DCBOOKS
Malayalam News Literature Website

സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്

suharaaസമകാലിക മലയാളം വാരികയുടെ അഞ്ചാമത് സാമൂഹിക സേവന പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും നിസ എന്ന സ്ത്രീപക്ഷ സംഘടനാ സ്ഥാപകയുമായ വി പി സുഹ്‌റയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രമുഖ സാഹിത്യകാരി ഗ്രേസി, സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ ഹമീദ്‌ ചേന്ദമംഗലൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പനങ്ങാട് എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. നാല് പതിറ്റാണ്ടായി വി പി സുഹ്‌റ കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ പൊതുവെയും മലബാറിലെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും നടത്തി വരുന്ന ഇടപെടലുകള്‍ സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

നിരവധി പരിമിതികള്‍ക്കുള്ളിലായിരുന്നു സുഹ്‌റ. അവയെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അവര്‍ പൊരുതിയത്. ആ പോരാട്ടത്തിനിടയില്‍ അവര്‍ സമുദായത്തിലും കുടുംബത്തിലും പോലും ഒറ്റപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായി. മതത്തിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ മതത്തിനുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളും പരിഷ്‌കരണ ശ്രമങ്ങളും ഉണ്ടാകണമെന്ന നിലപാട് പരസ്യമായി പറയുകയും ആ ചെറുത്തുനില്‍പ്പിനെ അവര്‍ നയിക്കുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്തിനെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുകൂടി കാണാന്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് സുഹ്‌റ പറയുന്നു. പക്ഷേ മതത്തിനെതിരേ ആയിരുന്നില്ല അവരുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ വി പി സുഹ്‌റ മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് വരുത്താന്‍ വ്യാപക ശ്രമങ്ങളുണ്ടായി. കോടതിയില്‍ വരെ അത് ഹര്‍ജിയായി എത്തി. പക്ഷേ കോടതി ആ ഹര്‍ജി തള്ളുകയാണുണ്ടായത്.

2013 മുതലാണ് സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. സെപ്റ്റംബറില്‍ കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ സമ്മാനിക്കും.

പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തക റസിയാ ബാനു, ഇടുക്കി മുരിക്കാശേരിയിലെ വി സി രാജു ( സ്‌നഹഭവനം), പട്ടാമ്പിയിലെ കൃഷ്ണന്‍ പള്ളത്ത് (അഭയം), മേലുകാല് മുട്ടത്തെ സജിനി മാത്യൂസ് (സ്‌നേഹിഭവന്‍) എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സാമൂഹിക സേവന പുരസ്‌കാരം നല്‍കിയത്.

 

Comments are closed.