DCBOOKS
Malayalam News Literature Website

പാഠപുസ്തകങ്ങളില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യപ്പെട്ട് ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ്

textbooks

പാഠപുസ്തകങ്ങളില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യപ്പെട്ട് ആര്‍എസ്എസിന്റെ കീഴിലുള്ള സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ് എന്‍സിഇആര്‍ടിയ്ക്ക് കത്തയച്ചു. അഞ്ച് പേജുള്ള പട്ടിക പ്രകാരം നൊബേല്‍ സമ്മാന ജേതാവായ രവീന്ദ്ര നാഥ് ടാഗോര്‍, പ്രശസ്ത കവി മിര്‍സാ ഗാലിബ്, വിപ്ലവകവി പാഷ്, വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ എന്നിവരെ പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കേണ്ടവയാണെന്ന് അവര്‍ ആവശ്യപ്പെട്ടു.

പുസ്തകങ്ങളില്‍ അടിസ്ഥാനരഹിതവും പക്ഷപാതിത്വപരവുമായ ഭാഗങ്ങളുണ്ടെന്ന് സംഘടനയുടെ സെക്രട്ടറിയും മുതിര്‍ന്ന ആര്‍എസ്എസ് നേതാവുമായ അതുല്‍ കോത്താരി പറഞ്ഞു.പാഠഭാഗങ്ങളില്‍ ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിക്കാനുള്ള ശ്രമമുണ്ട്. അതോടൊപ്പം പ്രീണനവുമുണ്ട്. കലാപങ്ങളെക്കുറിച്ച് പഠിപ്പിച്ച് കുട്ടികളെ എങ്ങനെയാണ് പ്രചോദിപ്പിക്കാന്‍ കഴിയുക? വീരചരിത്രങ്ങള്‍ക്കും ശിവജിയെയും മഹാറാണാ പ്രതാപിനെയും വിവേകാനന്ദനെയും സുഭാഷ് ചന്ദ്ര ബോസിനെയും പോലുള്ള മഹത് വ്യക്തിത്വങ്ങള്‍ക്കും സ്ഥാനമില്ലെന്നും അതുല്‍ കോത്താരി പറഞ്ഞു.

കത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍;

 • നിര്‍ദ്ദേശിച്ചിട്ടുള്ള ഇംഗ്ലീഷ്, ഉറുദു, അറബിക് വാക്കുകള്‍ ഒഴിവാക്കണം.
  വിപ്ലവകവി പാഷിന്റെ കവിത വേണ്ട.
 •  മിര്‍സ ഗാലിബിന്റെ കവിതാശകലം എടുത്ത് മാറ്റണം.
 • രബീന്ദ്രനാഥ് ടാഗോറിന്റെ ചിന്തകള്‍ പാഠഭാഗത്ത് ഉണ്ടാകാന്‍ പാടില്ല.
 • എംഎഫ് ഹുസൈന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉണ്ടാകരുത്.
 • മുഗള്‍ ഭരണാധികാരികള്‍ കാരുണ്യവാന്‍മാരായിരുന്നു എന്ന ഭാഗത്തിന്റെ സാധുത പരിശോധിക്കണം. ബിജെപി ഹിന്ദു പാര്‍ട്ടിയാണെന്ന രീതിയിലുള്ള പരാമര്‍ശം മാറ്റണം.
 • നാഷണല്‍ കോണ്‍ഫറന്‍സ് മതേതരപാര്‍ട്ടിയാണെന്ന വിശേഷണം വേണ്ട.
  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 1984ലെ സിഖ് കലാപത്തില്‍ മാപ്പപേക്ഷിച്ചു എന്ന ഭാഗം എടുത്തുമാറ്റണം.
 • ഗുജറാത്ത് കലാപത്തില്‍ 2,000ഓളം മുസ്ലീമുകള്‍ കൊല്ലപ്പെട്ടെന്ന ഭാഗം ഒഴിവാക്കണം.
 • 11ാം ക്ലാസിലെ രാഷ്ട്രമീമാംസ പുസ്തകത്തില്‍ 1984ല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടിയെന്ന് കാണിക്കുന്നുണ്ട്. പക്ഷെ 1977ലെ തെരഞ്ഞെടുപ്പ് ഫലം വിശദമാക്കുന്നില്ല. അത് ഉള്‍പെടുത്തണം.
 • 12ാം ക്ലാസിലെ രാഷ്ട്രമീമാംസ പുസ്തകത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മതേതര സംഘടനയാണെന്നുണ്ട്. ഈ ഭാഗം വേണ്ട.

ഇതേ ആവശ്യവുമായി മുമ്പും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ എകെ രാമാനുജന്റെ ‘മുന്നൂറ് രാമായണങ്ങള്‍’ എന്ന ലേഖനത്തിനെതിരെ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ പ്രചാരണം നടത്തിയിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഡിഗ്രി പാഠപുസ്തകത്തില്‍ നിന്നും ലേഖനം നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. പാഠ്യപദ്ധതിയില്‍ നിന്ന് പിന്നീട് രാമാനുജന്റെ ലേഖനം നീക്കേണ്ടി വന്നു. വെന്‍ഡി ഡോണിഗറുടെ ‘ദ ഹിന്ദൂസ്’ എന്ന പുസ്‌കം ഇന്ത്യയില്‍ വിറ്റഴിക്കരുതെന്നാവശ്യപ്പെട്ട് സംഘടന കോടതിയെ സമീപിച്ചിരുന്നു. പുസ്തകത്തിന്റെ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന് ഹിന്ദൂസ് വിതരണം ചെയ്യുന്നത് നിര്‍ത്തേണ്ടി വന്നു.

2014ല്‍ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസയുടെ തലവന്‍ ദിനനാഥ് ബത്രയെഴുതിയ ആറ് പുസ്‌കങ്ങള്‍ ഗുജറാത്തിലെ ആയിരക്കണക്കിന് സ്‌കൂളുകളില്‍ വിതരണം ചെയ്തിരുന്നു. പാഠ്യപദ്ധതിയില്‍ അനുബന്ധ ഭാഗങ്ങളായാണ് പുസ്തകം ഉള്‍പെടുത്തിയിരുന്നത്. ഭാരതത്തില്‍ പ്രാചീന കാലഘട്ടത്തില്‍ തന്നെ കാറുകള്‍ കണ്ടെത്തിയിരുന്നെന്ന് പുസ്തകത്തിലുണ്ടായിരുന്നു. കുട്ടികളോട് പാകിസ്താനും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും ഉള്‍പെടുത്തി ഇന്ത്യയുടെ ചിത്രം വരയ്ക്കാനും പുസ്തകം നിര്‍ദ്ദേശം നല്‍കി.

Comments are closed.