവിടെ.

അദ്ദേഹത്തിന്റെ വീട്ടില്‍ ഇരുന്ന് ബീഡിപ്പുകയുടെ മായികവലയത്തില്‍ ഞങ്ങള്‍ക്കു മുന്നില്‍ ‘യാത്രാമൊഴി…’. അത്ഭുതസ്തംബ്ധനായി കൗമാര വ്യഥയോടെ മനുഷ്യജീവിതത്തിന്റെ എല്ലാ വിശാലതയിലേക്കും എന്റെ ഹൃദയത്തെ കൊത്തിവലിച്ച് ഒരുകാരുണ്യവുമില്ലാതെ കൊണ്ടുപോവുകയായിരുന്നു ഈ കവി. ആ ശബ്ദം, ഭാവം, മുഖം, കണ്ണുകള്‍, പതുക്കെപ്പതുക്കെ ഒടുവില്‍ യാതൊന്നും അവശേഷിപ്പിക്കാതെ ഒന്നുമില്ലായ്മയായി എന്നെ കശക്കി എറിയുകയായിരുന്നു. തലച്ചോറിലെ ഒരു പെരുപ്പം വിളിച്ചുപറയുകയായിരുന്നു അതിരുകളില്ല. സമുദ്രത്തിന് അതിരുകളുണ്ട്. ഈ മനുഷ്യന് അതിരുകളില്ല എന്ന്.

ഓട്ടമായിരുന്നു പിന്നെ. ‘പതിനെട്ട് കവിത’കളുടെ ആദ്യപതിപ്പായ നോട്ടുബുക്കില്‍നിന്ന് ഓടിയത് ബാലചന്ദ്രനല്ല. കുറച്ചെഴുതി വളരെ വലിയ വടവൃക്ഷമായി മാറുവാനുള്ള തപസ്സിലായിരുന്നു ഇയാള്‍. ആ ശബ്ദം കേരളത്തിലെ എല്ലാ കാവ്യാസ്വാദകരുടെയും സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചു. അവരാണ് ഓടിയത്. ഈ കവിതകള്‍ക്കൊപ്പം കവിക്കൊപ്പം ശബ്ദ സൗകുമാര്യതയല്ല, യഥാര്‍ത്ഥ കവിതകളുടെ ഭാവം. അനുഭവം പകരുകയായിരുന്നു അയാള്‍. ഓരോ വ്യക്തിയും അയാളുടെ സ്വന്തം സത്യം കണ്ടെത്തേണ്ടതുണ്ട്. ബാലചന്ദ്രന്റെ പരമമായ സത്യങ്ങളായിരുന്നു ആ കവിതകള്‍.

ബുദ്ധന്‍ പറയുന്നു ‘നിശ്ശബ്ദമായിരിക്കവേ യാതൊന്നും ചെയ്യാതിരിക്കവേ വസന്തം വരികയും തൃണങ്ങള്‍ താനെ തളിര്‍ക്കുകയും ചെയ്യുന്നു’
ബാലചന്ദ്ര സാന്നിദ്ധ്യത്തിന്റെ ബാധയേറ്റതില്‍പിന്നെ യാതൊന്നും ചെയ്യാതെ കേവലം നിശ്ശബ്ദനായിരിക്കുകയേ ഞാന്‍ ചെയ്തുള്ളൂ. എല്ലാ മഹാകവികളും, കവിതകളും, പതിനായിരം സര്‍പ്പങ്ങള്‍പോലെ ദേഹം മുഴുവന്‍ ചുറ്റിവരിഞ്ഞ് മുറുക്കിയപ്പോള്‍ ഒരു സര്‍പ്പത്തിന്റെ ഫണംമാത്രം എന്റെ കേള്‍വിക്കരികെ വന്ന് സൂക്ഷ്മം പറഞ്ഞ മൂക ശബ്ദം! അതായിരുന്നു. ഹൃദയത്തിന്റെ അന്തരാത്മാവില്‍ വിഷംപുരട്ടി മനഃപാഠമാക്കിത്തന്നത്.

മറ്റെല്ലാ കവിതകളെക്കാളും ലക്ഷോപലക്ഷം സിരകള്‍ ഊരിമാറ്റി കൂടുമാറ്റിയത് ബാലചന്ദ്രന്റെ വരികളുടെ നൂല്‍പ്പാമ്പുകളായിരുന്നു. ആ സര്‍പ്പങ്ങള്‍ പറഞ്ഞു; കവിതയുടെ പരമോന്നത രൂപം പ്രേമമാകുന്നു. യഥാര്‍ത്ഥ കവി കവിത രചിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അങ്ങനെ ചെയ്യാം. ചെയ്യാതിരിക്കാം. പക്ഷേ അയാളുടെ ജീവിതം വളരെ വര്‍ണാഭമായിരിക്കും. അയാളുടെ ജീവിതത്തിന് ഒരു അനുപാത ഭംഗിയുണ്ടായിരിക്കും. ഒരു സന്തുലനം.

അയാള്‍ തന്നെയായിരിക്കും അയാളുടെ കവിത. ബാലചന്ദ്രനാണ് അദ്ദേഹമെഴുതിയ കവിതകള്‍. ആ കവിതകള്‍ തന്നെയാണ് ബാലചന്ദ്രന്‍. മത്തുപിടിപ്പിച്ച കാവ്യതലച്ചോറേ, നിന്നെ ഞാന്‍ ഭക്ഷിച്ചു. അതെനിക്ക് പുതുമാനം നല്‍കി. കൂടുതല്‍ സൗന്ദര്യോന്മുഖനാക്കി. അത് നക്ഷത്രങ്ങളെക്കുറിച്ചും പുഷ്പങ്ങളെക്കുറിച്ചും ബോധവാനാക്കി. മരങ്ങളില്‍ കാണുന്ന പച്ചയേയും ചുവപ്പിനെയും മഞ്ഞയെയുംകുറിച്ച് ബോധവാനാക്കി. സര്‍വ്വോപരി മനുഷ്യനെക്കുറിച്ച് ബോധവാനാക്കി.

അപാരമായ പ്രതിഭാസമേ എന്ന് ഞാന്‍ അലറി ആ കവിതകളിലൂടെ ഓടി. ബോധക്ഷയത്തില്‍നിന്നും മുക്തനായി ഉണരുമ്പോള്‍ കണ്ടു; രണ്ടു കരങ്ങളും തോളിലിടാവുന്നത്രയും സ്വാതന്ത്ര്യം നല്‍കി രണ്ടുപേര്‍; ബാലചന്ദ്രനും വിജയലക്ഷ്മിയും. എന്റെ ഇടതും വലതും. രണ്ടു മഹാനദികള്‍ക്കിടയിലെ ചെറിയ മണ്‍തിട്ടയായി ഞാന്‍. രണ്ടുപേരും എന്റെ മുഴുവന്‍ ശ്വാസമാവുകയായിരുന്നു.
എന്റെ ‘കവിയുത്തരത്തില്‍’ രണ്ടുപേരും അവതാരിക എഴുതുക. ‘കണ്ണിലെഴുതാന്‍’ രണ്ടുപേരുംകൂടി പ്രകാശനം ചെയ്യുക. എന്റെ ചൊല്ലല്‍ കവിതകളുടെ അവതാരകനാകുക. എല്ലാ സങ്കടങ്ങളിലും സന്താപങ്ങളിലും സന്തോഷങ്ങളിലും രണ്ടുപേരും അഭയവും ആശ്വാസവുമാകുക. അവരുടെ സന്തോഷങ്ങളില്‍, സന്താപങ്ങളില്‍, സ്വന്തം രക്തത്തോടെന്നപോലെ എന്നെയും ചേര്‍ക്കുക.
രണ്ടുപേരും എന്നോടുപറഞ്ഞ സ്വരമുത്തുകള്‍ പെറുക്കി കൂട്ടിവെച്ച് സൂക്ഷിച്ചിരുന്നെങ്കില്‍ എത്രയോ വലിയ കല്‍ഭരണികള്‍ നിറച്ചുവയ്ക്കാമായിരുന്നു. അത് മഴകളും ഗ്രീഷ്മങ്ങളും വസന്തങ്ങളും ഹേമന്തങ്ങളുമായിരുന്നു. കൗമാരംമുതല്‍ ഈ ജീവിത മദ്ധ്യാഹ്നംവരെ എല്ലാ ഋതുക്കളുമായി രൂപാന്തരപ്പെട്ട് രണ്ടുപേരും ഇപ്പോഴും ഈ നിമിഷങ്ങളിലും എന്നെ തൊട്ടുകൊണ്ടിരിക്കുന്നു.

കലൂരിലെ ജേര്‍ണലിസ്റ്റ് കോളനിയിലെ കൊച്ചു മുറിമുതല്‍ ഇടപ്പള്ളിയിലെ ‘ഗയ’ വരെ നിരന്തര സന്ദര്‍ശകനായി ഞാന്‍. എന്റെ ഭവനത്തിന്റെ അകത്തളങ്ങള്‍ ബാലചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും അകത്തളങ്ങളായി.
സാമ്യപ്പെടുത്താന്‍ പറ്റാത്ത ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ ഞാനിവിടെ കുറിക്കുന്നില്ല. എത്ര വിശദീകരിച്ചാലും അത് ചെറുതായിപോകും. സ്ഥാനമാനങ്ങള്‍ക്കും അധികാരങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കുംവേണ്ടിയോടുന്ന ഞാനടക്കമുള്ള കവികള്‍ക്കിടയില്‍ ഈ വലിയ കവിയെ ഏതിനോട്, എന്തിനോട്, എങ്ങിനെ ഉപമിക്കും. ആന്തരികതയില്‍ സംഭവിക്കുന്ന യഥാര്‍ത്ഥ അറിവിന്റെ പര്യായമാണ് ഈ കവി. ചിന്താരഹിതമായ ഇടങ്ങളിലൂടെ കടന്നുവരുന്ന ജ്ഞാനത്തിന്റെ കാറ്റ്. സദസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി മുഴുവനായി പിടിച്ചടക്കുന്ന വാഗ്മി. ആ തലച്ചോറില്‍ സേവ് ചെയ്തുവെച്ചിട്ടുള്ള ജ്ഞാനം കേള്‍വിക്കാരന്റെ ശൂന്യമായ ഹൃദയത്തെ പരിശുദ്ധവും മാലിന്യ വിമുക്തവുമാക്കി; ആന്തരികസ്രോതസ്സുകളെ പ്രവാഹക്ഷമമാക്കുന്നു…..

ഓരോരോ ഇതളുകള്‍ വിടര്‍ന്നുവിടര്‍ന്നു വരികയാണ് ഇതു കുറിക്കുമ്പോള്‍. പറയൂ പറയൂ എന്ന് ആനന്ദസ്വരം പുറപ്പെടുവിച്ചുകൊണ്ട്. ഒന്നറിയാം; കൗമാരത്തിന്റെ ആദ്യ നാളുകളില്‍ ആ ചാരെ ചേര്‍ന്നിരിക്കുമ്പോള്‍ എന്നെ കൊത്തിയെടുത്ത ആ കണ്ണുകള്‍, കവിതകള്‍ – ഇപ്പോഴും ചേര്‍ത്തുപിടിച്ച്…. നിര്‍വചനാതീതമായ സ്‌നേഹത്തിന്റെ അനുഭവം. വാക്കുകള്‍ എങ്ങിനെയൊക്കെ കൂട്ടിച്ചേര്‍ത്താലും ആ സ്‌നേഹഭാവത്തെ എന്റെ അനുഭവത്തെ, പൂര്‍ണ്ണമായി വിവരിക്കാന്‍ ആവുകയില്ല. അതിന്റെ ആഴവും പരപ്പും തിട്ടപ്പെടുത്തുവാന്‍ കഴിയുകയുമില്ല. ശ്രേഷ്ഠമായ ആ കാവ്യവഴികള്‍ എനിക്ക് സമ്മാനിച്ച ഉത്തമമായ സൗഹൃദം എന്നെ അനുഭവിപ്പിച്ച ആ പവിത്രതയെ മരണത്തോളവും അനശ്വരമായ അനുബന്ധ ജീവിതത്തോളവും ഞാന്‍ കൊണ്ടുപോകട്ടെ.

Comments are closed.