DCBOOKS
Malayalam News Literature Website

WCC യില്‍ ആര്‍ക്കും അംഗത്വം നിഷേധിച്ചിട്ടില്ല; സജിതാ മഠത്തില്‍

sajithaവിമന്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയ്‌ക്കെതിരായി നടി ലക്ഷ്മിപ്രിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നടി സജിത മഠത്തില്‍. ലക്ഷിപ്രിയയുടെ ആരോപണങ്ങള്‍ ശരിയാണ് എന്നാല്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ മനപ്പൂര്‍വ്വം അംഗത്വം നിഷേധിക്കില്ലെന്ന് സജിത മഠത്തില്‍ വ്യക്തമാക്കി. സംഘടനയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അംഗത്വം വിതരണം ചെയ്യും . രജിസ്‌ട്രേഷന്‍ നടിപടികള്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ പൂര്‍ത്തിയാകുമെന്നും അതിനു ശേഷം അംഗത്വ പ്രചരണം ആരംഭിക്കുമെന്നും സജിത പറഞ്ഞു.

സംഘടനയുടെ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവര്‍ക്കും അതില്‍ അംഗങ്ങളാകാന്‍ സാധിക്കും. മനപ്പൂര്‍വ്വം ആരെയും ഒഴിവാക്കില്ല. അംഗത്വം ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നും സജിത പറഞ്ഞു. 20 പേര്‍ അംഗങ്ങളായുള്ള ഒരു വര്‍ക്കിങ് ഗ്രൂപ്പ് ആണ് നിലവില്‍ സംഘടനാ രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് ഇങ്ങനെയൊരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശക്തമായത്. നിലവില്‍ പത്മപ്രിയയും രേവതിയും അടക്കമുള്ളവര്‍ സംഘടനയുടെ പിന്നിലുണ്ട്. നിയമപരമായ നടപടികള്‍ സ്വീകരിച്ച ശേഷം അത് ജനങ്ങളെ അറിയിക്കാന്‍ ഒരു മാധ്യമമെന്ന നിലയിലാണ് തങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തുന്നതെന്നും സജിത മഠത്തില്‍ പറഞ്ഞു.

ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തനിക്കറിയില്ലെന്നും വനിതാകൂട്ടായ്മയുടെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും മറ്റും മാധ്യമങ്ങളിലൂടെയാണ് താനറിയുന്നെന്നുമാണ് ലക്ഷ്മിപ്രിയ കഴിഞ്ഞദിവസം പറഞ്ഞത്. താന്‍ മാത്രമല്ല ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും അറിയുന്നത് അത്തരത്തില്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ പത്തോ ഇരുപതോ പേര്‍ മാത്രമാണ് വനിതാകൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. മുതിര്‍ന്നവരടക്കം ഇരുനൂറിലേറെ പേര്‍ ചലച്ചിത്രമേഖലയില്‍ വനിതകളായിട്ടുണ്ട്. ഇവരെ ആരെയും സംഘടനയില്‍ അംഗമാകണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപച്ചതായി തനിക്കറിയില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

Comments are closed.