DCBOOKS
Malayalam News Literature Website

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്‌റ്റേറ്റില്‍

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഹാരിസണ്‍ കമ്പനി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റ ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കും. ഇതിനായി 2263ഏക്കര്‍ ഏറ്റെടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ ദൂരമാണ് ശബരിമലയിലേക്കുള്ളത്. ആറന്മുളയിലാണ് നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നതെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്താന്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ നിയോഗിച്ചത്. സമിതിയാണ് ഈ ഭൂമി ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഹാരിസണ്‍ ഭൂമി വിറ്റെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2005 ലാണ് ഹാരിസണ്‍ ഗ്രൂപ്പിന്റെ കൈവശമായിരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഗ്രൂപ്പ് അനധികൃതമായി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റത്. കോട്ടയം ജില്ലയിലെ മണിമല എരുമേലി താലൂക്കുകളിലായി പെടുന്ന ചെറുവള്ളി എസ്‌റ്റേറ്റിലെ 2254 ഏക്കര്‍ സ്ഥലമാണ് വിറ്റത്. വനഭൂമിയായതിനാല്‍ പാട്ട വ്യവസ്ഥ ലംഘിച്ചാണ് വില്‍പന നടന്നതെന്നും ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ നിലനില്‍ക്കുന്നതല്ലെന്നും റവന്യൂവകുപ്പ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല ഈ ഭൂമിയുടെ പോക്കുവരവും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Comments are closed.